ആശുപത്രിമാലിന്യം പാടശേഖരത്തിൽ തള്ളാൻ ശ്രമം

മറവൻതുരുത്ത് : മറവൻതുരുത്ത് പഞ്ചായത്ത് പത്താം വാർഡിലെ പാടശേഖരത്തിൽ രാത്രിയുടെ മറവിൽ തള്ളാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ മൂഴിക്കൽ വായനശാലയ്ക്ക് സമീപത്താണ് സംഭവം. കടൂക്കര മൂഴിക്കൽ സ്വദേശി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി.
എറണാകുളം ഭാഗത്തുനിന്നും കൊണ്ടുവന്ന ആശുപത്രി മാലിന്യം മൂഴിക്കൽ പ്രദേശത്തെ എറണാകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള പാടശേഖരത്തിൽ തള്ളാനാണ് ഇയാൾ ശ്രമിച്ചത്. ഇതിനു മുൻപും നിരവധിതവണ ഇയാൾ ഈ പാടശേഖരത്തിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.ഒരുതവണ പഞ്ചായത്തും ആരോഗ്യവകുപ്പും നേരിട്ട് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.നാളുകൾക്കു മുമ്പ് ഇയാൾക്കെതിരേ വീണ്ടും പരാതി ഉയർന്നു. മേലിൽ ഇതാവർത്തിക്കില്ല എന്ന് പഞ്ചായത്തിന് എഴുതി നൽകിയാണ് അന്ന് കേസിൽനിന്നും ഒഴിവായത്.
ഉദയനാപുരം തേനാമിറ്റം ഭാഗത്ത് വാഹനത്തിലെത്തിക്കുന്ന മാലിന്യം അവിടെനിന്ന് വലിയവള്ളത്തിൽ മൂവാറ്റുപുഴയാറിലൂടെ ഇക്കരെ എത്തിച്ച് മൂഴിക്കൽ തോട് വഴി കൊണ്ടുവന്നാണ് പാടശേഖരത്തിൽ തള്ളിയിരുന്നത്.ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന കൈയുറകളും മറ്റ് ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും കാന്റീൻ ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവയാണ് വള്ളത്തിൽ കൊണ്ടുവന്നത്. പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, ബിന്ദു പ്രദീപ്, മുൻ പഞ്ചായത്തംഗം ഇ.പി. സന്തോഷ്, പ്രദേശവാസികളായ അശോകൻ, അജി, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യക്കടത്ത് തടയുകയും പ്രതിയെ പോലീസിന് കൈമാറുകയും ചെയ്തത്.
മാലിന്യവും അത് കടത്താൻ ഉപയോഗിച്ച വള്ളവും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.