ഉദ്ഘാടനം കഴിഞ്ഞ് എട്ടുമാസം; സബ് ട്രഷറി ഇപ്പോഴും പഴയകെട്ടിടത്തിൽ

മുണ്ടക്കയം : ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം പിന്നിട്ടിട്ടും മുണ്ടക്കയം സബ് ട്രഷറിയുടെ പ്രവർത്തനം പഴയകെട്ടിടത്തിൽതന്നെ.

1.75 കോടി രൂപ മുടക്കിയാണ് രണ്ടുനിലകളായി 2700 ചതുരശ്ര അടിയിൽ സബ് ട്രഷറിക്കായി കെട്ടിടം നിർമിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 26ന് ഉദ്ഘാടനവും നടത്തി. ഇതുവരെ പ്രവർത്തനം മാറ്റാത്തത് ഇടപാടുകാർക്ക് തെല്ലൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കുന്നത്. കൂട്ടിക്കൽ റോഡിലെ വാടക കെട്ടിടത്തിന്റെ മുകൾനിലയിലാണ് ഇപ്പോൾ ട്രഷറിയുടെ പ്രവർത്തനം. ഇതാകട്ടെ അസൗകര്യങ്ങളുടെ നടുവിലും.

മുകൾനിലയിൽ കയറി പെൻഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് എത്തുക പ്രായമുള്ളവർക്ക് വലിയബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സർവീസ് സംഘടനകളുടെ ഏറനാളത്തെ ആവശ്യങ്ങൾക്കുശേഷം മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയകെട്ടിടത്തിന്റെ നിർമാണ പൂർത്തിയാക്കി എട്ടുമാസംമുൻപ് ഉദ്ഘാടനം നടത്തി.

എന്നാൽ ഇവിടേക്ക് ഓഫീസ് മാറ്റി പ്രവർത്തിക്കുവാൻ ഫർണിച്ചറുകളും ഫയലുകളും കമ്പ്യൂട്ടറുകളും അടക്കം മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

ഇതിന് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർനടപടികൾ വൈകുന്നതുമൂലം പുതിയകെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കൽ അനന്തമായി നീളുകയാണ്. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗീകൃത ഏജൻസിയാണ് ഇത്തരത്തിൽ ടെൻഡർ നൽകേണ്ടത്. വസ്തുക്കളുടെ തൂക്കം അനുസരിച്ച് ആനുപാതികമായ തുകയാണ് സർക്കാർ നിശ്ചയിക്കുന്നത്. ഈ തുക അപര്യാപ്തമായതാണ് ടെൻഡർ നടപടി വൈകുന്നത്.

ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും കെടുകാര്യസ്ഥത മൂലമാണ് തുടർനടപടികൾ വൈകുന്നതെന്നും പരാതിയുണ്ട്.

പുതിയകെട്ടിടത്തിൽ ജല അതോറിറ്റിയുടെ കണക്ഷൻ ലഭിക്കാത്തതായിരുന്നു ആദ്യത്തെ തടസ്സമായി നിലനിന്നത്. ഇത് പരിഹരിക്കപ്പെട്ടു.

ഇപ്പോൾ കെട്ടിടത്തിന്റെ പരിസരം കാടുകയറിത്തുടങ്ങി.

അടിയന്തരമായി ഇടപെടണം

:പ്രായാധിക്യവും അനാരോഗ്യവും അലട്ടുന്നവരാണ് പെൻഷൻ വാങ്ങുവാൻ കെട്ടിടത്തിലെ പടിക്കെട്ട് കയറി ട്രഷറിയിൽ എത്തുന്നത്. പുതിയകെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിക്കാത്തത് പ്രതിഷേധാർഹമാണ്. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾക്ക് പെൻഷനേഴ്സ് സംഘടന പരാതി നൽകിയിട്ടുണ്ട്.

ജെ.ജോൺ, കെ.എസ്.എസ്.പി.എ. യൂണിറ്റ് പ്രസിഡൻറ്