യുവാവിനെ പോലീസ് മർദിച്ചെന്ന് ആരോപണം; പോലീസ് സ്റ്റേഷൻ മാർച്ച്

ഈരാറ്റുപേട്ട : പൂഞ്ഞാർ തെക്കേക്കര പൂവത്തുങ്കൽ അഭിലാഷിനെ മർദിച്ച പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.യു.എസ്.എസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. എം.ഇ.എസ്. ജങ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. ആദിവാസി സമൂഹത്തിന് ജോലിചെയ്ത് ജീവിക്കാനുള്ള സാഹചര്യമില്ലെന്ന് സംഘടന സംസ്ഥാന ജോയിന്റ് സെക്രട്ടറി പുഷ്പരാജൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ദിവാകരൻ, പെരുങ്ങുളം ബ്രാഞ്ച് പ്രസിഡന്റ് ജനേഷ് കൃഷ്ണൻ, ഇടക്കര ഊരുമൂപ്പൻ ചന്ദ്രൻ പൂവത്തുങ്കൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലിന്റ് അരീപ്ലാക്കൽ, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അക്ഷയ് ഹരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, വാർഡ് അംഗം സജി സിബി എന്നിവർ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു.
പോലീസ് സ്റ്റേഷനിലെത്തിയ എസ്.സി. പ്രൊമോട്ടർ ജിഷ്ണു തങ്കച്ചൻ കാണുന്നത് ക്ഷീണിതനായ അഭിലാഷിനെയാണ്. ചെയ്യാത്ത കാര്യത്തിനാണ് തന്നെ തല്ലിയതെന്ന് അഭിലാഷ് പറഞ്ഞു. പിന്നീട് തന്റെ കൂടെ വിട്ടെങ്കിലും സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ തന്നെ വയ്യെന്നു പറഞ്ഞു. ഉടൻ പാലായിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അടിസ്ഥാനരഹിതം - ഡിവൈ.എസ്.പി.
പൂഞ്ഞാറിലുണ്ടായ മണ്ണിടിച്ചിലിൽ നാശംസംഭവിച്ച വൈദ്യുതിത്തൂണിലെ കമ്പികൾ നഷ്ടപ്പെട്ടതു സംഭവിച്ച് കേസെടുത്തിരുന്നു. കമ്പികൾ മോഷണംപോയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭിലാഷിന് അറിയാമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ വിളിച്ചുകൊണ്ടുവരുന്നതിനാണ് വീട്ടിൽ ചെന്നത്. ഡാൻസാഫ് ടീം അംഗങ്ങളാണ് ചെന്നത്. പൂഞ്ഞാറിന് സമീപമെത്തിയപ്പോൾ എസ്.ഐ. എത്തി അഭിലാഷിനെ കൈപ്പറ്റി. തുടർന്ന് മെഡിക്കലെടുക്കുകയും സ്റ്റേറ്റ്മെന്റ് എടുക്കുകയുംചെയ്തശേഷം എസ്.സി. പ്രൊമോട്ടർ ജിഷ്ണു തങ്കച്ചനൊപ്പം വിട്ടയച്ചു. പിന്നീടാണ് മർദിച്ചെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉണ്ടായത്.