റോഡരികിൽ മുൾച്ചെടികൾ, അടഞ്ഞ കലുങ്കുകൾ വാഗമൺയാത്ര ദുരിതം

ഈരാറ്റുപേട്ട : വാഗമൺ റോഡിലേക്ക് പടർന്നുകിടക്കുന്ന മുൾച്ചെടികളും കാലങ്ങളായി തുറക്കാത്ത അടഞ്ഞ കലുങ്കുകളും യാത്ര ദുരിതമാക്കുന്നു. കല്ലംമുതൽ കാരികാട് വരെയുള്ള സ്ഥലങ്ങളിലാണ് ഇഞ്ചമുള്ള് ഉൾപ്പെടെ പടർന്ന് വളരുന്നത്. കഴിഞ്ഞ ദിവസം കാരികാടിനു സമീപം റോഡരികിലേക്ക് ചാഞ്ഞുനിൽക്കുന്ന മുൾച്ചെടിയിൽ തട്ടി യുവാവിന്റെ കൈക്ക് പരിക്കേറ്റിരുന്നു. മാവടി സ്വദേശി ജിന്നിയുടെ കൈവിരലാണ് ഇഞ്ചമുള്ളിൽ തട്ടി മുറിഞ്ഞത്. അതിവേഗത്തിൽ എതിർദിശയിൽനിന്ന് മറ്റൊരു വാഹനം പാഞ്ഞുവരുന്നതുകണ്ട് സ്‌കൂട്ടർ റോഡരികിലേക്ക് മാറ്റിയപ്പോൾ കൈയിൽ മുള്ള് കോർത്തുവലിക്കുകയായിരുന്നു. സ്‌കൂട്ടർ റോഡിൽനിന്ന് ഇറക്കിയിട്ടില്ലെന്ന് ജിന്നി പറഞ്ഞു.
വാഗമൺ റോഡിൽ പലയിടത്തും ഇത്തരത്തിൽ മുൾച്ചെടികളും മരച്ചില്ലകളും കമ്പും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്നുണ്ട്. റോഡിന്റെ പലഭാഗവും ഇടിഞ്ഞുപോയതിനാൽ വാഹനങ്ങൾ പലപ്പോഴും തെറ്റായ ദിശയിൽക്കൂടി കയറിവരുകയുംചെയ്യുന്നു. റോഡിന്റെ അടിത്തറയിടിഞ്ഞ് പോയിടത്ത് ടാർ വീപ്പവെച്ച് ഗതാഗതം ഒറ്റവരിയായി നിയന്ത്രിക്കുകയാണ് ചെയ്തിട്ടുള്ളത്.
മുന്നോട്ടുപോകുമ്പോൾ റോഡ് ഇടിഞ്ഞതാണെന്നോ സൂക്ഷിച്ച് പോകണമെന്നോ കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ വെച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ വരുന്ന വാഹനങ്ങൾ ഇതുമൂലം അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. മുൾച്ചെടികൾ വെട്ടിമാറ്റുകയും അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തേണ്ടതുമുണ്ട്.
വാഗമൺ റോഡിൽ മുൻവർഷങ്ങളിൽ പെയ്ത മഴയെ തുടർന്ന് മണ്ണും ചെളിയും കല്ലുകളുംവീണ് അടഞ്ഞുപോയ കലുങ്കുകൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.
വേലത്തുശേരി, തുമ്പശേരി, ഒറ്റയീട്ടി എന്നിവയുൾപ്പെടെ തീക്കോയി മുതൽ വാഗമൺ വരെയുള്ള പല ഭാഗങ്ങളിലും കലുങ്കുകൾ അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം കനത്തമഴയിൽ മലമുകളിൽ നിന്നു ഒഴുകിവരുന്ന വെള്ളവും ചെളിയും റോഡിലൂടെ പരന്ന് ഒഴുകുകയാണ്. ഇത് സമീപത്തെ വീടുകളിലേക്കും പറമ്പുകളിലേക്കും ശക്തിയായി ഒഴുകുകയാണ്. ഇത് റോഡരികിൽ താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്ക് ഭീഷണിയാണ്.