കൊടുങ്ങൂർ കവലയുടെ കുരുക്കഴിയുമോ...

ഗതാഗതക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ
കൊടുങ്ങൂർ : ദേശീയപാതയിലെ തിരക്കേറിയ ജങ്ഷനാണ് കൊടുങ്ങൂർ. കവലയിൽ ഒരു ബസ് നിർത്തിയാൽ ഒരുഭാഗത്തെ ഗതാഗതം തടസ്സപ്പെടും. രണ്ട് ബസുകൾ നിർത്തിയാൽ ഗതാഗതം പൂർണമായും സ്തംഭിക്കും. ഇതിനിടയിലേക്ക് പാലാ, മണിമല, കൊടുങ്ങൂർ ക്ഷേത്രം എന്നീ റോഡുകളിൽനിന്ന് വാഹനങ്ങളെത്തുമ്പോൾ കവല ആകെ കുരുക്കിലാകും.
കുരുക്കിനൊപ്പം അപകടങ്ങളും പതിവാണ്. യാതൊരു ക്രമീകരണവുമില്ലാത്തതിനാൽ തോന്നുംപോലെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനിടയിലൂടെ വേണം യാത്രക്കാർ സഞ്ചരിക്കാൻ. തിരക്കേറുമ്പോൾ റോഡിന് കുറുകെകടക്കാൻപോലും പ്രയാസമാണ്.
സ്കൂൾ- കോളേജ് വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് കവലയിൽ ബസ് കയറാനെത്തുന്നത്. കോട്ടയം ഭാഗത്തേക്ക് പോകുന്നവർക്ക് ഒരു കാത്തിരിപ്പുകേന്ദ്രംപോലുമില്ല. മറ്റുകവലകളെ അപേക്ഷിച്ച് വീതികുറഞ്ഞ ഭാഗമാണിവിടം. വാഹനം പാർക്കുചെയ്യാൻപോലും സ്ഥലമില്ലാത്തതിനാൽ കടകളിലിറങ്ങാൻ പോലും ആളുകൾ മടിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
സിഗ്നൽ സംവിധാനം വേണം
പാലാ റോഡും കവലയും ചേരുന്ന ഭാഗത്ത് സിഗ്നൽ സംവിധാനം സ്ഥാപിച്ചാൽ നന്നായിരിക്കും. നിയന്ത്രണമില്ലാതെ വാഹനങ്ങൾ എത്തുന്നതാണ് പ്രശ്നം. അല്ലാതെ മറ്റൊരു പരിഹാരവുമില്ല.
- പി.എസ്. സന്തോഷ്
പ്രദേശവാസി
ബസ് ബേ നിർമിക്കണം
വീതിയില്ലാത്ത കവലയിൽ ബസ് നിർത്തുമ്പോഴാണ് ഗതാഗതം സ്തംഭിക്കുന്നത്. നിലവിൽ പഞ്ചായത്ത് വക പഴയ കെട്ടിടം പൊളിച്ചസ്ഥലത്ത് ഒരു ബസ് ബേ നിർമിച്ചാൽ കവലയിലെ തിരക്ക് ഒരുപരിധിവരെ കുറയ്ക്കാം. പാലാ ഭാഗത്തേക്കുള്ള ബസ് റോഡിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കാം.
- രാജൻ കുമ്പുക്കൽ
വ്യാപാരി
വേണ്ടത് ശാശ്വത പരിഹാരം
ശാശ്വത പരിഹാരം അനിവാര്യമാണ്. ഓരോ ദിവസവും തിരക്കുകൂടി വരുന്നു. ഒരു ഓട്ടോ നിർത്തിയാൽ പോലും ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയാണ്. മറ്റ് റോഡുകളിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാൻ വളരെ പ്രയാസമാണ്.
- ബാബു വൈരമല
ഓട്ടോഡ്രൈവർ, കൊടുങ്ങൂർ.