വി.ബി.ജി.-റാംജി പദ്ധതിയിൽ മെല്ലെപ്പോക്ക് തൊഴിൽ ഉറപ്പില്ല

കോട്ടയം : തൊഴിൽദിനങ്ങളുടെ കുറവും നെറ്റ്വർക്ക് തടസ്സങ്ങളും എൻ.എം.എം.എസ്. ആപ്പിലെ തുടർച്ചയായ മാറ്റങ്ങളും വി.ബി.ജി.-റാംജി പദ്ധതിയുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കുന്നു.
125 തൊഴിൽദിനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ ഇതുവരെ 50 പ്രവൃത്തിദിനങ്ങൾപോലും പൂർത്തിയായില്ല. സാമ്പത്തികവർഷം അവസാനിക്കാറായിട്ടും മിക്കവർക്കും ആകെ 25 മുതൽ 28 ദിവസം വരെയാണ് ജോലി ലഭിച്ചിട്ടുള്ളത്.
തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്നതിനും പ്രവൃത്തി സ്ഥലത്തിന്റെ വിവരങ്ങളും തൊഴിലാളികളുടെ ചിത്രങ്ങളും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സെർവറിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുമാണ് നാഷണൽ മൊബൈൽ മോണിറ്ററിങ്സിസ്റ്റം ആപ്പ് ഉപയോഗിക്കുന്നത്. പ്രത്യേക പരിശീലനം ലഭ്യമാക്കാതെ ആപ്പിൽ കൊണ്ടുവരുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ മേറ്റുമാർക്കും കഴിയുന്നില്ല.
വിബിജി-റാംജി സംവിധാനം നിലവിൽ വന്നതോടെ ഇ.കെ.വൈ.സി. നിർബന്ധമാക്കി. പക്ഷേ മുഖം തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാൻ കഴിയാത്തത് പല തൊഴിലാളികളെയും പുറത്താക്കപ്പെടാൻ കാരണമാകുന്നു.
നേരത്തെ അര കിലോമീറ്റർ ചുറ്റളവിൽ ഫോട്ടോ എടുക്കാമായിരുന്ന സ്ഥാനത്ത് പുതിയ രീതിയിൽ ലൊക്കേഷനിൽനിന്ന് 10 മീറ്റർ മാറിയാൽ ഫോട്ടോ എടുക്കാനോ അപ്ലോഡ് ചെയ്യാനോ സാധിക്കുന്നില്ല. പലപ്പോഴും ഉച്ചവരെ ഹാജർ ശരിയാക്കാൻ സമയം പോകുന്നതിനാൽ തൊഴിൽ സമയം നഷ്ടപ്പെടും.
ആപ്പിൽ മുന്നറിയിപ്പില്ലാതെ വരുന്ന അപ്ഡേഷനുകളും സെർവർ തകരാറുകളും തൊഴിലാളികൾക്ക് വലിയ തിരിച്ചടിയാണ്.
ജില്ലയിൽ മെറ്റീരിയൽ കുടിശ്ശികയായി 22.98 കോടി രൂപ കിട്ടാനുള്ളതും പുതിയ വിഹിതം 18.28 കോടി രൂപ മാത്രമായതും പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ജില്ലയിൽ രണ്ട് ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നാമമാത്രമായ വാർഡുകളിൽ മാത്രമേ ജോലി നടക്കുന്നുള്ളൂ.
വേതന കുടിശ്ശിക നിലനിൽക്കുന്നതിനൊപ്പം നിശ്ചിത അളവ് ജോലി തികച്ചില്ലെങ്കിൽ അനുവദിച്ച തുക തിരിച്ചടയ്ക്കേണ്ടിവരുന്നതും, 15 ദിവസത്തിനുള്ളിൽ കൂലി നൽകുമെന്ന് പറഞ്ഞിട്ടും മാസങ്ങളോളം വേതനം വൈകുന്നതും തൊഴിലാളികളെ വലയ്ക്കുന്നു.
മഴവെള്ളസംഭരണികൾ, കലുങ്ക്, നടപ്പാത, കെട്ടിടങ്ങളും റോഡുകളും നിർമിക്കൽ തുടങ്ങിയ പ്രവൃത്തികൾക്ക് പ്രാധാന്യം കൂടുന്നത് ഭൂരിഭാഗം വരുന്ന പ്രായമായ സ്ത്രീകൾക്കും 60 വയസ്സ് കഴിഞ്ഞവർക്കും കഠിനമായ ശാരീരിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
ഫീൽഡ് പരിശോധനകളിലും ഓഡിറ്റിലും അളവിൽ വ്യത്യാസം കണ്ടെത്തിയാൽ പണം തിരിച്ചടയ്ക്കേണ്ടി വരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.ഈ പ്രായത്തിൽ മൊബൈൽ ആപ്പും ഇ.കെ.വൈ.സി.യും മുഖം സ്കാൻ ചെയ്യലുമൊന്നും ഞങ്ങൾക്ക് അറിയില്ല. കൃത്യസമയത്ത് പണിക്കെത്തിയാലും ഫോണിൽ മുഖം തെളിയാത്തതുകൊണ്ടും നെറ്റ്വർക്ക് ഇല്ലാത്തതുകൊണ്ടും ഹാജർ രേഖപ്പെടുത്താൻ കഴിയുന്നില്ല. സാങ്കേതിക തടസ്സങ്ങൾ കാരണം ഞങ്ങൾക്ക് അന്നന്നത്തെ കൂലിയും ജോലിയും നഷ്ടപ്പെടുകയാണ്.