ഇനിയും തുറക്കാതെ...

ചങ്ങനാശ്ശേരി : ഷെഡ്യൂളുകൾ മാറ്റി ജീവനക്കാർക്ക് ജോലിനൽകാത്തതും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിലെ കാര്യക്ഷമതക്കുറവുംമൂലം കെ.എസ്.ആർ.ടി.സി. ചങ്ങനാശ്ശേരി ഡിപ്പോയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. ഡ്രൈവർമാരുടെ കുറവ് പറഞ്ഞ് ഷെഡ്യൂളുകളിൽ യഥാസമയം പുനഃക്രമീകരണം നടത്താൻ വൈകുന്നതായി ജീവനക്കാർ പറയുന്നു.
ശബരിമല സീസൺ തുടങ്ങുന്നതിനുമുമ്പ് ജീവനക്കാരെ സജ്ജമാക്കുന്നതാണെങ്കിലും ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ല. ഡ്രൈവർമാരുടെ കുറവ്മൂലം നല്ല വരുമാനമുള്ള പല സർവീസുകളും നടത്താൻ കഴിയാതെ സ്റ്റേഷൻ മാസ്റ്റർ ബുദ്ധിമുട്ടുകയാണ്. കുട്ടനാട്, ആലപ്പുഴ ദേശസാത്കൃതറൂട്ടിലും ഹൈറേഞ്ച് സെക്ടറിലും സർവീസുകൾ ഓപ്പറേറ്റുചെയ്യുന്ന പ്രധാന ഡിപ്പോയാണ് ചങ്ങനാശ്ശേരി. എന്നാൽ ചങ്ങനാശ്ശേരി ഡിപ്പോയിലെ ഡ്രൈവർമാരുടെ കുറവ് പരിഹരിക്കാൻ അധികാരികൾ നടപടികൾ സ്വീകരിച്ചിട്ടില്ല. ഇതിൽ യാത്രക്കാർക്ക് പ്രതിഷേധമുണ്ട്. ദീർഘദൂര സർവീസുകൾക്കായി നിയമനം നൽകിയിട്ടുള്ള ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരുടെ എണ്ണത്തിനും കുറവുണ്ട്. ശബരിമല സീസൺ തുടങ്ങുംമുൻപ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം.
ചങ്ങനാശ്ശേരി : കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമാണം വീണ്ടും വൈകുന്നു. ഡിസംബറിൽ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, നിർമാണം പൂർത്തിയാകാൻ ഇനിയും വൈകുമെന്ന സൂചനയാണ് ഇപ്പോൾ അധികൃതർ നൽകുന്നത്. ഇനിയും ഒരുമാസംകൂടി പണികൾ നീളാൻ സാധ്യതയുണ്ടെന്നും ജനുവരിയിൽ ടെർമിനൽതുറന്നു കൊടുക്കാനാകുമെന്നുമാണ് അവർ പറയുന്നത്.
7.05 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിക്കുന്നത്. 905 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ടുനിലകളിലായാണ് കെട്ടിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ശീതീകരിച്ച ഡോർമിറ്ററി സൗകര്യം ഉൾപ്പെടെ ഉണ്ടാകും.
വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഡ്രെയ്നേജ് സിസ്റ്റം, ഭൂഗർഭ ജലസംഭരണി, ലാൻഡ്‌സ്‌കേപ്പിങ്, വിശാലമായ കാത്തിരിപ്പുസൗകര്യങ്ങൾ തുടങ്ങിയവ നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗപരിമിതർക്കും പ്രത്യേകം ശൗചാലയ സൗകര്യം, സ്റ്റേഷൻമാസ്റ്ററുടെ റൂം, സെക്യൂരിറ്റി റൂം, ലോജിസ്റ്റിക്‌സ് റൂം, ക്ലോക്ക് റൂം, ഹെൽത്ത് റൂം, ഫീഡിങ് റൂം, മുകളിലത്തെനിലയിൽ ചെറുതും വലുതുമായ കടമുറികൾ, ഭക്ഷണശാലയ്ക്കുള്ള സൗകര്യം, മുകളിൽ വലിയ വാട്ടർടാങ്ക് തുടങ്ങി വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇടയ്ക്ക് പണികൾ നിലച്ചിരിക്കുകയായിരുന്നെങ്കിലും ഇപ്പോൾ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
നിർമാണം നടക്കുന്ന സമയത്ത് എം.സി.റോഡിലെ ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ തിരുവല്ലയിൽനിന്ന് കോട്ടയത്തേക്ക് പോകുന്ന ബസുകൾ ടെർമിനലിനുള്ളിൽ കയറാതെ മുൻഭാഗത്ത് റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും കോട്ടയത്തുനിന്ന് തിരുവല്ലയ്ക്ക് പോകുന്ന ബസുകൾ നഗരസഭാ ഓഫീസിന് മുൻപിൽ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യും.
ചങ്ങനാശ്ശേരി നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതൃഭൂമി വായനക്കാർക്കും പ്രതികരിക്കാം. #mathruvoicepk എന്ന ഹാഷ്‌ടാഗോടെ നിർദേശങ്ങളും അഭിപ്രായങ്ങളും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്യുക. മികച്ച നിർദേശങ്ങൾ അധികൃതർ ശ്രദ്ധിക്കുന്നതിനായി പ്രസിദ്ധീകരിക്കും. വാർത്താ ഉള്ളടക്കമുള്ള വീഡിയോകളും നല്ല ചിത്രങ്ങളും പോസ്റ്റുചെയ്യാംഎത്രയും വേഗം പണിപൂർത്തിയാക്കണം
ഡിപ്പോ അടച്ചതോടെ സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്തേക്കിറങ്ങുന്ന റോഡിലെ വ്യാപാരികൾ ദുരിതത്തിലാണ്. കച്ചവടം പകുതിയായി. എത്രയും വേഗം ടെർമിനൽ പൂർത്തിയാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
- രാജേഷ് ജോസഫ്
അർക്കാലിയ, ഹോട്ടലുടമ. തുറന്നുകൊടുക്കണം
സർക്കാർ മാറിയശേഷം ഒരുപദ്ധതിയും പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നില്ല. ഇത് അംഗീകരിക്കാനാകില്ല. കെ.എസ്.ആർ.ടി.സി. ബസുകൾ വഴിയിൽ നിർത്തുന്നതോടെ നഗരത്തിലെ ഗതാഗതത്തിരക്ക് രൂക്ഷമായിരിക്കുകയാണ്. ഡിപ്പോ വേഗംതുറക്കണം.
- എം.ആർ. ഫസിൽ, സി.പി.എം.
ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി നിർമാണം ഉടൻ പൂർത്തിയാക്കും
സ്റ്റാൻഡിനുള്ളിൽ ചില സൗകര്യങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഇപ്പോൾ അനുവദിച്ചിരിക്കുന്ന തുക മതിയാകില്ല. എങ്കിലും ടെർമിനൽ ഉടൻ തുറന്നുകൊടുക്കും.
- വിനു ജോബ് എം.എൽ.എ.