കായലിൽ വേണ്ടത് ഡ്രഡ്ജിങ് അല്ല, ഗ്രാവിങ് -ഡോ.പദ്മകുമാർ

കോട്ടയം : വേമ്പനാട് കായലിനെ കുഴിച്ച് മണ്ണെടുക്കുന്നത് ആത്മഹത്യാപരമെന്ന് കായൽ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പദ്മകുമാർ. കായലിൽ ചെയ്യേണ്ടത് മണൽ ഊറ്റൽ (ഡ്രഡ്ജിങ്) അല്ല. മറിച്ച് കട്ടകുത്തി (ഗ്രാവിങ്) എടുക്കലാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രഡ്ജിങ്ങിൽ കായൽ അടിത്തട്ടിൽനിന്ന് പമ്പ് ഉപയോഗിച്ച് ചെളിയും മണലും ചേർത്ത് വലിച്ചെടുക്കുകയാണ്. ഇത് അടിത്തട്ട് നശിപ്പിക്കും. കട്ടകുത്തുകയാണെങ്കിൽ കായൽ പ്രതലത്തിൽ നിയന്ത്രിതമായി ചെളിമാത്രം നീക്കംചെയ്യപ്പെടും. ഇതിന് പരിസ്ഥിതി നാശംകുറവാണ്.
കക്കായുടെ പ്രധാന ഇടം
ഇന്ത്യയിൽ ആവശ്യമായ കക്കായുടെ 70 ശതമാനവും വേമ്പനാട് കായലിൽനിന്നാണ്. കക്കാ ലഭ്യത കുറയുന്നതുമൂലം രാജ്യത്ത് കുമ്മായം, സിമന്റ് തുടങ്ങിയവയുടെ ഉത്‌പാദനത്തിനും തടസ്സം ഉണ്ടാകും.
തമിഴ്നാട്, കർണാടകപോലുള്ള സ്ഥലങ്ങളിലേയ്ക്ക് ലോറികളിൽ കക്കാതോടുകൾ കയറ്റി വിടുന്നതിലൂടെയും മത്സ്യത്തൊഴിലാളികൾക്ക് വരുമാനം ലഭിക്കുന്നുണ്ട്.
മത്സ്യസമ്പത്തും നശിക്കും
തണ്ണീർമുക്കം ബണ്ടിന്റെ തെക്കുവടക്ക് പാതിരാമണൽ മുതൽ പെരുമ്പളംവരെയുള്ള കായൽ പ്രദേശങ്ങളിലാണ് കക്കാ പ്രജനനം നടക്കുന്നത്. മണലും ചെളിയും ഒരുപോലെയുള്ള പ്രദേശത്താണ് കക്കാ ഉത്‌പാദനം.
ഈ പ്രദേശങ്ങളിൽനിന്നും മണ്ണും ചെളിയും ഊറ്റി ആഴംകൂട്ടിയാൽ ഇവിടങ്ങളിൽ കക്കാ, കരിമീൻ, കൊഞ്ച് പോലുള്ള മത്സ്യങ്ങളുടെ പ്രജനനം ഇല്ലാതെയാകും.
തണ്ണീർമുക്കം ബണ്ട് അപ്രധാനമാകും
ഉപ്പുവെള്ളം കയറാതെ ഇരിക്കാൻ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടച്ചാണ് ഇപ്പോൾ നെൽകൃഷി നടന്നുവരുന്നത്. മണൽ ഊറ്റി എടുക്കുന്നതിലൂടെ കായലിന്റെ അടിത്തട്ടിൽ ഉപ്പ് ഉറവ എത്തും. വേലിയേറ്റത്തിൽ ഉപ്പുകലർന്ന വെള്ളം കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിക്കും. ഇതോടെ നെൽകൃഷി തകരാറിലാകും. രണ്ടാം ലോകമഹായുദ്ധകാലത്ത് വേമ്പനാട് കായൽ ബണ്ട് കെട്ടി വെള്ളംവറ്റിച്ച ഉണ്ടാക്കിയെടുത്ത കായൽ പാടശേഖരങ്ങൾ തരിശുനിലങ്ങളായി മാറും.