വലിയ മലിന തോട്‌

എരുമേലി വലിയതോടിന്റെഅവസ്ഥയിൽ നിയമസഭ പരിസ്ഥിതി സമിതിക്ക്‌ ആശങ്ക​

എരുമേലി : വലിയതോടിന്റെ സ്ഥിതി പരിതാപകരമാണെന്നും ക്ഷേത്രത്തിന് മുൻപിൽ ഭക്തർ കുളിക്കുന്ന കടവ് എല്ലാ ദിവസവും വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും നിയമസഭാ പരിസ്ഥിതി സമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി ജില്ലാ കളക്ടർ ചേതൻ കുമാർ മീണയ്ക്ക്‌ നിർദേശം നൽകി.

എരുമേലിയിൽ കുളിക്കടവിലെ മലിനീകരണം നേരിൽക്കണ്ടശേഷം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിലും സമിതി പങ്കെടുത്തു. ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ച് കടവ് വൃത്തിയാക്കാനും എല്ലാ ദിവസവും നിരീക്ഷണം നടത്താനും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി.ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എരുമേലിക്കായി പ്രത്യേക മാസ്റ്റർപ്ലാൻ നടപ്പാക്കണമെന്ന്‌ സമിതി അഭിപ്രായപ്പെട്ടു. വലിയ തോടിന്റെ ശുചീകരണവും, അടിസ്ഥാനസൗകര്യ ക്രമീകരണങ്ങൾക്കായി അനുവദിക്കുന്ന തുകയുടെ കൃത്യമായ വിനിയോഗവും, വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കുന്നതിന് എരുമേലിയിലെ എക്‌സിക്യട്ടീവ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.

എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കും.

ചെയർമാൻ സജീവ് ജോസഫിനൊപ്പം സമിതി അംഗങ്ങളായ എം.എൽ.എ.മാരായ ചാണ്ടി ഉമ്മൻ, എം.ജെ സെബാസ്റ്റ്യൻ, ഫൈസൽ ബാബു എന്നിവരും ഉണ്ടായിരുന്നു.റോണി കെ.ബേബി എം.എൽ.എ., എരുമേലി എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് രമ്യ എസ്.നമ്പൂതിരി, എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ. ശ്യാംകുമാർ, ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സമിതി കണ്ടതും തീരുമാനവും

# ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഏറെ ഗൗരവമുള്ളവയാണ്. സർക്കാരിന് റിപ്പോർട്ട് നൽകും

# തോട് പൂർണമായും മാലിന്യമുക്തമാക്കുന്നതിന് അടിയന്തര നടപടി വേണം. പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും സഹകരിക്കണം

# എരുമേലിയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണം. വലിയ തോടിന്റെ ഇരുകരകളിലുമുള്ള കൈയേറ്റം ഒഴിപ്പിക്കണം

# മലിനീകരണ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ബോധവത്കരണം ഊർജിതമാക്കണം. വലിയതോട്ടിൽ നിലവിലുള്ള മൺതിട്ടകൾ നീക്കംചെയ്യണം