ഈ മുറ്റത്തുണ്ട് ഒരു മുന്തിരിപ്പാടം

ഇത്തിത്താനം : മുന്തിരിപ്പാടം പൂക്കണ മുറ്റത്തുകൊണ്ടുപോവാം...ഇതു വെറുമൊരു പാട്ടിന്റെ വരികൾ മാത്രമല്ലെന്ന് ഇപ്പോൾ ഇത്തിത്താനംകാർക്ക് അറിയാം. കാരണം മുന്തിരിവള്ളികൾ തളിർത്ത്, കായ്ച്ച്, നിൽക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് കാണണോ...എങ്കിൽ ഇത്തിത്താനം പൊൻപുഴയിൽ അമലിന്റെയും അലന്റെയും വീട്ടിലെത്തിയാൽ മതി.
മുൻപ് വ്യത്യസ്തയിനം നായ്ക്കളെ വളർത്തിയിരുന്ന അമൽ, ചൂടുകാരണം നായ്ക്കൾ ചാകുന്ന അവസരത്തിൽ വീടിന് തണുപ്പുകിട്ടാൻ വേണ്ടിയാണ് മുന്തിരിച്ചെടി നട്ടത്. ആദ്യം മണിപ്ലാന്റ് വളർത്തിയെങ്കിലും അവ കരിഞ്ഞുപോയി. തുടർന്നാണ് ഓൺലൈനിലൂടെ കംബോഡിയൻ മുന്തിരിവിത്ത് വാങ്ങി നട്ടത്. സാധാരണ മുന്തിരിയിലയിൽനിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിസ്താരമുള്ള ഇലകളുള്ളതുകൊണ്ട് നല്ല തണലും കിട്ടും. ഇടയ്ക്ക് ഉണങ്ങിപ്പോയെന്നുകരുതി ഉപേക്ഷിച്ച വിത്തു പിന്നീട് തനിയെ മുളച്ചു വള്ളികളായപ്പോഴേക്കും അവയെ പുരപ്പുറത്തേക്ക് കയറ്റിവിട്ട് പരിപാലിച്ചത് അമലിന്റെ അച്ഛൻ പി.ഐ. ജോസഫാണ്.
നട്ടു രണ്ടരവർഷം പിന്നിട്ട് ഇപ്പോൾ മുന്തിരിവള്ളികൾ കായ്ച്ചുതുടങ്ങി. പഴുത്ത ഒരു കുലയ്ക്ക് ഏകദേശം രണ്ടുകിലോ ഭാരംവരും. വീട്ടിലെ ജൈവമാലിന്യങ്ങൾ മാത്രമാണ് വളമായി നൽകിയതെന്ന് അമൽ ഐസൺ ജോസഫ് . കൃഷിയോടും ചെടികളോടും താത്‌പര്യമുള്ള അമലും സഹോദരൻ അലനും വീടിന്റെ മുറ്റത്ത് പരിമിതമായ സ്ഥലത്ത് കായ്ഫലമുള്ള തക്കാളി, വെണ്ട, പച്ചമുളക്, കാന്താരി, കോവൽ തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.