ടയർപൊട്ടിയ കാറുമായി യുവാവിന്റെ ഡ്രൈവിങ്; യുവതിക്ക് ഗുരുതരപരിക്ക്

ചങ്ങനാശ്ശേരി : കഴിഞ്ഞദിവസം ടയർപൊട്ടിയ കാറുമായി യുവാവ് നടത്തിയ അപകടകരമായ ഡ്രൈവിങ്ങിൽ യുവതിക്ക് ഗുരുതരപരിക്ക്. രണ്ടു യുവതികൾക്ക് പരിക്കേറ്റെന്നാണ് പോലീസിന് ലഭിച്ചവിവരം. കുന്നന്താനം, ആഞ്ഞിലിത്താനം മൈലക്കാട് പാലക്കോട്ടാൽ വിനോദ് കുമാർ നൽകിയ പരാതിയിലാണ് തൃക്കൊടിത്താനം പോലീസ് കേസെടുത്തത്. മറ്റ് മൂന്നു പരാതികൾ കൂടി ലഭിച്ചതായും പോലീസ് പറയുന്നു. വിനോദിന്റെ പരാതിയിൽ സഹോദരി ഓടിച്ചിരുന്ന സ്കൂട്ടറിൽ ചൊവ്വാഴ്ച രാത്രി ചാഞ്ഞോടി ഭാഗത്ത് അപകടകരമായ രീതിയിൽ ഓടിച്ചുവന്ന കാർ ഇടിച്ചു. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ സഹോദരി നന്ദിത(27)യെ നാട്ടുകാർ തിരുവല്ലയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചതായി എഫ്.ഐ.ആറിൽ പറയുന്നു. കാർ സ്കൂട്ടറിൽ കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറയുന്നു. തോളെല്ലിനും തുടയെല്ലിനും പരിക്കേറ്റ യുവതി തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഒട്ടേറെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് കെ.എൽ.33 ക്യൂ 4067 വാഹനം അപകടകരമായ രീതിയിൽ ഓടിച്ചുപോയത്.
തെങ്ങണ കണ്ണവട്ടയിൽ വാഹനം നാട്ടുകാർ തടഞ്ഞ് ഡ്രൈവറായ ഗോകുൽ ബിനുവിനെ പോലീസിന് കൈമാറിയിരുന്നു.