പൊതുശ്മശാനമല്ല ‘ചുടുകാട്‌ ’

എരുമേലി : അഞ്ച് വർഷം മുമ്പ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയ എരുമേലി പഞ്ചായത്തിലെ കവുങ്ങുംകുഴി പൊതുശ്മശാനം(ഗ്യാസ് ക്രിമറ്റോറിയം) ഇപ്പോൾ ചുടുകാടിന് സമം. ഉദ്ഘാടനത്തിന് ശേഷം നടത്തിയ ഡെമ്മി പരീക്ഷണം പരാജയപ്പെട്ടിട്ടും തകരാറ് പരിഹരിക്കാത്തതിനാൽ, നാളിതുവരെ ഒരു മൃതദേഹവും സംസ്‌കരിക്കാനായില്ല. 70-ലക്ഷം രൂപയുടെ പദ്ധതിയാണിത്.

2020-ഒക്ടോബർ 16-നാണ് അന്നത്തെ മന്ത്രി എ.സി. മൊയ്തീൻ പൊതുശ്മശാനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷം മൃതദേഹത്തിന് പകരം ഡെമ്മിവെച്ച് പ്രവർത്തിപ്പിച്ചപ്പോൾ ഗ്യാസ് ചേംബറിൽനിന്ന്‌ തീ പുറത്തേക്ക് ആളി.

28 പാചകവാതക സിലിൻഡറുകളിൽനിന്ന്‌ പൈപ്പ് വഴി വാതകം കടത്തിവിട്ടായിരുന്നു പ്രവർത്തനരീതി. നിർമാണത്തിലെ അപാകമെന്ന് പഞ്ചായത്തും അപാകമില്ലെന്ന് പദ്ധതി നടപ്പാക്കിയ ഏജൻസിയും തമ്മിലുള്ള തർക്കം നീണ്ടതോടെ പൊതുശ്മശാനം നോക്കുകുത്തിയായി.