സ്വപ്‌നം വാനോളം; പക്ഷേ, വഴിയോ...

മത്സരം സിന്തറ്റിക് ട്രാക്കിൽനിന്ന് മണ്ണിലേക്ക്
കാഞ്ഞിരപ്പള്ളി : ജില്ലയുടെ കൗമാരതാരങ്ങളുടെ കായിക മാമാങ്കത്തിന് കൊടിയുയരുമ്പോൾ എട്ട് വർഷത്തോളമായി സിന്തറ്റിക്ക് ട്രാക്കിൽ പോരാടിയ മത്സരാർഥികൾ ഇത്തവണ മൺട്രാക്കിലിറങ്ങണം. എട്ട്, ഒൻപത്, 10 തീയതികളിൽ സെയ്ന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനത്ത് നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കായിക മേളയിൽ 93 ഇനങ്ങളിലായി 2500 കായിക താരങ്ങൾ മത്സരിക്കും.
ട്രാക്ക് മാറ്റം
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന്റെ നവീകരണം നടക്കുന്നതിനാലാണ് ഇത്തവണ സെയ്ന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനം ജില്ലാ സ്‌കൂൾ കായിക മേളയ്ക്ക് വേദിയാകുന്നത്. എട്ട് ലെയ്‌നോടുകൂടിയ 400 മീറ്റർ മൺട്രാക്കാണ് ഇവിടുള്ളത്. ലോങ് ജംപ്, ട്രിപ്പിൾ ജംപ് എന്നിവയ്ക്ക് സിന്തറ്റിക് ട്രാക്കോടുകൂടിയ പിറ്റാണുള്ളത്. പോൾവാട്ട് ജംപിങ് പിറ്റ് ഇവിടില്ല. ജില്ലാ അത്‌ലറ്റിക് മീറ്റ് പോൾവാട്ട് മത്സരങ്ങൾ പാലായിലാണ് നടത്തിയത്. കോളേജിൽ മികച്ച കായിക വിഭാഗം പ്രവർത്തിക്കുന്നതിനാൽ മറ്റ് സൗകര്യങ്ങളും ഇവിടുണ്ട്. എന്നാൽ, മൺട്രാക്കിൽ ഓടുന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കാനും മികച്ച സമയം കണ്ടെത്തുന്നതിനും തടസ്സമാകുമെന്നും പരിശീലകർ പറയുന്നു. സിന്തറ്റിക് ട്രാക്കുകളിൽ പരിശീലിക്കുന്ന വിദ്യാർഥികൾക്ക് മൺട്രാക്കിൽ ഓടി പരിക്കിനും സാധ്യത. കഴിഞ്ഞ മാസം നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഹർഡിൽസിൽ മത്സരിച്ച വിദ്യാർഥിനിയുടെ കാൽ മടിഞ്ഞ് പരിക്കേറ്റിരുന്നു. ഇവിടെനിന്ന് മത്സരിച്ച് വിജയിക്കുന്നവർ സംസ്ഥാന തലങ്ങളിൽ മത്സരിക്കേണ്ടത് സിന്തറ്റിക് ട്രാക്കുകളിലാണ്. വൈകുന്നേരങ്ങളിലെ മഴപ്പേടിയും ബാക്കി.
വളർച്ച താഴോട്ട്
ജില്ലയിലെ കായിക രംഗം ഇന്നും സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ. കോട്ടയം നെഹ്‌റു സ്‌റ്റേഡിയം, പാലാ മുനിസിപ്പൽ സ്റ്റേഡിയം, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ് മൈതാനം എന്നിവടങ്ങളിലാണ് ജില്ലയിൽ 400 മീറ്റർ ട്രാക്കുള്ളത്. ജില്ലയിലെ ഏക 400 മീറ്റർ സിന്തറ്റിക് ട്രാക്കുള്ള പാലായിലെ സ്റ്റേഡിയം യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഉപയോഗിക്കാൻ കഴിയുന്നില്ല. നവീകരണം നടന്നുവരുകയാണ്.
വേണം, ജില്ലയിൽ കൂടുതൽ സ്‌റ്റേഡിയങ്ങൾ
ജില്ലയിൽ സിന്തറ്റിക് ട്രാക്കുള്ള സ്‌റ്റേഡിയങ്ങളില്ലാത്തത് കായിക മേഖലയുടെ വളർച്ചയെ സാരമായി ബാധിക്കും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിലും സെയ്ന്റ് ഡൊമിനിക്‌സ് കോളേജ് മൈതാനത്തും സിന്തറ്റിക് ട്രാക്കുകൾ അനുവദിക്കാം. സ്‌കൂൾ തലങ്ങളിലും നല്ല ട്രാക്കുകൾ നിർമിക്കണം. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവ. സ്‌പോർട്‌സ് സ്‌കൂളിൽ 200 മീറ്റർ സിന്തറ്റിക് ട്രാക്കാണ് ഒരുങ്ങുന്നത്.
തളർത്തുന്ന മത്സരക്രമം
തുടർച്ചയായ മത്സരക്രമം പ്രകടനത്തെ ബാധിക്കും. ജില്ലാ സ്‌കൂൾ മീറ്റ് നടക്കുന്ന സമയത്തുതന്നെ സംസ്ഥാന സ്‌കൂൾ ഗെയിംസും നടത്തുന്നു. ഏഴുമുതൽ 11 വരെ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിലാണ് മത്സരങ്ങൾ.
വേണം, സിന്തറ്റിക് ട്രാക്ക്
സിന്തറ്റിക് ട്രാക്കില്ലാത്തത് കുട്ടികളുടെ പ്രകടനത്തെ ബാധിക്കും. മഴകൂടി പെയ്താൽ മൺട്രാക്കിൽ ഓടുന്നത് താരങ്ങളെ ബാധിക്കും. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കണം.
- (പി.ഐ. ബാബു, മുൻ സെക്രട്ടറി, സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ)