ഭക്തരെ കാത്ത് കാളകെട്ടി ശിവപാർവതി ക്ഷേത്രം

എരുമേലി : കാളകെട്ടി ശിവപാർവതി ക്ഷേത്രം. ശിവനും പാർവതിയും ഒരുമിച്ചിരിക്കുന്ന പ്രതിഷ്ഠ. മണികണ്ഠനെ കാണാൻ ശിവനും പാർവതിയും കാളപ്പുറത്ത് എത്തിയെന്ന് ഐതീഹ്യം. കാളയെ കെട്ടിയ ഇടം കാളകെട്ടിയായി. അഖില തിരുവിതാംകൂർ മലയരയ മഹാസഭയുടേതാണ് ക്ഷേത്രം. വനത്തിനുള്ളിൽ തീർഥാടകർക്ക് തണുപ്പേകുന്ന ഇടം. വൻമരങ്ങൾ തണൽവിരിച്ച് നിൽക്കുന്നു. പകൽ വെയിലിന്റെ കടുപ്പത്തെ വൻമരങ്ങൾ തണലാക്കുമ്പോൾ, രാത്രിയിൽ മഞ്ഞിൽ കുളിരണിയുന്ന സാഹചര്യം. വനപാതയിലൂടെ പകൽ കിലോമീറ്ററുകൾ നടന്നെത്തുന്ന ഭക്തർക്ക് കാളകെട്ടിയിൽ ക്ഷീണം ഉണ്ടാകില്ലത്രെ. തീർഥാടനകാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ഷേത്രം. ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിനും അഗ്നിരക്ഷാസേനയ്ക്കും, താത്കാലിക ആശുപത്രിയ്ക്കും സൗകര്യങ്ങൾ ക്രമീകരിക്കും. ഭക്തർക്ക് വിശ്രമിക്കാൻ നടപ്പന്തലിലും പുറമെയും സൗകര്യങ്ങൾ. ശൗചാലയ സൗകര്യങ്ങളും. അന്നദാനം, ചുക്കുവെള്ളം വിതരണം എന്നിവയുമുണ്ടെന്ന് പ്രസിഡന്റ് കെ.ഡി. ഭാസ്‌കരൻ, സെക്രട്ടറി കെ.എസ്. സുബിൻ, ഖജാൻജി പി.പി. ലാൽമോൻ എന്നിവർ പറഞ്ഞു. എരുമേലിയിൽനിന്നും തുടങ്ങുന്ന പരമ്പാരഗത പാതയുടെ ഉറവിടം കൊയിക്കക്കാവാണ്.

എരുമേലിയിൽനിന്നും അഞ്ച് കിലോമീറ്ററോളം ഭക്തർ നടന്നെത്തുന്നത് കോയിക്കക്കാവ് വരെ. ഇവിടെനിന്നുമാണ്‌ പാത തുടങ്ങുന്നത്. ആറര കിലോമീറ്റർ ദൈർഘ്യം കഴിഞ്ഞാൽ കാളകെട്ടിയായി. കാടിന്റെ വന്യതയിലും ശാന്തമായ ഇടം. കാളകെട്ടിയിൽനിന്നും ഏതാനും മീറ്റർ ദൂരമേയുള്ളൂ, അഴുതക്കടവ്. അഴുതക്കടവിൽ മുങ്ങി കല്ലെടുത്ത് മുന്നോട്ടുള്ള പ്രയാണം…