വള്ളിക്കെട്ടായി വെള്ളക്കെട്ട്

പൊന്മല-ആനക്കല്ല് റോഡിൽ ദുരിതയാത്ര

കാഞ്ഞിരപ്പള്ളി : റോഡിലെ വെള്ളക്കെട്ട് നീക്കാൻ നടപടിയില്ല. ഒരു വർഷത്തിലധികമായി തുടരുന്ന യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാരുടെ ആവശ്യം.

പൊന്മല-ആനക്കല്ല് റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ട് യാത്രക്കാർക്ക് ദുരിതമായിരിക്കുന്നത്. മഴയത്ത് റോഡിലേക്ക് എത്തുന്ന വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന് നിരവധി തവണ പരാതി നൽകിയിട്ടും നവീകരിക്കാനോ വെള്ളക്കെട്ട് നീക്കം ചെയ്യാനോ നടപടിയുണ്ടായിട്ടില്ല. ആനക്കല്ല് ടൗണിലേക്ക് പോകുന്നതിനായി പൊന്മല ഭാഗത്തെ ആളുകൾ ഉപയോഗിക്കുന്ന പ്രധാന എളുപ്പവഴിയാണിത്. ഈ റോഡരികിൽ താമസിക്കുന്നവരും ഉപയോഗിക്കുന്ന റോഡിൽ മഴയെത്തിയാൽ യാത്ര ദുരിതമായിരിക്കുകയാണ്.

വിദ്യാർഥികളടക്കമുള്ളവർ വെള്ളത്തിലൂടെ നടന്ന് വേണം ഇത് വഴി കടന്ന് പോകാൻ. രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവരും ജോലിക്കാരും ഇപ്പോൾ ആനക്കല്ല് ഗവ. സ്‌കൂൾ പടിയിലൂടെ ചുറ്റി ആനക്കല്ല് ടൗണിൽ എത്തേണ്ട സ്ഥിതിയാണ്. മുൻപ് കാൽനടയാത്രക്കാർ റോഡിൽ കല്ലിട്ടാണ് യാത്ര ചെയ്തിരുന്നത്.

എന്നാൽ, ഇപ്പോൾ കല്ലും മൂടി വെള്ളം നിറയുന്നതോടെ കാൽനടയാത്രയും സാധ്യമല്ല. വിദ്യാർഥികളാണ് ഈ വെള്ളക്കെട്ട് മൂലം ഏറെയും യാത്രാദുരിതം നേരിടുന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.