കാറ്റും മഴയും; കാരിക്കോട്ട് കൂറ്റൻ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

പെരുവ : മുളക്കുളം ഗ്രാമപ്പഞ്ചായത്ത് കാരിക്കോട്ട് രണ്ടിടത്ത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വലിയ നാശനഷ്ടം. കാരിക്കോട് കെ.എ.എം.യു.പി. സ്കൂളിന് സമീപം കൂറ്റൻ തണൽമരം വീണു. ശക്തമായ കാറ്റിൽ മറിഞ്ഞുവീണ മരം വൈദ്യുതിലൈനും പോസ്റ്റുകളും തകർത്ത് റോഡിന് കുറുകെ വീണതോടെ കാൽനടയായി പോലും സാധ്യമാവാത്ത വിധമായി. ഗതാഗതം തടസ്സപ്പെട്ടു. സ്കൂൾ വിടുന്നതിന് മുമ്പായതിനാൽ വലിയ അപകടമാണ് ഒഴിവായത്.
വെള്ളൂർ പോലീസ്, കടുത്തുരുത്തി അഗ്നിരക്ഷാസേന, പെരുവ കെ.എസ്.ഇ.ബി. ജീവനക്കാർ, നാട്ടുകാർ എന്നിവർ ചേർന്ന് വൈകീട്ട് നാലരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെഫി ജോസഫ്, വാർഡ് മെമ്പർമാരായ മഞ്ജു ബെഞ്ചമിൻ, കെ.വി. ജയിംസ്, ജീതു കരിമാടത്ത്, മുൻ ബ്ലോക്ക് മെമ്പർ സുബിൻ മാത്യു, പി.ടി.എ. പ്രസിഡന്റ് പി.ആർ. ദിലീഷ്, റവ. ഫാ. ജി.എം.എച്ച്.എസ്. മാനേജർ ഫാ. ജയിംസ് സി. ചാലപ്പുറം എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതേസമയത്തു തന്നെ കാരിക്കോട് തെക്കേക്കരയിൽ ഒറക്കനാംകുഴി ഷാജിയുടെ പുരയിടത്തിൽനിന്ന തെങ്ങ് വീടിന് മുകളിലേക്ക് മറിഞ്ഞുവീണു. ഷാജിയുടെ കിടപ്പുരോഗിയായിരുന്ന അമ്മ മരിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അമ്മ കിടന്ന മുറിയാണ് ഇടിഞ്ഞുവീണത്. രണ്ടിടത്തും ആർക്കും പരിക്കേറ്റിട്ടില്ല.