മുണ്ടക്കയത്ത്‌ ജലവിതരണം പ്രതിസന്ധിയിലായേക്കും

മണിമലയാറ്റിൽ ജലനിരപ്പ് താഴ്‌ന്നു

മുണ്ടക്കയം : കനത്ത മഴയിൽ പ്രളയസമാനമായ രീതിയിൽ മണിമലയാറ്റിൽ ജലം ഒഴുകിയെത്തിയിട്ട് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ വറ്റിത്തുടങ്ങിയ ആറിന്റെ ദൃശ്യം ശുദ്ധജല ദൗലഭ്യത്തിന്റെ ആക്കം കൂട്ടുന്നു.

മണിമലയാറ്റിൽ ബൈപ്പാസിന് സമീപത്തെ ചെക്ക് ഡാമിലെ വെള്ളംവറ്റുകയും പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകിയെത്താൻ കഴിയാത്തവിധം വലിയ മൺതിട്ട രൂപപ്പെടുകയും ചെയ്തു.

വെള്ളം തടഞ്ഞുനിർത്താൻ കഴിയാത്ത സാഹചര്യം തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ മുണ്ടക്കയം ടൗൺ ഉൾപ്പെടെ പല പ്രദേശങ്ങളിലും ജല അതോറിറ്റിയുടെ കുടിവെള്ളവിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.

പമ്പ് ഹൗസിലേക്ക് വെള്ളം ഒഴുകുന്നതിന് തടസ്സമായി നിൽക്കുന്ന മൺതിട്ട അടിയന്തരമായി നീക്കം ചെയ്യുകയും ചെക്ക് ഡാമിന്റെ ഷട്ടർ അടയ്ക്കുകയും ചെയ്യണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായിസമിതി മുണ്ടക്കയം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് പി.എ. ബഷീർ അധ്യക്ഷനായി.

ഏരിയാ കമ്മിറ്റി പ്രസിഡന്റ് സി.വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷാ, എം.കെ. നജി, പി.സി. സബൂൽ, അബ്ദുൽ റഹ്മാൻ, യു.പി. അസ്‌കർ, സതീഷ് കുമാർ, വിനായകൻ, അനിതാ സന്തോഷ് എന്നിവർ പ്രസംഗിച്ചു.