ഇങ്ങനെ ‘പണി’യേണ്ടായിരുന്നു

സ്റ്റേഡിയം ഉപയോഗശൂന്യമാക്കി കോടികളുടെ നവീകരണം

കൊല്ലം : ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം തുറന്നിട്ട് 60 വർഷമാകുന്നു. പുതുക്കിപ്പണിയലുകൾ എന്തിനെയും മുന്നോട്ടാണ് നയിക്കേണ്ടത്. പതിറ്റാണ്ടുകൾക്കു മുന്നേതന്നെ അന്താരാഷ്ട്ര കായികമത്സരങ്ങൾക്കും രഞ്ജി ട്രോഫി ക്രിക്കറ്റിനും സന്തോഷ് ട്രോഫി ഫുട്ബോളിനുമൊക്കെ ആതിഥേയത്വം വഹിച്ചിരുന്ന സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ഇത് വിപരീതമാണ്.

5.47 കോടി ചെലവഴിച്ചു ‘നവീകരിച്ച’ കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം ഇപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയ്ക്കുപോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. വീണ്ടുവിചാരമില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള നവീകരണമാണ് പ്രതികൂലമായത്.

2023-ൽ നവീകരണത്തിനായി അടച്ചിട്ടശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ്, അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാൻ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തത്. എന്നാൽ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച ട്രാക്ക് മത്സരങ്ങൾക്ക് ഉപയോഗിക്കാൻ യോഗ്യമല്ല. 400 മീറ്റർ ട്രാക്കിൽ 84.69 മീറ്റർ നേർരേഖയിൽ വേണമെന്നിരിക്കെ ഇവിടെയത് കഷ്ടിച്ച് 80 മീറ്ററേയുള്ളൂ. ട്രാക്കിന്റെ വളവിലും അപാകമുണ്ട്. 100 മീറ്റർ മത്സരങ്ങൾക്ക് 10 ലെയ്ൻ വേണ്ടിടത്ത് എട്ട് ലെയ്നേയുള്ളൂ.

മുതിർന്നവരുടെ മത്സരങ്ങൾക്ക് അനുയോജ്യമല്ലാത്ത ട്രിപ്പിൾ ലെയ്ൻ പിറ്റ് റൺവേയും ലോങ്ജമ്പ്‌ പിറ്റും അനാസ്ഥയുടെ ആഴമേറ്റുന്നു. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും മധ്യഭാഗത്തേക്ക് ട്രാക്ക് നിർമിച്ചതോടെ ഫുട്ബോൾ കളിക്കാനുള്ള സൗകര്യവും ഇല്ലാതായി.

1966-ലെ സന്തോഷ്‍ ട്രോഫിക്ക് മുന്നോടിയായാണ് ഇവിടെ സ്റ്റേഡിയം പണി പൂർത്തിയാക്കുന്നത്. അന്ന് ഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി ആന്ധ്രാപ്രദേശ് കിരീടം നേടി. 1972-ൽ കേരളം വിജയിച്ച ബി.സി. റോയ് ട്രോഫിയുടെ ആതിഥേയത്വവും ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിനായിരുന്നു. കേരളത്തിലെ കാൽപ്പന്ത് പ്രേമികൾക്ക് മറക്കാനാകാത്ത 1988-ലെ സന്തോഷ്‍ ട്രോഫി ഫൈനലിലെ പഞ്ചാബിനോടുള്ള സഡൻ ഡെത്ത് തോൽവിയും ഈ സ്റ്റേഡിയത്തിലായിരുന്നു. 2012-ലും സന്തോഷ് ട്രോഫിക്ക് സ്റ്റേഡിയം വേദിയായി.

ഫുട്ബോളിനു പുറമേ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായിട്ടുണ്ട്. 1979-ൽ കേരളവും ആന്ധ്രയുമായി നടന്നതാണ് ആദ്യ രഞ്ജി മത്സരം. 1988-ൽ ഗോവയുമായും കർണാടകയുമായും രണ്ട് മത്സരങ്ങൾകൂടി കൊല്ലത്ത് സ്റ്റേഡിയത്തിൽ നടന്നു. മൂന്ന് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം.

1987-ൽ ദേശീയ ഗെയിംസ് കൊല്ലത്തെത്തിയപ്പോഴും ഫുട്ബോളടക്കമുള്ള മത്സരങ്ങൾക്ക് വേദി ഇവിടെയായിരുന്നു.