ആയൂർ ഗവ. ജവഹർ സ്കൂളിൽ സമൂഹവിരുദ്ധരുടെ അക്രമം

ആയൂർ :ഗവ. ജവഹർ സ്കൂളിൽ സമൂഹവിരുദ്ധരുടെ അക്രമം. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യു.പി.സ്കൂൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രിയിൽ അക്രമമുണ്ടായത്. യു.പി.സ്‌കൂളിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും രണ്ടുമാസം മുൻപ് 10 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉപകരണങ്ങളും മോഷ്ടിച്ചു.
ബഡ്‌സ് സ്കൂൾ കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ നശിപ്പിച്ചു. പുതുതായി നിർമിച്ച ഹൈസ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുകളെല്ലാം അടിച്ചുതകർത്തു. ഹയർ സെക്കൻഡറി സ്കൂളിന്റെ ജനൽക്കമ്പികൾ വളച്ച് അകത്തുകയറാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
അടുത്തിടെ കുടിവെള്ള പൈപ്പുകളും തകർത്തിരുന്നു.കടയ്ക്കൽ സി.ഐ. എസ്.ശരലാൽ, ചടയമംഗലം എസ്.എച്ച്.ഒ. ബാലാജി എസ്.കുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാളവിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും തെളിവെടുത്തു.ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള, വാർഡ് അംഗം രാധാ രാജേന്ദ്രൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജീവ് കോശി, പി.ടി.എ.പ്രസിഡൻറ് കെ.മനോജ്കുമാർ, ബി.മുരളി, എം.എസ്.നാസർ, വികസനസമിതി ചെയർമാൻ എ.എം.റാഫി, ഷിജു, രതീഷ് തുടങ്ങിയവരും സ്കൂളിലെത്തിയിരുന്നു.
മുൻപും പലതവണ സ്കൂളിൽ സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായെങ്കിലും ഇത്തവണ നടന്നത് ആസൂത്രിതമാണെന്നാണ് കരുതുന്നത്. വളരെ നല്ലനിലയിൽ മികച്ച ഭൗതികസൗകര്യത്തോടെ പ്രവർത്തിക്കുന്ന സ്കൂളിനെ തകർക്കാനുള്ള ശ്രമമാണിതെന്നും ആക്ഷേപമുയർന്നു. തുടർച്ചയായി നൂറുശതമാനം വിജയം നേടി നാടിനു മാതൃകയായി നിലകൊള്ളുന്ന സ്കൂളിനുനേരേയാണ് തുടരെ അതിക്രമം ഉണ്ടാകുന്നതെന്നും ആരോപണമുയർന്നു.
സംഭവത്തിൽ യഥാർഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാത്തപക്ഷം വലിയ പ്രതിഷേധമുണ്ടാകുമെന്ന് നാട്ടുകാർ പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണം-സി.പി.എം.
ആയൂർ :ജവഹർ സ്കൂളിൽ തുടർച്ചയായി നടക്കുന്ന സമൂഹവിരുദ്ധ ആക്രമണങ്ങളിലും മോഷണശ്രമങ്ങളിലും സി.പി.എം. പ്രതിഷേധിച്ചു. ആറാംതവണയാണ് സ്കൂൾപരിസരത്ത് സമൂഹവിരുദ്ധരുടെ ആക്രമണവും മോഷണശ്രമവും ഉണ്ടാകുന്നത്. കഴിഞ്ഞദിവസവും സ്കൂളിലെ ക്ലാസ് മുറികളുടെയും ജനാലുകളുടെയും മറ്റും ഭാഗങ്ങൾ തകർക്കുകയും സ്കൂളിലെ വിവിധ സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തു. സ്കൂൾ അധികൃതർ ഓരോ സംഭവത്തിനും പോലീസിൽ പരാതി നൽകുന്നുണ്ടെങ്കിലും കുറ്റക്കാരെ കണ്ടെത്തുന്നതിനോ അന്വേഷണം നടത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനോ സാധിച്ചിട്ടില്ല. സ്കൂളിൽ നടന്ന എല്ലാ സംഭവങ്ങളിലും സമഗ്രമായ അന്വേഷണം നടത്തി, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മോഷണംപോയ സാധനങ്ങൾ വീണ്ടെടുക്കുന്നതിനും സ്കൂൾപരിസരത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും പോലീസ് സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തണമെന്നും ലോക്കൽ കമ്മിറ്റി സെക്രട്ടറി അമൽ വർഗീസ് ആവശ്യപ്പെട്ടു.