പച്ചക്കറിവില കുതിക്കുന്നു

വലഞ്ഞ് ജനം

കൊട്ടിയം : പച്ചക്കറിക്കും വില കുതിച്ചുയരുന്നതോടെ ജനം ദുരിതത്തിൽ. അരിക്കും പലവ്യഞ്ജനങ്ങൾക്കുമുണ്ടായ വിലവർധന, ഓണക്കാലത്ത് സിവിൽ സപ്ലൈസ് വകുപ്പ് പൊതുവിപണിയിൽ സജീവമായി ഇടപെട്ടതോടെ ഒരുപരിധിവരെ പിടിച്ചുനിർത്താനായിരുന്നു.

എന്നാൽ ഓണം കഴിഞ്ഞതോടെ പൊതുവിപണിയിലെ വിലക്കയറ്റം സർക്കാരും കണ്ടില്ലെന്നു നടിക്കുന്നു. ഇതിനിടെയാണ് ഇരുട്ടടിപോലെ പച്ചക്കറിവിലയും കുതിച്ചുയരുന്നത്.

കൊല്ലം മേഖലയിൽ ബീൻസിന് കിലോയ്ക്ക് 140 രൂപയാണ് വില. പയറിനും വില വർധിച്ചിട്ടുണ്ട്. 120 രൂപയിലേ​െക്കത്തി. ചെറിയ ഉള്ളിയുടെ വില 100 രൂപയും കടന്നു. ബീൻസിന് 30 രൂപയും പയറിന് 40 രൂപയും ചെറിയ ഉള്ളിക്ക് 40 രൂപയുമാണ് കിലോയ്ക്ക് കൂടിയത്.

വെളുത്തുള്ളി വില 200 രൂപയിലേറെയായി. ഇഞ്ചിക്കും സമാനവർധനയാണ്. സവാളയ്ക്ക് ഏറെനാളായി വില ഉയർന്നുനിൽക്കുകയാണ്. തക്കാളിവിലയും ഉയർന്നുതുടങ്ങി. ബീറ്റ്റൂട്ട്, പച്ചമുളക്, ഉരുളക്കിഴങ്ങ് അടക്കമുള്ള മറ്റ് പച്ചക്കറി ഉത്പന്നങ്ങൾക്കും വില ഉയർന്നുതുടങ്ങിയിട്ടുണ്ട്.

അയൽസംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും പച്ചക്കറികളുടെ വിളവെടുപ്പിനെയും വരവിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണ് വിലവർധനയ്ക്കുള്ള പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. സംസ്ഥാനത്തെ വിപണികളിലേ​െക്കത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതരസംസ്ഥാനങ്ങളിൽനിന്നാണ്. ഇവയുടെ വരവ് കുറയുന്നത് വിലയിൽ ഇനിയും മാറ്റം വരാൻ ഇടയാക്കിയേക്കും.

ഓണത്തിനു പിന്നാലെ പച്ചക്കറിവില അനിയന്ത്രിതമായി ഉയർന്നിരുന്നു. പിന്നീട് കുറഞ്ഞ വിലയാണ്, ഒരിടവേളയ്ക്കുശേഷം വീണ്ടും വർധിച്ചത്. മുട്ടയുടെ ഉപഭോഗം വർധിച്ചതോടെ മുട്ടവിലയും പിടിച്ചാൽ കിട്ടാത്തവിധം ഉയർന്നു. കോഴി, ആട്, മാട് ഇറച്ചിയുടെ വില പലയിടത്തും തോന്നുംപടിയാണ് നിശ്ചയിക്കുന്നത്.