ചാത്തന്നൂരിൽ വ്യവസായസ്ഥാപനത്തിൽ തീപ്പിടിത്തം

തീയണച്ച് അഗ്നിരക്ഷാസേന
ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന 'ബാബാ ടെക് ഇൻഡസ്ട്രീസ്' എന്ന വ്യവസായസ്ഥാപനത്തിൽ തീപ്പിടിത്തം. പരവൂർ ഫയർ സ്റ്റേഷനിൽനിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് 3.15-ഓടെയായിരുന്നു സംഭവം.
കമ്പനിയിലെ പെയിന്റ് മുക്കുന്ന ടാങ്കിലും സമീപത്തുണ്ടായിരുന്ന പെയിന്റിലുമാണ് തീപിടിച്ചത്. വിവരമറിഞ്ഞ് സേനാംഗങ്ങൾ സ്ഥലത്തെത്തുമ്പോൾ തീ ആളിപ്പടരുന്നനിലയിലായിരുന്നു. ഉടൻതന്നെ എം.ടി.യു.വിൽനിന്ന് പമ്പ് പ്രവർത്തിപ്പിച്ച് അതിവേഗം ഫോം അടിച്ചാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. യഥാസമയം തീയണച്ചതിനാൽ സമീപത്തെ മറ്റ് ഉപകരണങ്ങളിലേക്കും നിർമാണസാമഗ്രികളിലേക്കും തീ പടർന്നില്ല. സംഭവത്തിൽ ഏകദേശം ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പരവൂർ ഫയർ സ്റ്റേഷൻ ഓഫീസർ അനന്തു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനീഷ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ സുജിത്, അരുൺ കരുണാകരൻ, വിശാഖ്, ഫയർ ആൻഡ് റെസ്‌ക്യൂ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡുമാരായ ജിജു, സജേഷ്, സിവിൽ ഡിഫൻസ് അംഗം കിഷോർ അതിജീവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.