ഒരുക്കം തീർന്നിട്ടുവേണ്ടേ, താവളമടിക്കാൻ

പുനലൂർ : 2022-ൽ ദേവസ്വം മന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച, പുനലൂരിലെ ശബരിമല ഇടത്താവളം നാലുകൊല്ലത്തിനുശേഷവും തീർഥാടകർക്ക് പ്രയോജനപ്പെടുന്നില്ല. ഇപ്പോഴും ഇവിടെ ഒരുക്കംതന്നെ…!
പണം അനുവദിച്ചിട്ടും നിർമാണപ്രവൃത്തികൾ സമയബദ്ധമായി തീർക്കാത്തതാണ് കാരണം. ഇതേവരെ ലക്ഷക്കണക്കിനു രൂപ മുടക്കി പ്രാഥമികസൗകര്യങ്ങൾ സജ്ജമാക്കിയിട്ടും ഒരു മണ്ഡലകാലത്തും ഒരു തീർഥാടകൻപോലും ഇങ്ങോട്ടെത്തിയില്ലെന്നത് മറ്റൊരു വൈചിത്ര്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനലൂർ നെല്ലിപ്പള്ളി കൈപ്പുഴ മഹാദേവക്ഷേത്രത്തിൽ ആരംഭിച്ച ഇടത്താവളത്തിനാണ് ഈ അവസ്ഥ.
ഇത്തവണത്തെ മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഇവിടെ ശൗചാലയത്തിന്റെ നിർമാണപ്രവൃത്തികൾ നടക്കുന്നതേയുള്ളൂ. വിരിവയ്ക്കാനുള്ള നടപ്പന്തലിലേക്കുള്ള 25 മീറ്റർ നീളവും നാലുമീറ്റർ വീതിയുമുള്ള വഴിയിൽ കൊരുപ്പുകട്ടകൾ പാകുന്ന പ്രവൃത്തികൾ നടന്നുവരുന്നു. ക്ഷേത്രത്തിനു മുന്നിൽ തീർഥാടകർക്ക് പാചകംചെയ്യാൻ, ഒരുലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഷെഡിന്റെ ജോലികൾ അടുത്തയാഴ്ച തുടങ്ങുകയേയുള്ളൂ.
19.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ള നടപ്പന്തലിന്റെ നിർമാണം ഈ മണ്ഡലകാലം കഴിഞ്ഞേ തുടങ്ങൂ. 2,000 ലിറ്റർ ശേഷിയുള്ള ജലസംഭരണി ഇനിയും ഘടിപ്പിച്ചിട്ടില്ല. ക്ഷേത്രത്തിന്റെ എതിർവശത്ത് കല്ലടയാറ്റിന്റെ കരയിൽ റവന്യൂഭൂമിയിൽ കടവ് ഒരുക്കാൻ നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. ചുരുക്കത്തിൽ ഈ മണ്ഡലകാലത്തും ഇടത്താവളം പ്രയോജനപ്പെടുമെന്ന പ്രതീക്ഷയില്ല.
തുക അനുവദിച്ചത് രണ്ട് കൊല്ലത്തിനുശേഷം
2022 നവംബർ 11-ന്, അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ നേരിട്ടെത്തിയാണ് ക്ഷേത്രം ഇടത്താവളമായി പ്രഖ്യാപിച്ചത്. എന്നാൽ ഇവിടെ സൗകര്യങ്ങളൊരുക്കുന്നതിന് തുക അനുവദിച്ചത് രണ്ടുവർഷത്തിനുശേഷമാണ്. ആദ്യഘട്ടമായി അനുവദിച്ച 27 ലക്ഷം രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കിയത് കഴിഞ്ഞ മണ്ഡലകാലത്തിനുശേഷമാണ്. ഇതിനാൽ കഴിഞ്ഞ മണ്ഡലകാലത്ത് ഇടത്താവളം തീർഥാടകർക്ക് പ്രയോജനപ്പെട്ടില്ല. കഴിഞ്ഞവർഷം ഡിസംബറിൽ രണ്ടാംഘട്ടമായി അനുവദിച്ച 37.4 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം രൂപയുടെ പ്രവൃത്തി ഇപ്പോൾ നടക്കുന്നതേയുള്ളൂ.
കഴിഞ്ഞ ഡിസംബറിൽ തുക അനുവദിച്ചിട്ടും, 10 മാസത്തിനുശേഷം ഈ മണ്ഡലകാലം തുടങ്ങുന്നതിനും ആഴ്ചകൾക്കുമുൻപുമാത്രമാണ് പ്രവൃത്തി ആരംഭിക്കാനായത്. കരാറെടുത്തവർ അടങ്കൽത്തുക ഉയർത്തി ആവശ്യപ്പെട്ടതിനാലാണ് പ്രവൃത്തി വൈകിയതെന്നും നിലവിലെ ദേവസ്വം ബോർഡ് അംഗം കെ. രാജു ഉൾെപ്പടെ ഇടപെട്ടാണ് ഇപ്പോൾ പ്രവൃത്തി ആരംഭിക്കാൻ നടപടിയെടുത്തതെന്നുമാണ് ഇതിന് അധികൃതർ നൽകുന്ന വിശദീകരണം.
പട്ടണത്തിൽനിന്നൊഴിഞ്ഞ് ഗതാഗതക്കുരുക്കില്ലാതെ തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കാൻ വേണ്ടിയാണ് കൈപ്പുഴ ക്ഷേത്രം ഇടത്താവളമായി പ്രഖ്യാപിച്ചത്. എന്നാൽ ഇവിടേക്ക് തീർഥാടകരെ ആകർഷിക്കാൻ അധികൃതർക്കായിട്ടില്ല. തീർഥാടകർ ഇപ്പോഴും പട്ടണമധ്യത്തിൽ ദേശീയപാതയിൽ ടി.ബി.ജങ്ഷനിൽ തിരക്കുകൂട്ടുകയാണ്. ഇത് ദേശീയപാതയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുന്നു.