ഓച്ചിറ കെട്ടുത്സവത്തിന് അഞ്ചുകോടിയുടെ ഇൻഷുറൻസ് പരിരക്ഷ

സുരക്ഷിതത്ത്വം മുഖ്യമെന്ന്‌ പോലീസ്

ഓച്ചിറ : ഓച്ചിറ ക്ഷേത്രത്തിലെ കെട്ടുത്സവത്തിന് അഞ്ചുകോടിരൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയെന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ് ജില്ലാ പോലീസ് മേലധികാരി വിളിച്ചുചേർത്ത കാളകെട്ടുസമിതി ഭാരവാഹികളുടെ യോഗത്തിൽ അറിയിച്ചു.

കെട്ടുത്സവം സുഗമമായി നടത്തുന്നതിന്റെ ഭാഗമായി പോലീസും ക്ഷേത്രഭരണസമിതിയും ചേർന്ന് തയ്യാറാക്കിയ മാർഗനിർദേശങ്ങൾ യോഗത്തിൽ കാളകെട്ടുസമിതി ഭാരവാഹികൾക്ക് കൈമാറി.

വലുപ്പത്തിൽ മുന്നിൽനിൽക്കുന്ന അഞ്ച് കെട്ടുകാളകൾ ഉത്സവദിവസം വൈകീട്ട് നാലിനു മുമ്പും, മറ്റു കെട്ടുകാളകൾ ആറിനുമുമ്പും പടനിലത്ത് പ്രവേശിക്കണം. കെട്ടുകാളകൾക്കൊപ്പം അഗ്നിശമനയന്ത്രം നിർബന്ധമായും ഉണ്ടായിരിക്കണം. അടിയന്തരഘട്ടത്തിൽ ആംബുലൻസ്, അഗ്നിശമനവാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യം ഒരുക്കണം, കെട്ടുകാളകൾക്കു മുകളിൽ കയറുന്നവർ ആവശ്യമായ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം, ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം കെട്ടുകാളകൾക്കൊപ്പം കരുതരുത്, തീപടരുന്ന ഉപകരണങ്ങൾ ഉപയോഗിക്കരുത്, ഡി.ജെ., ഫോഗിങ് തുടങ്ങിയവ ഉപയോഗിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.

ദേശീയപാതയിലെ ഗതാഗതം കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽനിന്ന്‌ ആലപ്പാട് പഞ്ചായത്ത് വഴി തിരിച്ചുവിടുന്നതിനാൽ അഴീക്കൽ ഭാഗത്തുനിന്നു വരുന്ന കെട്ടുകാളകൾ ഉത്സവദിവസം രാവിലെ ഒൻപതിനുമുൻപ് അഴീയ്ക്കൽ-ആയിരംതെങ്ങ് പാലം കടന്ന്‌ കിഴക്കുഭാഗത്ത് എത്തണം. ദേശീയപാതയ്ക്ക് കിഴക്കുനിന്നു വരുന്ന കെട്ടുകാളകൾ രാവിലെ ഒൻപതിനുശേഷംമാത്രമേ ദേശീയപാതയിൽ കടക്കാൻ പാടുള്ളൂവെന്നും പോലീസ് അറിയിച്ചു.

യോഗം ജില്ലാ പോലീസ് മേധാവി ഹേമലത ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാജീവ് കടകംപള്ളിൽ അധ്യക്ഷത വഹിച്ചു.

ക്ഷേത്രഭരണസമിതി സെക്രട്ടറി ബി.എസ്. വിനോദ്, വൈസ് പ്രസിഡന്റ് ആർ.ഡി. പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, കരുനാഗപ്പള്ളി എ.സി.പി. ആർ. വിനോദ്കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. രാജേഷ്, കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ജി. ഗോപകുമാർ, തഹസിർദാർ ബോസ് ഫ്രാൻസിസ്, ഓച്ചിറ എസ്. ഷമീർ, കാര്യനിർവഹണസമിതി അംഗങ്ങൾ, കാളകെട്ടുസമിതി ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.