ഇടിയാട്ടുപുറം ഏലായിൽ മദ്യപാനം: കുപ്പിച്ചില്ല് പേടിച്ച് പാടത്തിറങ്ങാനാകാതെ കർഷകർ

ശാസ്താംകോട്ട :കടപുഴ ഇടിയാട്ടുപുറം ഏലായും പരിസരവും മദ്യപരും സമൂഹവിരുദ്ധരും കൈയടക്കിയതോടെ പാടത്തിറങ്ങാൻ കഴിയാതെ കർഷകർ. മദ്യപിച്ചശേഷം പാടത്ത് കുപ്പികൾ പൊട്ടിച്ചിടുന്നതും ചില്ലുകുപ്പികൾ വലിച്ചെറിയുന്നതും പതിവായി. ഏലായിലും തോട്ടിലും പ്ലാസ്റ്റിക് മാലിന്യവും കുന്നുകൂടി. കുപ്പിച്ചില്ല് കാലിൽക്കൊണ്ട് കർഷകർക്ക് പരിക്കേൽക്കുന്നതുമൂലം പാടത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയായി.

നെൽക്കൃഷി സജീവമായി നടക്കുന്ന പടിഞ്ഞാറെ കല്ലടയിലെ പ്രധാന ഏലായാണ് ഇടിയാട്ടുപുറം. ഏലായും പരിസരവും മിക്കപ്പോഴും വിജനമാണ്. വലിയപാടം-കോയിക്കൽഭാഗം പാതയും ഏലായിലൂടെയാണ് പോകുന്നത്. ഈ പാത കേന്ദ്രീകരിച്ചാണ് മദ്യപാനം നടക്കുന്നത്. സമൂഹവിരുദ്ധരുടെ ശല്യംകാരണം സ്ത്രീകളുൾപ്പെടെ അതുവഴി പോകാറില്ല. ഒറ്റപ്പെട്ട പ്രദേശമായതിനാൽ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളുമില്ല. അതിനാൽ മദ്യപർ സുരക്ഷിത​േകന്ദ്രമെന്ന നിലയിലാണ് ഇടിയാട്ടുപുറത്തെത്തുന്നത്.

മദ്യപിക്കുന്നതിന് അകലങ്ങളിൽനിന്നു വാഹനങ്ങളിൽ സംഘം ചേർന്ന്‌ എത്തുന്നവരാണ് ഏറെയും. അനാശാസ്യത്തിന്‌ എത്തുന്നവരുമുണ്ട്. അതിനാൽ പകലും രാത്രിയിലും ഏലായും പരിസരവും ഇത്തരക്കാർ കൈയടക്കുകയാണ്. മദ്യപിച്ചശേഷം കുപ്പികൾ പൊട്ടിച്ച് ഏലായിലേക്ക് സ്ഥിരമായി ഇടുന്നതാണ് കർഷകർക്ക് ദുരിതമാകുന്നത്.

വിശാലമായ ഏലായിലേക്ക് ചില്ലുകുപ്പികൾ വലിച്ചെറിയുന്നതും അവരുടെ വിനോദമാണ്.

വളം ഇടുന്നതിനും കളയെടുക്കുന്നതിനും പാടത്തിറങ്ങുന്ന കർഷകരും തൊഴിലാളികളും കുപ്പിയിൽ ചവിട്ടുകയും ചില്ലുകൾ കാലിൽകയറി പരിക്കേൽക്കുകയുമാണ്. കഴിഞ്ഞദിവസം നെല്ലിന് വളം ചേറാൻ പാടത്തിറങ്ങിയ ഏലാസമിതി സെക്രട്ടറി അജിയുടെ കാലിൽ ചില്ലുകൊണ്ട് ആഴത്തിൽ മുറിവേറ്റു. ഏലായുടെ കരയിലെ തെങ്ങിൽനിന്നു മദ്യപർ സ്ഥിരമായി കരിക്കടർത്തിയിട്ട് ഉപയോഗിക്കുന്നതും കർഷകർക്ക് നഷ്ടമുണ്ടാക്കുന്നു.

ഇടിയാട്ടുപുറത്ത് പട്രോളിങ് നടത്തണമെന്നാവശ്യപ്പെട്ട് പലതവണ പോലീസിലും എക്‌സൈസിലും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന്‌ അജി പറഞ്ഞു.

പാടങ്ങളിൽനിന്നു കുപ്പിയും ചില്ലും പ്ലാസ്റ്റിക് സാധനങ്ങളും നീക്കംചെയ്യേണ്ട ജോലികൂടി കർഷകർക്കാണെന്നും അദ്ദേഹം പറഞ്ഞു. ഏലാത്തോട്ടിലും പരിസരത്തും പ്ലാസ്റ്റിക് കുപ്പികളും കവറുകളും വ്യാപകമാകുകയാണ്.