ശാസ്താംകോട്ടയ്ക്കും കാരാളിമുക്കിനുമിടയിൽ പാതയോരങ്ങളിൽ വ്യാപക കൈയേറ്റം

ശാസ്താംകോട്ട : ഏറ്റവും തിരക്കുള്ള ശാസ്താംകോട്ട-ചവറ പാതയോരത്ത് വ്യാപക കൈയേറ്റവും അനധികൃത വാഹനപാർക്കിങ്ങും യാത്രക്കാർക്ക് ദുരിതമാകുന്നു. ശാസ്താംകോട്ടയ്ക്കും കാരാളിമുക്കിനുമിടയിൽ പാതയോരങ്ങളിൽ പി.ഡബ്ല്യു.ഡി. സ്ഥലങ്ങൾ വ്യാപകമായി കൈയേറി ചെറുതും വലുതുമായ കടകൾ നിരന്നുകഴിഞ്ഞു. അതോടെ യാത്രക്കാർക്ക് നടക്കാനോ വാഹനങ്ങൾ വരുമ്പോൾ ഒഴിഞ്ഞുനിൽക്കാനോ ഇടമില്ലാതായി. ദീർഘദൂരയാത്രചെയ്തുവരുന്ന വാഹനയാത്രികർ വിശ്രമിച്ചിരുന്ന സ്ഥലങ്ങൾപോലും കൈയടക്കി.
ഓരോ ദിവസവും പുതിയ കടകൾ ഉയരുകയാണ്. നേരത്തേ താത്കാലിക കടകളായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിരമായ നിർമിതികളാണ്. ആദ്യം ചെറിയ രീതിയിൽ കടകൾ വെക്കും. ക്രമേണ ഇറക്കി വിശാലമാക്കുകയാണ് രീതി. ഇത്തരം കടകളിൽ എത്തുന്നവരുടെ വാഹനങ്ങൾ പാതയിലും ഓരത്തും നിർത്തിയിടുകയാണ്. അതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുകയാണ്.
വളവുള്ള ഭാഗത്തെ കൈയേറ്റവും പാർക്കിങ്ങും അപകടഭീഷണി ഉയർത്തുന്നു. ആഞ്ഞിലിമൂടിനു തെക്ക് വളവുകളിൽ കെട്ടിപ്പൊക്കിയ കടകൾ ഭീഷണിയായി. വൈകുന്നേരമാകുന്നതോടെ തട്ടുകടകൾ ഉൾപ്പെടെയുള്ളവയുടെ മുന്നിൽ വാഹനങ്ങൾ നിരക്കുന്നതോടെ വഴിനടക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്.
തിരക്കുള്ള പാതയിലെ കൈയേറ്റം വ്യാപകമായിട്ടും പൊതുമരാമത്തും പഞ്ചായത്ത് അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. വാടകയും പഞ്ചായത്ത് ലൈസൻസും ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും ഒന്നുമില്ലാതെ വ്യാപാരം നടത്താമെന്നതാണ് വഴിയോര വാണിഭം വ്യാപകമാകാൻ കാരണം.
ശാസ്താംകോട്ട ടൗണിൽ വീണ്ടും കൈയേറ്റം
ശാസ്താംകോട്ട ടൗണിൽ പാതയോരത്തെ കണ്ണായ സ്ഥലങ്ങളെല്ലാം വീണ്ടും കൈയേറി കടകൾ നിരന്നു. ഏറെക്കാലത്തെ ശ്രമത്തിനൊടുവിൽ ഒഴിപ്പിച്ചെടുത്ത സ്ഥലങ്ങളെല്ലാം കൈയേറി കടകൾ വെച്ചു. സ്വതന്ത്രമായി നടക്കാനോ വാഹനം പാർക്ക് ചെയ്യാനോ ഇടമില്ലാത്ത തരത്തിലാണ് ഇപ്പോൾ ഇരുവശത്തും കടകൾ നിരക്കുന്നത്. ചെറിയ തോതിൽ തുടങ്ങിയ കടകൾ ഇറക്കിയിറക്കി പാതയോട് ചേർത്താക്കി. ഇത്തരം കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവർ തിരക്കുള്ള പാതയിൽ വാഹനം നിർത്തിയിടുന്നത് യാത്രാതടസ്സം സൃഷ്ടിക്കുകയാണ്. ഓട്ടോ സ്റ്റാൻഡ് പ്രവർത്തിക്കുന്നതിനുള്ള സ്ഥലവും കൈയേറി.
കടകളിൽ വ്യാപാരമില്ല
പാത കൈയേറിയുള്ള വഴിവാണിഭം തഴച്ചതോടെ കടയെടുത്ത് ആയിരങ്ങൾ വാടകനൽകി വ്യാപാരം നടത്തുന്നവർ പട്ടിണിയിലായി. പച്ചക്കറി, ഫലവർഗ കടകൾ, ഹോട്ടലുകൾ, ചായക്കടകൾ, ബേക്കറികൾ എന്നിവയെ എല്ലാം വഴിവാണിഭം ബാധിച്ചു. വഴിയോര കടകൾ വ്യാപകമായതോടെ വ്യാപാരം മൂന്നിലൊന്നായി ചുരുങ്ങിയതായി വ്യാപാരികൾ പറയുന്നു. വഴിയോര കച്ചവടം നിയന്ത്രിച്ചില്ലെങ്കിൽ വ്യാപാരിസമൂഹത്തിന്റെ ജീവിതം കടുത്ത പ്രതിസന്ധിയിലാകുമെന്നും ഓരോ ദിവസവും നഷ്ടത്തിലേക്ക് നീങ്ങുകയാണെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ശാസ്താംകോട്ട യൂണിറ്റ് ജനറൽ സെക്രട്ടറി എ. നിസാം പറഞ്ഞു.