സംഘപരിവാർ ഭരണകൂടത്തിനു മുന്നിൽ തല കുനിക്കില്ല-ഐഷി ഘോഷ്

കൊല്ലം : സംഘപരിവാർ ഭരണകൂടത്തിനു മുന്നിൽ തല കുനിക്കില്ലെന്നും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാജ്യമൊന്നായി അണിചേരണമെന്നും എസ്.എഫ്.ഐ. അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റികൾ പോളയത്തോട്ടിൽനിന്ന് പള്ളിമുക്കിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
എല്ലാ സ്വേച്ഛാധിപതികളായ ഭരണകർത്താക്കൾക്കും ഒരവസാന ദിനമുണ്ടാകും. ഈ രാജ്യത്ത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം ജനാധിപത്യമാണ്. ജനാധിപത്യം വിജയിക്കേണ്ടതുണ്ട്. ഇത് നിർണായകഘട്ടമാണ്. ഭരണകൂടം മതത്തിന്റെയും ജാതിയുടെയും സംസ്കാരത്തിന്റെയും ഭാഷയുടെയും പേരിൽ നമ്മളെ തകർക്കാൻ ശ്രമിക്കും. എന്നാൽ നാം ഒന്നിച്ചുനിൽക്കണം. അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമിച്ചാൽ എന്തുസംഭവിക്കുമെന്ന് ഭരണകർത്താക്കൾക്ക് നാം കാണിച്ചുകൊടുത്തിട്ടുണ്ട്. യുവാക്കളുടെ ശബ്ദം കേൾക്കാൻ തയ്യാറായില്ലെങ്കിൽ, ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസമന്ത്രിയെ താഴെയിറക്കാൻ കേവലം 37 ദിവസം മതിയെന്ന് യുവതലമുറ കാട്ടിക്കൊടുത്തിട്ടുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എം. ഹരികൃഷ്ണൻ അധ്യക്ഷനായി.ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം എസ്.ആർ. അരുൺ ബാബു, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ സെക്രട്ടറി ടി.ആർ.ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി. അഭിമന്യു, പി. അനന്തു, എസ്. ശ്യാം, ജില്ലാ ട്രഷറർ യു. പവിത്ര, എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
പോളയത്തോട്ടിൽനിന്ന് കത്തിച്ച പന്തങ്ങളുമായി നടത്തിയ മാർച്ചിൽ ഒട്ടേറെ യുവാക്കൾ പങ്കെടുത്തു.