ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരേ സ്ത്രീകൾ രംഗത്തിറങ്ങണം-ഇ.എസ്. ബിജിമോൾ

കൊല്ലം : രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താനുള്ള നീക്കത്തിനെതിരേ സ്ത്രീകളും രംഗത്തിറങ്ങണമെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ. ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മഹിളാസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതരത്തിലുള്ള ഇടപെടലുകൾ അംഗീകരിക്കാനാകില്ല. കേന്ദ്രസർക്കാർ ഭരണകൂട സംവിധാനങ്ങളെ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കുകയാണ്. കേരളത്തിൽ ഇടതു നേതാക്കൾക്കെതിരേ ഇ.ഡി. അന്വേഷണം വരുമ്പോൾ അതിനെ സ്വാഗതം ചെയ്യുന്ന കോൺഗ്രസ് കേന്ദ്രത്തിൽ ഇതേ ഏജൻസികൾക്കെതിരേ പ്രതിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് ഇത് ഇരട്ടത്താപ്പാണെന്നും അവർ പറഞ്ഞു.
കേരള മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ജെ. ചിഞ്ചുറാണി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. ലതാദേവി, സംസ്ഥാന, ജില്ലാ നേതാക്കളായ ഉഷാകുമാരി, വിജയ ഫ്രാൻസിസ്, സുഭദ്രാമ്മ, അജിത സുരേഷ്, ഗിരിജ മുരളി ജില്ലാ സെക്രട്ടറി എം.എസ്. താര എന്നിവർ സംസാരിച്ചു. എം.എൻ. സ്മാരകത്തിൽനിന്നു ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് ബേയിൽ സമാപിച്ചു. ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിൽ സജീവ സാന്നിധ്യമായ കൊല്ലത്തെ എ.ഐ.എസ്.എഫ്. നേതാവ് അലീഷാ സുൽത്തനയെ ചടങ്ങിൽ ആദരിച്ചു.