റെയിൽവേ സ്റ്റേഷൻ പാതയോരം കൈയേറി വാഹനങ്ങൾ

പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷൻ പാതയോരത്ത് അനധികൃത വാഹന പാർക്കിങ് വർധിച്ചതോടെ വഴിമുട്ടി യാത്രക്കാർ. കെ.എസ്.ഇ.ബി. ഓഫീസിനു മുൻവശംമുതൽ കോട്ടപ്പുറം സ്‌കൂളിനു സമീപംവരെ ഇരുചക്രവാഹനങ്ങൾ െെകയടക്കിയിരിക്കുകയാണ്. സ്‌കൂൾവിടുന്ന സമയത്ത് വിദ്യാർഥികൾ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്.
കെ.എസ്.ഇ.ബി., നഗരസഭ, ആയുർവേദ ആശുപത്രി, ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി, കുടുംബകോടതി, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. തീവണ്ടിയാത്രികരുടെ വാഹനങ്ങളാണ് ഇവിടെ നിർത്തിയിടുന്നതിൽ ഭൂരിഭാഗവും. അതിരാവിലെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ വൈകീട്ടാണ് മാറ്റുന്നത്.
അനധികൃത പാർക്കിങ്ങിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടപ്പുറം ഗവ. എൽ.പി.സ്‌കൂൾ അധികൃതർ പരവൂർ പോലീസിനും നഗരസഭയ്ക്കും പരാതി നൽകിയിട്ടുണ്ട്.മേൽപ്പാലം-പെരുമ്പുഴ പാതയിൽ അഗ്നിരക്ഷാസേനാ ഓഫീസിനു മുന്നിലും ഇരുചക്രവാഹനപാർക്കിങ് ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. അഗ്നിരക്ഷാസേനയ്ക്ക് വാഹനങ്ങൾ സ്റ്റേഷനിൽനിന്ന് പുറത്തേക്കെടുക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ബസ് ട്രാക്കിലും ഇരുചക്രവാഹനങ്ങളുടെ അനധികൃത പാർക്കിങ് നടക്കുന്നുണ്ട്.റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തെ പരിമിതിയും വാഹനങ്ങൾ പുറത്തു പാർക്ക് ചെയ്യാൻ ഇടയാക്കുന്നുണ്ട്. അതിരാവിലെതന്നെ പാർക്കിങ് സ്ഥലം നിറയുന്നതോടെ കാടുള്ള ഭാഗത്തും മറ്റും വാഹനം നിർത്തിയിടേണ്ട സ്ഥിതിവരുന്നു. വാഹനം തിരിച്ചെടുക്കുമ്പോഴും പ്രയാസം നേരിടുന്നുണ്ട്.