മുതലത്തോട് പുനരധിവാസപദ്ധതി പാതിവഴിയിൽ

ആദിവാസി കുടുംബങ്ങളുടെ ദുരിതമൊഴിയുന്നില്ല

തെന്മല : മഴവെള്ളപ്പാച്ചിലിനെത്തുടർന്ന്, 10 വർഷംമുൻപ് അച്ചൻകോവിൽ മുതലത്തോട് ആറിന്റെ മറുകരയിലേക്ക് താമസം മാറ്റിയ ആദിവാസി കുടുംബങ്ങൾ മഴവെള്ളപ്പാച്ചിലിനെക്കാളും കൊടിയ ദുരിതമാണ് അനുഭവിച്ചുവരുന്നത്. കാട്ടുകമ്പുകൾ കുഴിച്ചിട്ട് അതിൽ ടാർപോളിൻ മേഞ്ഞ കുടിലിനുള്ളിൽ മഴയും വെയിലുമേറ്റ്, അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ജീവിച്ചുതീർക്കുകയാണ് ഇവർ.

പുനരധിവാസപദ്ധതി പാതിവഴിയിൽ

ഈ കുടുംബങ്ങളുടെ പുനരധിവാസത്തിനായി, ഒരുകുടുംബത്തിന് 12.5 സെന്റ് ഭൂമിയും വീടുമെന്ന നിലയിൽ ആവിഷ്കരിച്ച പദ്ധതി നാളുകളായി മുടങ്ങിക്കിടക്കുകയാണ്. അച്ചൻകോവിൽ ക്ഷേത്രം കവലയ്ക്കുസമീപം രണ്ടിടത്തായാണ് പദ്ധതി വിഭാവനം ചെയ്തത്. തട്ടുതട്ടായിട്ടുള്ള ഭൂമിയിൽ നിർമിച്ച വീടുകളിൽ സിമന്റ് പൂശുന്ന ജോലിയുൾപ്പെടെ ബാക്കിയാണ്. ഭവനപദ്ധതി നടപ്പാക്കുന്ന ഭാഗം മുഴുവൻ കാടുകയറി വന്യമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലമായി മാറിയതായി നാട്ടുകാർ പറയുന്നു.

നിർമാണം നടക്കുന്ന വീടിന്റെ പിൻഭാഗത്ത് വലിയരീതിയിൽ മൺതിട്ട ഇടിഞ്ഞുവീണിട്ടുണ്ട്. ഇത് മാറ്റിയില്ലെങ്കിൽ ഭിത്തിക്ക് ബലക്ഷയമുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്.

മുതലത്തോട് ആദിവാസി കുടുംബങ്ങളുടെ ദുരവസ്ഥ ‘മാതൃഭൂമി’ 2018 മുതൽ തുടർച്ചയായി വാർത്തയാക്കിയതോടെയാണ് 2025 ജൂണിൽ വീടുനിർമാണത്തിന് തുടക്കമായത്. 2.68 ഏക്കർ ഭൂമി കണ്ടെത്തുകയും പതിച്ചുനൽകുകയും ചെയ്തിരുന്നു. നിലവിൽ 12 കുടുംബങ്ങൾക്കാണ് വീടുനൽകുന്നത്. മൂന്നു കുടുംബങ്ങൾ പദ്ധതിയോട് താത്‌പര്യം പ്രകടിപ്പിച്ചിട്ടില്ല.

വീടിനായി ഒരു ഗുണഭോക്താവിന് ആറുലക്ഷം രൂപയാണ് നൽകുന്നത്. രണ്ടു മുറിയും ഒരു ഹാളും അടുക്കളയും ശൗചാലയവും ഉൾപ്പെടെ 800 ചതുരശ്രയടി വീടാണ് നിർമിക്കുന്നത്. ഈ സാമ്പത്തികവർഷം പദ്ധതി പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. വീടുവയ്ക്കുന്നതിനായി അഞ്ചു ഗഡുക്കളായാണ് പണം നൽകുന്നതെന്നും ഇതിൽ മൂന്നു ഗഡുക്കൾ നൽകിയിട്ടുണ്ടെന്നും നാലാമത്തെ ഗഡു നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും പുനലൂർ ട്രൈബൽ ഓഫീസ് അധികൃതർ അറിയിച്ചു.

(തുടരും)