ഐ.ടി.ഐ. തിരഞ്ഞെടുപ്പ് മാറ്റി; പ്രിൻസിപ്പലിനെ ഉപരോധിച്ചു

കൊല്ലം :ചന്ദനത്തോപ്പ് ഗവ. ഐ.ടി.ഐ.യിൽ വെള്ളിയാഴ്ച നടക്കാനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിയതിനെതിരേ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. എസ്.എഫ്.ഐ. പാനലിലെ മത്സരാർഥികളായിരുന്ന രണ്ടുപേർ നിരാഹാരസമരവും തുടങ്ങി.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വ്യാഴാഴ്ച വൈകീട്ടോടെയാണ് മാറ്റിവെച്ചതായി പ്രിൻസിപ്പലിന്റെ അറിയിപ്പ് വന്നത്. പരാജയഭീതി കാരണം കെ.എസ്.യു.വും കോൺഗ്രസ് അനുഭാവികളായ അധ്യാപകരും ചേർന്നു നൽകിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിയതെന്നാണ് എസ്.എഫ്.ഐ.യുടെ ആരോപണം.

90 ശതമാനം അധ്യാപകരും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട കൗൺസിൽ തീരുമാനം മറികടന്നാണ് ഡയറക്ടറേറ്റ് ഉത്തരവെന്നും അവർ ആരോപിക്കുന്നു. മാത്രമല്ല, ഔദ്യോഗിക ഉത്തരവ് എത്തുംമുൻപേ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നുകാട്ടി യു.ഡി.എസ്.എഫ്. പോസ്റ്ററുകൾ ഇറക്കിയത് ഗൂഢാലോചനയുടെ തെളിവാണെന്നും നേതാക്കൾ പറയുന്നു. ഇതിനെതിരേയാണ് വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചത്. രാത്രി വൈകിയും ഉപരോധം തുടരുകയാണ്.

ഇതിനിടെ എസ്.എഫ്.ഐ. പാനലിലെ ചെയർമാൻ സ്ഥാനാർഥി മിഥുൻ, പ്രതിനിധി സ്ഥാനാർഥി സ്വാദിഷ് എന്നിവർ നിരാഹാരസമരം ആരംഭിച്ചു. കുണ്ടറ പോലീസിന്റെ സാന്നിധ്യത്തിൽ ഐ.ടി.ഐ. അധികൃതരും വിദ്യാർഥികളും ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല. എസ്.എഫ്.ഐ. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ആർ. ഗോപീകൃഷ്ണൻ, ജില്ലാ സെക്രട്ടറി എസ്. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം.