പനംകുറ്റിമലയിൽ മണ്ണിടിച്ചിൽ; രണ്ടു ദിവസം ജലവിതരണം മുടങ്ങും

പുനലൂർ : ജപ്പാൻ ജലവിതരണപദ്ധതിയുടെ(മീനാട്) പുനലൂർ പനംകുറ്റിമലയിലെ ശുദ്ധീകരണശാലയിൽ മണ്ണിടിച്ചിൽ. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ജലശുദ്ധീകരണം നടത്തുന്ന ഫ്ലോക്കുലേറ്റർ യൂണിറ്റിന് കേടുപാടു സംഭവിച്ചു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗുണഭോക്താക്കളായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രണ്ടു ദിവസത്തോളം ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ശുദ്ധീകരണശാലയുടെ ഫ്ലോക്കുലേറ്റർ യൂണിറ്റിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് യൂണിറ്റിലേക്കുള്ള കേബിളുകൾ മണ്ണിനടിയിൽപ്പെട്ടു. ഒരു ഫ്ലോക്കുലേറ്റർ പ്രവർത്തനരഹിതമായി. ഇതുകൂടാതെ വെള്ളത്തിലെ മാലിന്യം നീക്കുന്നതിനുള്ള കോയഗുലേഷൻ ചാനലിലേക്ക് മണ്ണും വലിയ കല്ലുകളും പതിച്ചതും ജലശുദ്ധീകരണപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെ പ്ലാന്റിൽനിന്നുള്ള പമ്പിങ്ങും തടസ്സപ്പെട്ടു.

മണ്ണ് നീക്കംചെയ്യുന്നതിനും തകരാറിലായ ഫ്ലോക്കുലേറ്റർ യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും വൈകുന്നേരത്തോടെ പെയ്ത കനത്ത മഴ ജോലികൾ തടസ്സപ്പെടുത്തി. മണ്ണ് പൂർണമായും നീക്കംചെയ്താലേ എത്രമാത്രം തകരാറുണ്ടായിട്ടുണ്ടെന്നു കണ്ടെത്താനാവൂ.

ഫ്ലോക്കുലേറ്റർ യൂണിറ്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുംവരെ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. യൂണിറ്റിന്റെ തകരാർ പരിഹരിച്ച് പ്ലാന്റിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതോടെ ജലവിതരണം ഘട്ടംഘട്ടമായി സാധാരണ നിലയിലാകും.

അഞ്ചൽ, കരവാളൂർ, ഇളമാട്, ഇളമുടക്കൽ, ഉമ്മന്നൂർ, പൂയപ്പള്ളി, ചാത്തന്നൂർ, വെളിയം, നെടുമ്പന, ആദിച്ചനല്ലൂർ, മയ്യനാട്, പൂതക്കുളം പഞ്ചായത്തുകളിലും പരവൂർ, പുനലൂർ നഗരസഭകളിലും കൊല്ലം കോർപ്പറേഷന്റെ ചില പ്രദേശങ്ങളിലുമാണ് ജപ്പാൻ പദ്ധതിയിൽനിന്ന് ജലവിതരണം നടത്തുന്നത്. 2003-ൽ ആരംഭിച്ച പദ്ധതി വഴി പ്രതിദിനം 73 ദശലക്ഷം ലിറ്റർ വെള്ളമാണ് ശുദ്ധീകരിച്ച് വിതരണംചെയ്യുന്നത്. കല്ലടയാറാണ് സ്രോതസ്സ്.