സൂര്യനെ മേയുന്ന ധൂമകേതുക്കളെ അറിയാമോ?

സൂര്യനെ മേയുന്ന ധൂമകേതുക്കൾ (sungrazing comets) എന്ന പേരിൽ അറിയപ്പെടുന്ന ഒരു ടീംസ് ഉണ്ട്. സൂര്യനെ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ വളരെ അടുത്ത് പോയി സൂര്യനെ ചുംബിക്കുന്ന സാഹസം കാണിക്കുന്ന പോക്കിരികൾ ആണിവർ.
ഇതിൽ ചിലർ സൂര്യനിൽ തന്നെ കത്തി എരിഞ്ഞു തീരും. അവയ്ക്ക് പിന്നെ സൂര്യന്റെ പുറത്തു കടക്കാൻ ആയുസ്സില്ല. പക്ഷേ, ഇതിലെ ചില മിടുക്കന്മാരുണ്ട്. കുറച്ചു ഭാഗം സൂര്യൻ കത്തിച്ചു കളഞ്ഞാലും ബാക്കിയുള്ള ഭാഗവും കൊണ്ട് അവർ കഷ്ടിച്ച് രക്ഷപെടും. മറ്റുചിലരാവട്ടെ, സൂര്യന്റെ കൂടുതൽ അടുത്ത് ചെല്ലാതെ ബുദ്ധിയോടെ രക്ഷപെടും.
സൂര്യന്റെ ഗുരുത്വാകർഷണ ശക്തിയേറ്റ് ചില വലിയ ധൂമകേതുക്കൾ മുത്തുമാല പൊട്ടി പൊഴിയുന്ന പോലെ ചെറിയ കഷ്ണങ്ങൾ ആയി ചിന്നിച്ചിതറി സൂര്യനിൽ ചെന്ന് പതിക്കും.
സൂര്യനെ ഒരു തവണ വലം വെക്കാൻ ആയിരക്കണക്കിന് വർഷങ്ങളും മില്യൺ കണക്കിന് വർഷങ്ങളും ഒക്കെ എടുക്കുന്നവർ കൂട്ടത്തിലുണ്ട്. ഒരു തവണ സൂര്യന്റെ പക്കൽ നിന്ന് കത്തി ക്കരിയാതെ രക്ഷപ്പെട്ടാൽ പിന്നെയും മില്യൺ കണക്കിന് വർഷങ്ങൾ അവർക്ക് ജീവിക്കാം. അവരാണ് ഇതിലെ ഭാഗ്യവാന്മാർ.
ഇതിൽ നിർഭാഗ്യവാന്മാരായ മറ്റൊരു തരം കൂട്ടരെ പറ്റി പറയാം. ഇവിടെ വില്ലൻ വ്യാഴമാണ്. ചില ധൂമകേതുക്കളെ വ്യാഴം കാലങ്ങൾ കൊണ്ട് ആകർഷിച്ചാകർഷിച്ച് തന്റെ ചൊൽപ്പടിയിലാക്കും. എന്നിട്ടോ? അവയെ സൂര്യനിൽ ചെന്ന് വീഴുന്ന തരത്തിലുള്ള ഭ്രമണപഥത്തിലേക്ക് തള്ളിവിടും. ആകാശത്തിലെ ഒരു വിശ്വാസവഞ്ചന പോലെ!
ശാസ്ത്രീയമായി പറയുകയാണെങ്കിൽ ഇതിനെ കോസ്ഐ പ്രതിഭാസം (Kozai mechanism) എന്ന് ഭ്രമണപത്ഥശാസ്ത്രത്തിൽ വിശേഷിപ്പിക്കാം. ജപ്പാനിൽ നിന്നുള്ള ജ്യോതിശാസ്ത്രജ്ഞൻ ആയ യോഷിഹിടെ കോസൈ (Yoshihide Kozai) ആണ് ഈ പ്രതിഭാസം ആദ്യം കണ്ടുപിടിക്കുന്നത്.
(ഡോ. അശ്വിൻ ശേഖർ ബാലഭൂമിയിൽ എഴുതിയത്.)
Content Highlights: Discover the thrilling journey of sungrazing comets as they dare to kiss the Sun