ഓണത്തപ്പൻ മുതൽ ഓണോട്ടൻ വരെ! ഓണവുമായി ബന്ധപ്പെട്ട ചില രസികൻ വാക്കുകളും അവയുടെ വിശേഷങ്ങളും !

തിരുവോണച്ചെലവു തോണി
ആറന്മുളയിൽ മങ്ങാട് എന്നൊരു ഇല്ലമുണ്ട്. മങ്ങാട്ടില്ലത്ത് പണ്ട് താമസിച്ചിരുന്ന ഒരു ഭട്ടതിരി പ്രത്യേക സ്വഭാവക്കാരനായിരുന്നു. തിരുവോണദിവസം ഏതെങ്കിലും ബ്രഹ്മചാരിയുടെ കാൽ കഴുകി ഊണുകൊടുത്തിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കൂ.
പക്ഷേ, ഒരുതവണ ഓണത്തിന് ബ്രഹ്മചാരിയായ ആരെയും അദ്ദേഹത്തിന് കിട്ടിയില്ല. അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് തേജസ്വിയായ ഒരു ബ്രഹ്മചാരി അവിടെയെത്തിയത്. ഭട്ടതിരി സന്തോഷപൂർവം അദ്ദേഹത്തിന്റെ കാൽകഴുകി സ്വീകരിച്ചിരുത്തി ഊണ് കൊടുത്തു.
അടുത്തകൊല്ലം ഓണത്തലേന്ന് ഭട്ടതിരി ഒരു സ്വപ്നം കണ്ടു. കഴിഞ്ഞ കൊല്ലം വന്ന ബ്രഹ്മചാരി സാക്ഷാൽ മഹാവിഷ്ണുവായിരുന്നെന്നും ഈ കൊല്ലത്തേക്കുള്ള ഭക്ഷണം ആറന്മുള ക്ഷേത്രത്തിലേക്ക് എത്തിച്ചാൽ മതിയെന്നും മഹാവിഷ്ണു പറയുന്നതായിരുന്നു സ്വപ്നം.
ആ കൊല്ലം മുതൽ ഭട്ടതിരി മുടങ്ങാതെ തിരുവോണത്തലേന്ന് അരിയും മറ്റ് സാധനങ്ങളും ഒരു തോണിയിൽ ആറന്മുള ക്ഷേത്രത്തിലേക്ക് കൊടുത്തുവിട്ടു. ഈ സാധനങ്ങൾ കൊണ്ടുപോകുന്ന തോണിയാണ് തിരുവോണച്ചെലവ് തോണി.
പിന്നീട് തിരുവോണച്ചെലവുതോണിക്ക് നാട്ടുകാർ അകമ്പടി പോകുന്ന പതിവും വന്നു. ഇതിന്റെ ഓർമയ്ക്കായാണ് ആറന്മുള ഉത്രട്ടാതി വള്ളംകളി നടത്തുന്നത്.
ഓണത്തുനാടും മഹാബലിക്കരയും
കായംകുളത്തിന്റെ പഴയ പേരാണ് ഓണത്തുനാട്. ഓണനാട് എന്നും പറയും. ഓണത്തരചൻ എന്നായിരുന്നു അവിടത്തെ ഭരണാധികാരിയുടെ പേര്. മാവേലിക്കര ഓണത്തുനാട്ടിൽപ്പെട്ട ഒരു സ്ഥലമായിരുന്നു. മഹാബലിക്കരയെന്നായിരുന്നു മാവേലിക്കരയുടെ പഴയ പേര്.
തൃക്കാൽക്കര!
വാമനന്റെ കാല്പാദം പതിഞ്ഞതെന്ന് കരുതപ്പെടുന്ന ഒരു സ്ഥലം കേരളത്തിലുണ്ട്. അതാണ് തൃക്കാക്കര. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. വിഷ്ണുവിന്റെ 'തൃക്കാൽ' പതിഞ്ഞ 'കര'യായ 'തൃക്കാൽക്കര'യാണ് പിന്നീട് തൃക്കാക്കരയായതത്രേ. വാമനനാണ് തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠ. തൃക്കാക്കരയപ്പൻ എന്നാണ് ഈ പ്രതിഷ്ഠയെ പൊതുവേ പറയാറ്.
ആരാണീ ഓണത്തപ്പൻ?
തിരുവോണത്തിന് നാടുകാണാൻ വരുന്ന മാവേലിയാണ് ഓണത്തപ്പൻ എന്നാണ് ചിലരുടെ വിശ്വാസം. മറ്റുചിലരാകട്ടെ തൃക്കാക്കരയപ്പനാണ് ഓണത്തപ്പൻ എന്നും വിശ്വസിക്കുന്നു.
കന്നിഓണം
പണ്ട് മലബാറിൽ ചിങ്ങമാസത്തിലെ തിരുവോണനാളിലായിരുന്നു പുതുവർഷം തുടങ്ങിയിരുന്നത്. കൊല്ലത്തായിരുന്നു അന്ന് രാജാവിന്റെ ആസ്ഥാനം. അവിടെനിന്ന് ആണ്ടുപിറവി അറിയിക്കാൻ രാജാവ് അയച്ച ദൂതൻ ഭാരതപ്പുഴ കടന്ന് മലബാറിൽ എത്തിയപ്പോഴേക്കും ചിങ്ങമാസം കഴിഞ്ഞുപോയി. രാജാവ് തങ്ങളെ പറ്റിച്ചതിൽ ദേഷ്യം വന്ന മലബാറുകാർ പിന്നീട് കുറേക്കാലം കന്നിമാസത്തിലാണ് ഓണം ആഘോഷിച്ചിരുന്നത്. കന്നി ഓണത്തെ ചിലർ 'ഇരുപത്തെട്ടോണം' എന്ന് പറഞ്ഞിരുന്നു. ഓണം കഴിഞ്ഞ് ഇരുപത്തെട്ടുദിവസം കഴിഞ്ഞാണ് കന്നി ഓണം.
ഓണോട്ടൻ
ഓണക്കാലത്ത് കൊയ്യാൻപാകത്തിൽ വിതയ്ക്കുന്ന ഒരിനം നെല്ലാണിത്. 'ഓണോട്ടൻ വിതച്ചാൽ ഓണത്തിന് പുത്തരി' എന്നൊരു പഴഞ്ചൊല്ലുമുണ്ട്.
Content Highlights: Explores the origin and story behind Thiruvonachelavu Thoni and Aranmula Uthrattathi Vallamkali