ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന കുട്ടികൾ! രക്ഷിതാക്കൾ അറിയേണ്ടത്

വീണ്ടുമൊരു അധ്യയന വർഷംകൂടി വന്നെത്തുകയാണ്. പുത്തനുടുപ്പും പുള്ളിക്കുടയുമൊക്കെയായി സ്‌കൂളിലേക്ക് പോകാനൊരുങ്ങുകയാണ് കുട്ടികൾ. ആദ്യമായി സ്‌കൂളിലേക്ക് പോകുന്നതിന്റെ ആവേശത്തോടൊപ്പം കുട്ടികൾക്ക് ചെറിയ പേടിയുമുണ്ടാകാം. ഇത് രക്ഷിതാക്കൾ വേണം മാറ്റിയെടുക്കാൻ.

സ്‌കൂൾ പേടിക്കേണ്ട സ്ഥലമല്ലെന്ന് ആദ്യമേ കുട്ടികളെ പറഞ്ഞു മനസിലാക്കണം. കഴിയുമെങ്കിൽ സ്‌കൂൾ തുറക്കുന്നതിന് മുമ്പേ സ്‌കൂളും പരിസരവും കുട്ടികളെ കൊണ്ടുചെന്ന് കാണിച്ചുകൊടുക്കാം. അച്ഛനെയും അമ്മയെയുമെല്ലാം വിട്ടുപിരിഞ്ഞ് സ്‌കൂളിൽ പോകാൻ തുടക്കത്തിൽ കുട്ടികൾ ചെറിയ മടി കാണിച്ചേക്കാം. ഇത്തരം സന്ദർഭങ്ങളിൽ വഴക്കു പറഞ്ഞും അടിച്ചും കുട്ടികളെ സ്‌കൂളിലയക്കരുത്. പകരം സ്‌കൂളിൽ അച്ഛനെയും അമ്മയെയും പോലെ ടീച്ചർ ഉണ്ടാകുമെന്നും ഒപ്പം കളിക്കാൻ നിറയെ കൂട്ടുകാരുണ്ടാകുമെന്നും പറഞ്ഞു കൊടുക്കാം.

ആദ്യ ദിവസങ്ങളിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്‌കൂളിൽ ചെല്ലണം. അവരോട് യാത്ര പറഞ്ഞതിന് ശേഷമേ മടങ്ങാവൂ. സ്‌കൂളിൽ നിന്ന് മടങ്ങിവന്നാൽ അന്ന് നടന്ന കാര്യങ്ങളെല്ലാം അവരോട് ചോദിച്ചറിയാം. തുടക്കത്തിലേ പഠനം, എഴുത്ത് എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തരുത്. സ്‌കൂളിനെ ഇഷ്ടപ്പെട്ടാലേ പഠിക്കാനും മനസ്സുണ്ടാകൂ. കളിചിരികളോടെ അവർ സ്‌കൂളിലേക്ക് പോകട്ടെ.

Content Highlights: Building a positive mindset about school before the first day