'വിട് പിശാചെ.' അനിത മേശപ്പുറത്തുനിന്നും രണ്ടടി നീളമുള്ള കത്തിയെടുത്ത് ജയനെ കുത്തി

ജയശങ്കർ ശോഭയെ ചുറ്റിപ്പിടിച്ചുകൊണ്ട് പിന്നോട്ട് നീങ്ങി. മേശപ്പുറത്തിരുന്ന കൂജ ശോഭയുടെ കൈ തട്ടി നിലത്തു വീണു. ആ ശബ്ദംകേട്ട് അനിത ഞെട്ടിയുണർന്നു.
ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി.
'മമ്മീ... ' അവൾ ഉറക്കെ വിളിച്ചു.
ആ ശബ്ദം ശോഭ തിരിച്ചറിഞ്ഞു. അവൾക്ക് സ്വബോധം വീണ്ടുകിട്ടി. അടുത്തനിമിഷം ശോഭ ജയനിൽനിന്നും കുതറിമാറി. അയാളുടെ പിടുത്തം മുറുകിയതേയുള്ളു.
'വിടു പിശാചെ.'
അനിത മേശപ്പുറത്തുനിന്നും രണ്ടടി നീളമുള്ള കത്തിയെടുത്ത് ജയനെ കുത്തി.
ജയൻ കത്തിയൂരിയെടുത്തു.
ശോഭയെ പിടിച്ച് നെഞ്ചിലേക്ക് അമർത്തിപ്പിടിച്ചു.
ശോഭ കുതറിച്ചുകൊണ്ട് നിലവിളിച്ചു.
നിലവിളികേട്ടുകൊണ്ട് രവിയും, ഹരിയും ഓടിവന്നു. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിപ്പിച്ചു കളഞ്ഞു.
അവരെ കണ്ടതും ജയൻ കയ്യിലിരുന്ന കത്തി നിലത്തിട്ടു.
അനിത ശോഭയെ വലിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ ജയന്റെ ഒരു കൈ അവളെ അമർത്തി പിടിച്ചിരിക്കുകയായിരുന്നു. ആ കൈകൾക്ക് ഇരുമ്പിന്റെ ശക്തിയുണ്ടെന്ന് ശോഭയ്ക്കു തോന്നി.
ഹരി അടുക്കളയിൽ ചെന്ന് ഒരു കമ്പിപ്പാരയുമായി പാഞ്ഞുവന്നു. ഇന്ന് രണ്ടിലൊന്നറിയണം. അയാളുറച്ചു. രവി തടയുന്നതിനുമുമ്പ് ഹരി കമ്പിപ്പാരകൊണ്ട്ജയനെ കുത്തി.
'' അനിയാ... ഹരീ..!' ജയന്റെ നിലവിളികേട്ട് ഹരി തരിച്ചുനിന്നുപോയി.
ജയന്റെ രൂപം മാറാൻ തുടങ്ങി. അപ്പോൾ അവിടെ ഒരു നിഴൽപോലെ എറോക്ക് നിൽക്കുന്നത് അവർ കണ്ടു.
''ഹ...ഹ... ഹ...'
പൊട്ടിച്ചിരി കേട്ട് അവർ തല തിരിച്ചു.
ജയന്റെ സ്ഥാനത്ത് രണ്ട് രൂപങ്ങൾ. രാമേട്ടനും, ജയനും. അവർക്ക് പിന്നിൽ ഭീകരസത്വം നിന്നിരുന്നു.
രാമേട്ടൻ കമ്പിപ്പാര ഊരിയെടുത്ത് ഹരിയെ എറിഞ്ഞു. അയാൾ ചാടി മാറി. മാർബിൾത്തറയിൽ കമ്പിപ്പാര കുത്തി നിന്നു !
ആ കമ്പിപ്പാര കുത്തിനിന്നിടം മൊട്ടത്തോടു പൊട്ടിച്ചിതറുന്നതുപോലെ വിണ്ടു കീറി.
അവിടെ വലിയൊരു കുഴി ഉണ്ടായി. ആ കുഴിയിൽനിന്നും മനം മടുപ്പിക്കുന്ന ഗന്ധം ഉയർന്നു.
ആ കുഴിയിൽനിന്നും എന്തോ തിളയ്ക്കുന്ന ശബ്ദം ഉയർന്നു കേട്ടു.
ഹരി കമ്പിപ്പാര വലിച്ചൂരിയെടുത്തു.
അപ്പോൾ ആ കുഴിയിൽനിന്നും ഒരു മനുഷ്യരൂപം കയറിവന്നു.
'മോനെ ഹരിക്കുട്ടാ..!' ആ അസ്ഥിക്കോലം വാതുറന്നു.
'അച്ഛൻ..!' ഹരി അറിയാതെ മന്ത്രിച്ചു.
'വാടാ മോനെ... ' ഹരിയുടെ അച്ഛൻ അയാളുടെ നേരെ ചെന്നു. ഹരി കമ്പിപ്പാരക്കു കുത്തി.
പെട്ടെന്നാണ് ജയൻ ശോഭയെ പിടിച്ച് മുന്നോട്ടു തള്ളിവിട്ടത്.
'ആ..' ഒരാർത്തനാദം ഉയർന്നു.
ശോഭയുടെ വയറ്റിൽ കമ്പിപ്പാര കൊണ്ടു കയറി. അവളൊന്നു പിടച്ചു. കണ്ണുകൾ തുറിച്ച് ആ ശരീരം നിശ്ചലമായി.
'ശോഭേട്ടത്തീ... ' ഹരിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല.
'അമ്മേ... ' അനിത അലറിക്കരഞ്ഞു.
ഇരുളിൽ പൊട്ടിച്ചിരികൾ അലിഞ്ഞുചേർന്നു.
അവർ ചുറ്റും നോക്കി. ആരുമില്ലായിരുന്നു.
രവി തറയിലേക്കു നോക്കി. തറ പഴയതുപോലെ തന്നെ ഉണ്ടായിരുന്നു.
ഭ്രാന്തുപിടിച്ചവനെപ്പോലെ ഹരി കമ്പിപ്പാരയുമായി താഴേയ്ക്കോടി.
'ഹരീ... നിൽക്ക്..' രവി പിന്നാലെ പാഞ്ഞു.
മുകളിലത്തെ ബഹളം കേട്ട് എണീറ്റുവരികയായിരുന്ന ജലജയെ തട്ടിയിട്ടുകൊണ്ട് ഹരി അവരുടെ ബെഡ് റൂ മിലേക്കു പാഞ്ഞുകയറി.
ബെഡ്ഡിൽ ഉറങ്ങിക്കിടക്കുകയായിരുന്നു കിരൺ മോൻ.
'എടാ... ചെകുത്താന്റെ സന്തതി.. ഇനി നിനക്ക് രക്ഷയില്ല...
അലറിക്കൊണ്ട് ഹരി കിരണിനെ കമ്പിപ്പാരക്കു കുത്തി.
ദിഗന്തങ്ങൾ പിളർക്കുന്ന ഒരലർച്ച അവനിൽനിന്നുണ്ടായി. അവന്റെ നെഞ്ചിലെ മുറിവിൽനിന്നും തീജ്വാലകൾ ഉയർന്നു. വായിൽനിന്നും പുകയും.
തീയിൽവീണ പാമ്പിനെപ്പോലെ ബെഡ്ഡിൽ കിടന്നവൻ പുളഞ്ഞു. പിന്നെ ഉരുണ്ട് താഴെ വീണു.
മുറിക്കുള്ളിൽ നേരിയ കോടമഞ്ഞുപോലെ പുകനിറഞ്ഞു. ആ പുകയ്ക്കുള്ളിൽ എറോക്കിന്റെ രൂപം ഹരി കണ്ടു.
പിന്നാലെ പാഞ്ഞുവന്ന രവി സ്തബ്ധനായി നിന്നുപോയി. മുറിക്കുള്ളിലെ പുക അടങ്ങിയപ്പോൾ ഒരു വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ ശരീരം തറയിൽ കിടക്കുന്നതാണ് അവർ കണ്ടത്.
'കിരൺ എവിടെ..?' അവർക്കൊന്നും മനസ്സിലായില്ല?
'ഏട്ടാ...അറിയാതെയാണെങ്കിലും ഞാനിപ്പോൾ രണ്ടു കൊലപാതകങ്ങൾ ചെയ്തു. ഇനി എനിക്കു ജീവിക്കേണ്ട.'
ഹരി തല ഭിത്തിക്കിട്ട് ഇടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.
രവിക്ക് ഹരിയെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. തറയിൽക്കിടന്ന വൃദ്ധന്റെ ശരീരത്തിന് തീപിടിച്ചതു പോലെ അത് നേരിയൊരു പുകയോടെ കത്തിത്തീർന്നു.
തറയിൽ ചാരം പോലും അവശേഷിച്ചില്ല.
മുറ്റത്തുനിന്നും ആരോ വിളിക്കുന്നതുകേട്ട് രവി വാതിൽതുറന്നു നോക്കി.
കിരൺമോൻ കയറിവന്നു. 'മോനെ...?'
അത്ഭുതത്തോടെ രവി അവനെ നോക്കി.
' അച്ഛാ...'
'നീ എവിടെയായിരുന്നു...?'
'എനിക്കറിയില്ലച്ഛാ... കണ്ണു തുറക്കുമ്പോൾ ദാ....അവിടെയായിരുന്നു. '
കിരൺ തൊടിയിലേക്കു കൈ ചൂണ്ടി. രവി അങ്ങോട്ടുനോക്കി. അത് ജയന്റെ കുഴിമാടമായിരുന്നു.
അപ്പോൾ കുഴിമാടത്തിനരുകിൽ ഒരു മനുഷ്യരൂപം നില്ക്കുന്നത് രവി കണ്ടു. ആ രൂപത്തോട് ചേർന്ന് മറ്റൊരു രൂപം.
'മമ്മിയുടെ ശരീരം കാണാനില്ല.' നിലവിളിച്ചുകൊണ്ട് അനിത താഴേക്കുവന്നു.
ശോഭേടത്തി എവിടെപ്പോയി... ഹരി സംശയിച്ചു. ഒരു പക്ഷെ ഏട്ടത്തി മരിച്ചുകാണില്ല. അയാൾ അങ്ങനെ ആശ്വസിച്ചു.
'ഹരീ... മുറ്റത്ത് ആരോ നിൽപ്പുണ്ട്... ആ ടോർച്ച് ഇങ്ങുതരൂ...' രവി പറഞ്ഞു.
അയാൾ ടോർച്ചെടുത്തു കൊടുത്തു. രവി തൊടിയിലേക്കു ടോർച്ചടിച്ചു.
ഇപ്പോൾ രണ്ടിനുപകരം മൂന്നു രൂപങ്ങൾ. ആ കാഴ്ച കണ്ട് അവർ മരവിച്ചു നിന്നുപോയി.
നടുക്ക് ഭീകര സത്വം എറോക്ക്!
അപ്പുറത്തും ഇപ്പുറത്തുമായി ജയനും ശോഭയും!
ഭീതിയോടെ അവർ അകത്തുകയറി വാതിലടച്ച് കുറ്റിയിട്ടു.
ആ രാത്രി ഹരിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. തന്റെ കൈകൊണ്ട് ശോഭേടത്തിയെ കൊന്നുവെന്നു വിശ്വസി ക്കാൻ അവനു കഴിഞ്ഞില്ല.
നാലു ദിവസം കൂടി കഴിഞ്ഞാൽ തന്റെ കല്യാണമാണ്. അന്ന് താൻ കൊലക്കേസ്സിൽ പ്രതിയായി ജയിലിലായിരിക്കും.
'ഈശ്വരാ...'
ഹരി ഏങ്ങിയേങ്ങി കരഞ്ഞു. പിന്നെ അവൻ സമാധാനിച്ചു. മനഃപൂർവ്വം താൻ ഏട്ടത്തിയെ കൊന്നിട്ടില്ല.
അറിയാതെ അവൻ ഉറക്കത്തിലേയ്ക്കു വഴുതിവീണു.
'ഹരീ.. 'രാവിലെ ആരോ വാതിലിൽ തട്ടിവിളിക്കുന്നതുകേട്ട് ഹരി ഞെട്ടിയുണർന്നു.
'ഹരീ...എണീക്ക്... നേരം ഒരുപാടായി... '
ആ ശബ്ദം കേട്ടതും അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.
'ശോഭേടത്തി..?'
ഉറക്കെ വിളിച്ചുകൊണ്ട് ഹരിഎണീറ്റ് ഓടിച്ചെന്ന് വാതിൽ തുറന്നു.
കുളിച്ച്, നെറ്റിയിൽ ചന്ദനക്കുറി തൊട്ടുകൊണ്ട് ശോഭ തൊട്ടുമുമ്പിൽ.
'ഇതാ ചായ... എന്നിട്ട് വേഗം താഴേയ്ക്കു ചെല്ല്. പന്തലിന്റെ പണിക്കാർ വന്നു പണിതുടങ്ങി. '
ഹരിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.
ചായ കപ്പു കയ്യിൽ വാങ്ങുമ്പോൾ ഹരിയാകാഴ്ച കണ്ടു. ഏട്ടത്തിയുടെ വയറ്റിൽ തന്റെ കുത്തുകൊണ്ട് ഭാഗത്ത് നീളത്തിൽ മുറിവ് ഉണങ്ങിയതുപോലെ ഒരു പാട്.
'നീ ചായ കുടിക്ക്.. '
ഹരിയുടെ നോട്ടം ശ്രദ്ധിച്ചുകൊണ്ട് നിന്ന ശോഭ പറഞ്ഞു.
'ഹരീ...നീ എണീറ്റില്ലെ..?' താഴെനിന്നും രവിവിളിച്ചു.
'ദാ...വന്നു... 'ഹരി ഒറ്റവലിക്കു ചായകപ്പു കാലിയാക്കി ശോഭയുടെ കയ്യിൽ കൊടുത്തിട്ട് താഴേയ്ക്കു ഇറങ്ങി ചെന്നു.
''ഏട്ടാ...ഏട്ടത്തി... കുഴപ്പമൊന്നുമില്ല...' ഹരിക്ക് ശ്വാസം വിലങ്ങി.
'കുറച്ചു ദിവസമായി സംഭവിക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ ഇതുകൂടി മറന്നേരെ ഹരീ... മരിച്ചവർ ജീവിക്കും. ജീവിക്കുന്നവർ മരിക്കും. എല്ലാം ആ ചെകുത്താന്റെ പണിയാണ്. എറോക്കിന്റെ...ങാ...... ഹരീ... നീ താഴേയ്ക്കു ചെല്ല്. മുറ്റത്ത് പന്തൽ പണിക്കാർ വന്നിട്ടുണ്ട്. അവർക്കു വേണ്ട നിർദേശങ്ങൾ കൊടുക്ക്.'
രവി പറഞ്ഞു.
'ഏട്ടാ... കിരൺമോനെവിടെ?'
'അവനിപ്പോൾ കുഴപ്പമൊന്നുമില്ല. ജലജയുടെയും അനിതയുടെയും അടുത്ത് ഇരുപ്പുണ്ട്... '
'സമാധാനമായി... കല്യാണം കഴിയുന്നതുവരെ ആ ചെകുത്താൻ കുഴപ്പമൊന്നും ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു. അപ്പോഴേയ്ക്കും ഡോക്ടർ സണ്ണി പറഞ്ഞ ഫാ.ഡൊമിനിക്ക് ഇങ്ങോട്ടെത്തും... ' ആശ്വാസത്തോടെ ഹരി പറഞ്ഞു.
കിരൺ വീടിന്റെ പിന്നാമ്പുറത്തേക്ക് ഇറങ്ങി വന്നു. ദൂരെനിന്നും ഒരു പ്രകാശഗോളം അവന്റെ
നേരെ പാഞ്ഞുവരുന്നത് ആരും കണ്ടില്ല
(തുടരും...)
Content Highlights: Horror Novel Kadal Chekuthan Part 12