കാലൻകോഴി ചിറകുകൾ വീശി പറന്നു പോകുന്നത് മിന്നായം പോലെ അവർ കണ്ടു|കണ്ണാടിയിലെ മന്ത്രവാദിനി|ഭാഗം 6

രാത്രിയായപ്പോൾ വടക്കേ മുറിയിൽ നിന്ന് ഒരു കൈതോലപ്പായ എടുത്ത് അച്ഛമ്മ നിളയുടെ കൈയ്യിൽ കൊടുത്തു. നിള ആദ്യമായിട്ട് കാണുകയായിരുന്നു കൈതോലപ്പായ.
''ഇതെന്താണച്ഛമ്മേ, നിലത്തു വിരിക്കാനുള്ള കാർപ്പെറ്റോ?''-അവൾ ചോദിച്ചു.
അച്ഛമ്മ ചിരിച്ചു.
''ഇത് കിടക്കാനുള്ള പായയാണ്.''- അച്ഛമ്മ പറഞ്ഞു.
നിളയ്ക്ക് അത്ഭുതമായി. അവളത് നിവർത്തി നോക്കി. ഒത്തിരി കുഞ്ഞു കുഞ്ഞു സമചതുരങ്ങൾ ചേർത്തു വച്ച പോലെ.
''ഇതെവിടുന്നാ വാങ്ങിയത്?''
''വാങ്ങിയതല്ല, ഞാനുണ്ടാക്കിയതാ.''
അച്ഛമ്മ പറഞ്ഞതു കേട്ട് നിള പിന്നേയും അത്ഭുതപ്പെട്ടു.
''ഇതുണ്ടാക്കാനുള്ള യന്ത്രം അച്ഛമ്മയുടെ കൈയ്യിലുണ്ടോ?'' - അവൾ ചോദിച്ചു.
ആ ചോദ്യം കേട്ട് അച്ഛമ്മ ഉറക്കെയുറക്കെ ചിരിച്ചു.
''പായ നെയ്യാൻ യന്ത്രമൊന്നും വേണ്ട. നമ്മുടെ കൈ മതി.'' - അച്ഛമ്മ പറഞ്ഞു.
''അതെങ്ങനെ?''
''അച്ഛമ്മയുടെ കുട്ടി ഇനി ഇവിടുന്ന് പോകുന്നില്ലല്ലോ. എല്ലാം അച്ഛമ്മ കാണിച്ചു തരാം.''
നിള തല കുലുക്കി.
പായുമെടുത്ത് അവർ മുറ്റത്തേക്കിറങ്ങി. അച്ഛമ്മ ചൂലു കൊണ്ട് മുറ്റത്തെ ചപ്പിലകൾ അടിച്ചു നീക്കി. ഈർക്കിൽ കൊണ്ടുള്ള ചൂലായിരുന്നു അത്.
''ഇതും അച്ഛമ്മ ഉണ്ടാക്കിയതാണോ?''
അച്ഛമ്മ തലയാട്ടി.
''അച്ഛമ്മ ആളൊരു ആർട്ടിസ്റ്റാണല്ലോ.''
''ഈ കുട്ടീടെ ഒരു കാര്യം.'' - അച്ഛമ്മ ചിരിച്ചു.
അടിച്ചു വാരിയ മുറ്റത്ത് അച്ഛമ്മ പായ വിരിച്ചു.
''നമ്മൾ മുറ്റത്താണോ കിടക്കുന്നത്?'' - നിള ചോദിച്ചു.
''ചോറുണ്ണുന്നത് വരെ ഇത്തിരി മുറ്റത്ത് കിടക്കാം. നല്ല കാറ്റുണ്ട്.'' -അച്ഛമ്മ പറഞ്ഞു.
നിളയ്ക്ക് ഉത്സാഹമായി. നിവർത്തിയിട്ട പായിലേക്ക് അവൾ ചാടി വീണു.
അവൾക്കരികിൽ അച്ഛമ്മ കിടന്നു. കോലായിൽ നിന്ന് കസേരയെടുത്ത് അച്ഛച്ഛനും അവർക്കരികിലേക്കു വന്നു.
ആകാശം നോക്കി കിടക്കുമ്പോൾ വല്ലാത്ത അത്ഭുതവും സന്തോഷവും തോന്നി നിളയ്ക്ക്. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. വെളിച്ചം വിതറുന്ന ചന്ദ്രൻ. ചുറ്റിലും തണുത്ത നിലാവ്. അങ്ങനെ അത്ഭുതപ്പെട്ട് കിടക്കുമ്പോൾ ആകാശത്തിൽ നിന്ന് ഏതൊക്കെയോ പക്ഷികളുടെ ശബ്ദം കേട്ടു. അവൾ കാതോർത്തു. പക്ഷിശബ്ദം വടക്കോട്ട് വടക്കോട്ടൊഴുകി. കുറേക്കഴിഞ്ഞപ്പോൾ അതേ ശബ്ദങ്ങൾ വീണ്ടും കേട്ടു. ഒരു പക്ഷിയല്ല, ഒരു കൂട്ടം പക്ഷികളാണ് പറന്നു പോകുന്നതെന്ന് നിളയ്ക്ക് മനസിലായി. നിലാവെട്ടത്തിൽ നേർത്ത നിഴലുകൾ പോലെ മാത്രമേ അവയെ കാണാൻ സാധിച്ചുള്ളൂ. രാത്രി നേരത്തിങ്ങനെ പറന്നു കളിക്കുന്നത് ഏത് പക്ഷികളാവും? അവൾ ആലോചിച്ചു.
അവൾ വീണ്ടും വീണ്ടും കാതോർത്തു. ആകാശത്ത് പക്ഷികളുടെ എണ്ണം വർദ്ധിച്ചു. എല്ലാം വടക്കോട്ടാണ് നീങ്ങുന്നത്.
''അത് ചൂളൻ എരണ്ടകളാണ്.''- അച്ഛമ്മ പറഞ്ഞു.
''ചൂളൻ എരണ്ടകളോ?''
''ഉം. താറാവിനെ പോലെയാണ് കാണാൻ. നമ്മുടെ പാടത്തും പുഴയോരത്തും ഒത്തിരിയുണ്ട്.'' - അച്ഛച്ഛൻ പറഞ്ഞു.
നിളയ്ക്ക് അപ്പോൾ തന്നെ അതിനെ കാണാൻ തോന്നി.
''നേരം വെളുക്കട്ടെ. നമുക്ക് പരിയാപുരം മൊത്തം ചുറ്റി കാണാം.'' - അച്ഛച്ഛൻ പറഞ്ഞു.
''ജാനകിയേയും ദേവതയേയും ഒപ്പം കൂട്ടാം.''
''ആയിക്കോട്ടെ.''
നിളയ്ക്ക് മനസിൽ വല്ലാത്ത സന്തോഷം തോന്നി. നേരം വേഗം വെളുത്തിരുന്നെങ്കിൽ...
ഒരു കൂട്ടം എരണ്ടകൾ കൂടി പറന്നു പോയി. അവൾ ആകാശത്തേക്കു നോക്കി.
ഒരു വലിയ മേഘത്തുണ്ട് കാറ്റിനൊപ്പം കിഴക്കോട്ട് സഞ്ചരിക്കുന്നത് അവൾ കണ്ടു. കറുകറുത്തൊരു മേഘത്തുണ്ട്. നന്നായി ശ്രദ്ധിച്ചപ്പോൾ ആ മേഘത്തുണ്ടിന് ഒരു ഉടുപ്പിന്റെ രൂപമുള്ളത് പോലെ അവൾക്കു തോന്നി. ഗൗൺ പോലെ. അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന കറുത്ത ഗൗൺ കാറ്റെടുത്തു പോകുന്നതായി അവൾ സങ്കല്പിച്ചു. അതങ്ങനെ നോക്കി കിടക്കുമ്പോൾ നിളയ്ക്ക് പെട്ടെന്ന് ആ മന്ത്രവാദിനിയെ ഓർമ വന്നു. കറുപ്പുടുത്ത മന്ത്രവാദിനിയെ. പാടത്ത് നിന്നുകൊണ്ട് തന്നെ തുറിച്ചു നോക്കിയ ദുർമന്ത്രവാദിനിയെ.
''ആരാ അച്ഛച്ഛാ വനതി?'' - അവൾ ചോദിച്ചു.
നിളയുടെ ചോദ്യം കേട്ട് അച്ഛച്ഛനും അച്ഛമ്മയും ഞെട്ടി.
''അത് ശരിക്കും മന്ത്രവാദിനിയാണോ?'' - നിള വീണ്ടും ചോദിച്ചു.
''ശ്ശ്..'' -അച്ഛമ്മ അവളുടെ വാ പൊത്തി.
''എന്തുപറ്റി അച്ഛമ്മേ?''
''രാത്രി നേരത്ത് അവളെ പറ്റി സംസാരിക്കരുത്.''- അച്ഛമ്മ ഭയത്തോടെ ചുറ്റും നോക്കി മന്ത്രിച്ചു.
''അതെന്താ?''
''കൂമനും കുറുനരിയുമൊക്കെ അവളുടെ സഹായികളാ. അവർ വീടായ വീടും കാടായ കാടുമൊക്കെ സഞ്ചരിച്ച് ഓരോന്ന് കണ്ടും കേട്ടും നമ്മളെ അവൾക്ക് ഒറ്റുകൊടുക്കും.''
''അതിന് നമ്മൾ വേണ്ടാത്തതൊന്നും പറയുന്നില്ലല്ലോ.''
''വേണ്ടതായാലും വേണ്ടാത്തതായാലും അവളെ പറ്റി ആരുമൊന്നും പറയുന്നത് അവൾക്കിഷ്ടമല്ല. പൊട്ടിയുടെ താവഴിയാണവൾ.''
''പൊട്ടിയോ? അതാരാണ്?''
''മതി. ബാക്കി പിന്നെ. നമുക്ക് ഭക്ഷണം കഴിച്ച് ഉറങ്ങാം. ഇനി മുറ്റത്ത് നിൽക്കണ്ട.''- അതു പറഞ്ഞ് അച്ഛമ്മ എഴുന്നേറ്റു.
കഥ കേൾക്കാൻ കഴിയാത്തതിൽ നിളയ്ക്ക് സങ്കടം തോന്നി.
''അച്ഛച്ഛാ ആരാണീ പൊട്ടി?''
''കണ്ണാടിക്കാടിന്റെ ദേവത. ദുർദേവത.''- അച്ഛച്ഛൻ ശബ്ദം നന്നേ കുറച്ച് പറഞ്ഞു.
അപ്പോൾ മുറ്റത്തെ കൊന്നമരത്തിൽ നിന്ന് ഒരു ചിറകടി കേട്ടു. എല്ലാവരും അങ്ങോട്ട് നോക്കി. വലിയ ശബ്ദത്തിൽ ചിറകുകൾ വീശി ഒരു കാലൻകോഴി പറന്നു പോകുന്നത് അവരൊരു മിന്നായം പോലെ കണ്ടു.
''നാളെ തന്നെ വെള്ളച്ഛനെ ചെന്നു കണ്ട് കുട്ടിക്കൊരു ചരട് കെട്ടിക്കണം.'' - അച്ഛച്ഛൻ അച്ഛമ്മയോട് പറഞ്ഞു. (തുടരും......)
Content Highlights: Kannadiyile Manthravadhini Novel Part 6