വനതി സ്‌കൂട്ടിയിൽ നിന്നിറങ്ങി, അമ്മയുടെ ശ്വാസം നിലച്ചുപോയി |കണ്ണാടിയിലെ ദുർമന്ത്രവാദിനി |ഭാഗം9

മൂന്നുപേരും ഇടവഴിയുടെ ഓരത്തേക്ക് മാറി നിന്നു. അമ്മ നിളയെ ചേർത്തു പിടിച്ചു. വനതി പക്ഷേ, അവരെ ശ്രദ്ധിക്കാതെ കടന്നുപോയി. നിള പതിയെ തല ഉയർത്തി നോക്കി. മന്ത്രവാദിനിയുടെ കണ്ണുകൾ ഒരു നിമിഷം നിളയുടെ കൈയിൽ കെട്ടിയ ചരടിൽ പതിഞ്ഞു. ആ മുഖത്ത് പുച്ഛം കലർന്ന പുഞ്ചിരി വിടർന്നു.

''ഹോ, ഇപ്പഴാ ശ്വാസം നേരെ വീണത്. എന്തൊരു കണ്ണുകളാണവൾക്ക്.'' - ദൂരത്തെത്തിയ സ്‌കൂട്ടി നോക്കി നെടുവീർപ്പോടെ അമ്മ പറഞ്ഞു.

മറുപടി പറയാതെ അവർ പതിയെ നടത്തം തുടർന്നു.

''ആ മുഖം കണ്ടാലറിയാം ദുർമന്ത്രവാദിനിയാണെന്ന്.'' - നടക്കുന്നതിനിടെ അമ്മ പറഞ്ഞു.

അമ്മ അങ്ങനെ പറഞ്ഞതും സ്‌കൂട്ടി പെട്ടെന്ന് ബ്രേക്കിട്ടു. മൂന്നാളും ഞെട്ടിപ്പോയി.

അമ്മ പറഞ്ഞത് മന്ത്രവാദിനി എങ്ങാനും കേട്ടോ എന്ന് നിള സംശയിച്ചു. അവരുടെ കാലുകൾ അറിയാതെ നിശ്ചലമായി.

വനതി സ്‌കൂട്ടിയിൽ നിന്നിറങ്ങി അവരെ നോക്കി. അമ്മയുടെ ശ്വാസം നിലച്ചു പോയി.

''ഇനിയെന്താ ചെയ്യുക?'' അമ്മ ദയനീയമായി അച്ഛനെ നോക്കി.

അച്ഛനും ആകെ തരിച്ചു നിൽക്കുകയായിരുന്നു.

വനതി പെട്ടെന്ന് നിലത്ത് മുട്ടുകുത്തിയിരുന്ന് എന്തോ ചെയ്യാൻ തുടങ്ങി.

വല്ല കൂടോത്രവുമാകുമോ? അമ്മ ഇപ്പോൾ കരയുമെന്ന മട്ടായി.

എന്തായാലും വരുന്നത് വരട്ടെ എന്ന മട്ടിൽ അവർ മൂന്നാളും നടക്കാൻ തുടങ്ങി. എന്തുതന്നെയായാലും വെള്ളച്ഛൻ ജപിച്ചുതന്ന ചരട് ഉണ്ടല്ലോ കയ്യിൽ.

നടന്നുനടന്ന് അവർ വനതിയുടെ തൊട്ടരികിലെത്തി. അപ്പോഴാണ് അവർക്ക് സംഗതി മനസ്സിലായത് റോഡിൽ ഒരു കുഴി ഉണ്ടായിരുന്നു. ചതിക്കുഴി. ആളുകളെ വീഴ്ത്താൻ ചില ദുഷ്ടമനസ്സുള്ളവർ ചെയ്യുന്നതാണത്. വഴിയിൽ കുഴികുത്തി വയ്ക്കും. അതിൽ കുപ്പിച്ചില്ലും മുള്ളുകളും ഒക്കെ നിറയ്ക്കും. പിന്നെ ഇലയോ മറ്റോ വെച്ച് അതിന്റെ മുകളിൽ ഇത്തിരി മണ്ണിട്ട് മൂടും. ആരും തിരിച്ചറിയില്ല. അത്തരത്തിലുള്ള ഒരു കള്ളക്കുഴിയായിരുന്നു അത്.

നിളയ്ക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി. ദുർമന്ത്രവാദിനിയെ വീഴ്ത്താൻ ആരോ ഒരുക്കിവെച്ചതാണാ ചതിക്കുഴി. പക്ഷേ, അവളത് നേരത്തെ തന്നെ മനസ്സിലാക്കി കണ്ടുപിടിച്ചിരിക്കുന്നു. വനതിയോട് നിളയ്ക്ക് ചെറിയ ബഹുമാനം തോന്നി. കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന ഒരു കള്ളക്കുഴി അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. വെള്ളച്ഛൻ പറഞ്ഞതുപോലെ വനതിയുടെ അറിവ് അപാരം തന്നെ. അത് മാത്രമല്ല കാര്യം, വനതിയ്ക്ക് മുമ്പ് തങ്ങൾ ആയിരുന്നു ആ വഴി പോയിരുന്നുവെങ്കിൽ മൂന്നാളും ഇപ്പോൾ കുഴിയിൽ വീണേനെ. കുഴിയിൽ വീഴാതെ രക്ഷപ്പെട്ടതിന് നിള മനസുകൊണ്ട് വനതിയോട് നന്ദി പറഞ്ഞു.

സാമാന്യം വലിയൊരു കുഴി തന്നെയായിരുന്നു അത്. ഒരാളെ മുഴുവനായോ അല്ലെങ്കിൽ ഒരു ചെറിയ വാഹനത്തെയോ വീഴ്ത്താൻ പറ്റുന്ന കുഴി. നിള കുഴിയിലേക്ക് എത്തിനോക്കി. കുഴിയിൽ അടുക്കിവെച്ച സംഗതികൾ കണ്ടപ്പോഴാണ് അവൾ ഞെട്ടിയത്. കൂർത്ത കുറെ കമ്പികൾ കുഴിയിൽ കുത്തനെ നിർത്തിയിരിക്കുകയായിരുന്നു. അതിൽ വീണുപോയാൽ തീർച്ചയായും മുറിവേൽക്കും. ഒരുപക്ഷേ, മരിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു.

അടുത്ത് ചെന്നിട്ടും വനതി അവരെ മൂന്നുപേരെയും ശ്രദ്ധിച്ചത് കൂടിയില്ല. അങ്ങനെ മൂന്നുപേർ തന്റെയരികിലുള്ളത് അറിഞ്ഞതേയില്ലെന്ന ഭാവമായിരുന്നു മുഖത്ത്. അവളുടെ ശ്രദ്ധ മുഴുവനും ഇരുവശത്തെയും മരക്കൂട്ടങ്ങൾക്കകത്തേക്കായിരുന്നു. അവൾ എന്തിനോ വേണ്ടി കാതോർത്തു. മരക്കൂട്ടത്തിനുള്ളിൽ നിന്ന് ആരൊക്കെയോ ഓടുന്ന ശബ്ദം കേട്ടു. അത് കേട്ട നിമിഷം ഒരു കരിമ്പുലിയെ പോലെ വനതി അതിനകത്തേക്ക് കുതിച്ചു.

നിളക്ക് കാര്യമൊന്നും മനസ്സിലായില്ല. മരങ്ങൾക്കിടയിൽ നിന്ന് ആരൊക്കെയോ തമ്മിൽ ശണ്ഠ കൂടുന്ന ശബ്ദം കേട്ടു. ഒപ്പം ചില നിലവിളികളും. അവർ മൂന്നുപേരും അത്ഭുതത്തോടെ പെരുവഴിയിൽ അങ്ങനെ തന്നെ നിന്നു. പെട്ടെന്ന് മരക്കൂട്ടത്തിനകത്തു നിന്നും രണ്ടുപേർ അവരുടെ മുന്നിലേക്ക് തെറിച്ചുവീണു. രണ്ടു ചെറുപ്പക്കാർ. അതിന് പിന്നാലെ വനതിയും കുതിച്ചുവന്നു.

''എന്നെ വീഴ്ത്താൻ ഈ കള്ളക്കുഴി ഒന്നും പോര മക്കളേ.''- അവരെ നോക്കി വനതി ചീറി. ചെറുപ്പക്കാർ രണ്ടുപേരും ഒടിഞ്ഞു കുത്തി താഴെയിരുന്നു.

''മൂടെടാ, കുഴി മൂട്.''- വനതി അവരോട് കൽപ്പിച്ചു. അനുസരണയുള്ള കുട്ടികളെപ്പോലെ അവർ കുഴി മൂടാൻ തുടങ്ങി.

കുഴി മൂടി ഇടവഴി പൂർവസ്ഥിതിയിലായപ്പോൾ വനതി അവരുടെ അടുത്തേക്ക് ചെന്നു. അവർ രണ്ടുപേരും ഭയപ്പെട്ട് രണ്ടടി പിറകോട്ട.് വനതി അവരുടെ രണ്ടുപേരുടെയും കോളറിൽ പിടിച്ചു. പിന്നെ തൂക്കിയെടുത്ത് മുകളിലേക്കെറിഞ്ഞു. അവർ മരച്ചില്ലകൾക്ക് മുകളിലൂടെ പറന്ന് എവിടെയോ പോയി വീണു. ഒന്നും സംഭവിക്കാത്തതുപോലെ വനതി സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു. (തുടരും....)

Content Highlights: Kannadiyile Manthravadhini Novel Part 9