ചന്ദ്രകാന്ത് വർമ്മയുടെ ദുരൂഹമായ തിരിച്ചുവരവിന് പിന്നിലെന്ത്? പ്രതികാരദാഹിയായ ഒരാത്മാവിന്റെ കഥ!

പ്രിസർവേഷൻ ലാബിന്റെ തറയിൽ, ഫിനോയിലിന്റെയും തകർന്ന ചില്ലിന്റെയും ദുരൂഹതയുടെയും നടുവിൽ, ഇരുപതുകാരനായി രൂപാന്തരം പ്രാപിച്ച ചന്ദ്രകാന്ത് വർമ്മ ശാന്തനായി രത്തൻ റാവുത്തരെ നോക്കിനിന്നു.

അവന്റെ ശരീരത്തിൽ നിന്ന് ഒഴുകിപ്പരക്കുന്ന കടുത്ത തണുപ്പ്, ലാബിലെ എയർ കണ്ടീഷനിംഗിന്റെ തണുപ്പിനെ പോലും കവച്ചുവെച്ചു.

ശരീരം ഒരു കൗമാരക്കാരന്റേതായിരുന്നുവെങ്കിലും അവനിലെ കണ്ണുകൾ, ആ കടുംനീല തിളക്കം, അൻപത് വർഷത്തെ പകയുടെയും ജീവന്റെ നിയമങ്ങളെ തകർത്തെറിഞ്ഞ അമാനുഷിക ശക്തിയുടെയും ഭാരം വഹിച്ചതായിരുന്നു

'റാവുത്തറണ്ണാ, എനിക്ക് ഉടുപ്പുകളൊന്നുമില്ലല്ലോ..' ചന്തു, തനിക്കു രത്തൻ രാവുത്തർ നൽകിയ ദ്രവിച്ച കോട്ടിലേക്ക് നോക്കി.

അവന്റെ ദേഹത്തേക്ക് നോക്കിയ രത്തൻ രാവുത്തർക്ക് ലാബിലെ മങ്ങിയ വെളിച്ചത്തിൽ അവന്റെ ശരീരം ഒരു ശിൽപംപോലെ തിളങ്ങുന്നതായി തോന്നി.

അവന്റെ ഓരോ പേശിക്കും വ്യക്തമായ രൂപം ഉണ്ടായിരുന്നു; ഇരുപത് വർഷം കൊണ്ട് ഒരു ഭ്രൂണം ഇത്ര തികഞ്ഞ രൂപം എങ്ങനെ കൈക്കൊണ്ടു? ആ ചോദ്യം ഭയത്തിനൊപ്പം ജിജ്ഞാസയായി അയാളുടെ മനസ്സിൽ വളർന്നു.

'അതിനാൽ, ആദ്യം വസ്ത്രങ്ങൾ..' അവൻ ലാബിന്റെ മൂലയിലുള്ള വലിയ ജനലിലൂടെ, പുറത്ത് മഴയിൽ കുതിർന്ന് നിൽക്കുന്ന മെഡിക്കൽ കോളേജ് കാമ്പസിലേക്ക് വിരൽ ചൂണ്ടി.

'അതാ മെഡിക്കൽ കോളേജ് സ്റ്റോർ, അവിടെ കാണും എനിക്കുള്ള വസ്ത്രങ്ങൾ.... കൊണ്ടു വരാമോ?'

അവന്റെ സ്വരം! അതാണ് രത്തനെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത്.

ഒരു ഭീകരജീവിയുടെ, അല്ലെങ്കിൽ ഒരു പ്രതികാരദാഹിയായ ആത്മാവിന്റെ, തീവ്രമായ ആജ്ഞയായിരുന്നില്ല അത്. വിനയവും ദൈന്യതയും കലർന്ന ഒരു യുവാവിന്റെ, മുതിർന്ന ഒരാളോടുള്ള തികഞ്ഞ മര്യാദയോടുകൂടിയുള്ള ഒരു അഭ്യർത്ഥന!

ഈ നിമിഷം വരെ ഭയം കൊണ്ട് വിറച്ചുപോയ രത്തന്റെ മനസ്സിൽ ആ വിനയം ഒരു നേരിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഭീകരതയുടെ മുഖംമൂടി അണിഞ്ഞ അമാനുഷികമായ ഈ രൂപം എന്തിനാണ് ഈ ലോകത്തിലെ ഏറ്റവും ലളിതമായ സാമൂഹിക മര്യാദ ഉപയോഗിച്ച് തന്നെ സമീപിക്കുന്നത്?

'അത്.. അത്..' റാവുത്തരുടെ തൊണ്ട വരളുന്നുണ്ടായിരുന്നു. അയാൾക്ക് വാക്കുകൾ കിട്ടിയില്ല. അനങ്ങാൻ പോലും കഴിഞ്ഞില്ല. കാലുകൾ തറയിൽ ഉറച്ചുപോയതുപോലെ.

'നിങ്ങളുടെ ജോലി ആ നേരം ഞാൻ നോക്കിക്കൊള്ളാം. ഇങ്ങോട്ട് ആരെയും പ്രവേശിപ്പിക്കാതെ ഞാൻ ശ്രദ്ധിക്കാം..' അവൻ പുഞ്ചിരിച്ചു. ആ പുഞ്ചിരി ഭീകരതയെക്കാൾ വശ്യതയുള്ളതായിരുന്നു.

'എനിക്ക് യോജിക്കുന്ന കറുത്ത പാന്റും തൂവെള്ള ഷർട്ടും തവിട്ടു നിറത്തിലുള്ള ഒരു ഓവർക്കോട്ടും കൗബോയ് ഹാറ്റും ഒരു ജോഡി മൂൺവാക്ക് ഷൂവും വേണം. എല്ലാം അവിടെ ഉണ്ടാകും.'

ചന്ദ്രകാന്ത് വർമ്മയുടെ വാക്കുകൾ കേട്ട് രത്തൻ റാവുത്തർ നെറ്റി ചുളിച്ചു.

ഒരു ഭ്രൂണമായി കിടന്ന ഒരാൾക്ക് എങ്ങനെയാണ് കൗബോയ് ഹാറ്റിനെക്കുറിച്ചും ഷൂവിനെക്കുറിച്ചുമെല്ലാം അറിയുന്നത്? ഈ ചോദ്യം ഒരു ചുഴലിക്കാറ്റ് പോലെ റാവുത്തരുടെ തലച്ചോറിലൂടെ കടന്നുപോയി.

'മൂൺവാക്ക് ഷൂസ്..?' അയാൾക്കു ഒന്നും മനസ്സിലായില്ല

'മൂൺവാക്ക് ഷൂസ് ലിമിറ്റഡ് എഡിഷൻ ആണ് റാവുത്തറണ്ണാ.. എനിക്ക് വേണ്ടി മാത്രം എന്റെ അമ്മ രൂപ കല്പന ചെയ്ത ഷൂ..'

ഇരുപതു വർഷം മുൻപ് കൊല്ലപ്പെട്ട വർമ്മ ദമ്പതികളുടെ മകനാണെങ്കിൽ പോലും അത്രയും വർഷത്തെ ലോകത്തെക്കുറിച്ചുള്ള അറിവ് എങ്ങനെ ഇവന് ലഭിച്ചു? ജാറിനുള്ളിൽ വെച്ച് അവൻ പുറംലോകവുമായി സംവദിച്ചിരുന്നോ? അതോ, മറ്റേതെങ്കിലും അമാനുഷിക ശക്തിയാണോ അവനെ നയിക്കുന്നത്?

അവന്റെ സ്വരത്തിലെ വിനയം, ഒരു യുവാവ് പ്രായമായ ഒരാളോട് സംസാരിക്കുന്ന അതേ മര്യാദ! ഭയം മാഞ്ഞ്, അവിടെ ഒരുതരം ബഹുമാനവും കൗതുകവും ജിജ്ഞാസയും സ്ഥാനം പിടിക്കാൻ തുടങ്ങി.

'അത്.. രാത്രി രണ്ട് മണിക്ക് ശേഷം സ്റ്റോർ...?' റാവുത്തർ തന്റെ നിസ്സഹായത അറിയിക്കാൻ ശ്രമിച്ചു.

'രാത്രിയാണെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങൾക്ക് സാധിക്കും. നമുക്ക് ഒരുപാട് ജോലികൾ ചെയ്തുതീർക്കാനുണ്ട്, സമയമാണെങ്കിൽ വളരെ കുറച്ചും..' അവൻ ലാബിന്റെ വാതിലിലേക്ക് നോക്കി.

അവിടെയാണ് അവൻ തന്റെ വാക്കുകൾ കൊണ്ട് റാവുത്തറെ കൂടുതൽ കെണിയിൽപ്പെടുത്തിയത്.

ആ ആശയക്കുഴപ്പം അവനു മനസ്സിലായി. അവനറിയാമായിരുന്നു, തന്റെ വിനയം നിറഞ്ഞ സമീപനം ഈ പ്രായം ചെന്ന മനുഷ്യന്റെ യുക്തിയെയും ഭയത്തെയും കീഴ്‌പ്പെടുത്താൻ ഏറ്റവും നല്ല വഴിയാണെന്ന്.

'നിങ്ങൾ പോകൂ, അണ്ണാ. ഞാൻ ഇവിടെയുണ്ട്. വേഗം മടങ്ങിവരണം. ഇനി നമുക്ക് സമയം കളയാനില്ല..'

അവന്റെ കണ്ണുകൾ ലാബിന്റെ വാതിലിലേക്ക് ഉറച്ചുനിന്നു. ആ കണ്ണുകളിലെ തീവ്രമായ ലക്ഷ്യബോധം കണ്ട റാവുത്തർ, തന്റെ കാലുകളിലെ ഭാരം കുറഞ്ഞതായി അറിഞ്ഞു.

താൻ എതിർത്താൽ എന്ത് സംഭവിക്കുമെന്ന് അയാൾക്കൊരു ഭയമുണ്ട്. ഈ സൗന്ദര്യത്തിന് പിന്നിൽ ഒളിപ്പിച്ചുവെച്ച ഭീകരതയെക്കുറിച്ച് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഒരു യന്ത്രമനുഷ്യനെപ്പോലെ റാവുത്തർ ലാബിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നു. അയാൾ തിരിഞ്ഞുനോക്കിയില്ല. തിരിഞ്ഞുനോക്കിയാൽ, ആ നിഗൂഢമായ സൗന്ദര്യത്തിന്റെ വലയം ഭേദിച്ച് തനിക്ക് പുറത്തുകടക്കാൻ കഴിഞ്ഞെന്നുവരില്ലെന്ന് അയാൾക്കറിയാമായിരുന്നു.

ലാബിലെ എല്ലാ രഹസ്യങ്ങളെക്കുറിച്ചും അവന് അറിയാം. താൻ വെറും സഹായി മാത്രമല്ല. അവന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ചലിക്കുന്ന ഒരു ഉപകരണം മാത്രമാണ്.

റാവുത്തർ ലാബിന്റെ വാതിൽ തുറന്ന്, കനത്ത മഴയുടെയും തണുപ്പിന്റെയും പുറത്തേക്ക് കാലെടുത്തു വെച്ചു. ഇപ്പോൾ താൻ കാവൽ നിൽക്കുന്നത് മരിച്ച അവയവങ്ങൾക്കല്ല, ജീവന്റെയും മരണത്തിന്റെയും നിയമങ്ങളെ തകർത്തെറിഞ്ഞ ഒരു നിഗൂഢ ശക്തിക്കാണ് എന്ന് അയാൾക്ക് ബോധ്യമായി.

ഒരു കൗബോയ് ഹാറ്റും മൂൺവാക്ക് ഷൂവും അന്വേഷിച്ച് രാത്രിയിൽ മെഡിക്കൽ സ്റ്റോറിലേക്ക് നടക്കുമ്പോൾ, താൻ ഒരു കുറ്റാന്വേഷണ കഥയിലെ കേവലമായ ഒരു സഹായിയായി മാറിയിരിക്കുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞു.

രാത്രി, മഴ നനഞ്ഞ് സ്റ്റോറിലേക്ക് നടക്കുമ്പോൾ റാവുത്തർ തന്റെ ഡയറിയിൽ കുറിക്കേണ്ടത് ഇങ്ങനെ ഉറപ്പിച്ചു;

'വിനയം കൊണ്ട് ഭയത്തെ കീഴടക്കുന്ന വിചിത്രമായൊരു പ്രതിഭാസമാണ് ചന്ദ്രകാന്ത് വർമ്മ; ഒരു കൗബോയ് ഹാറ്റിനും മൂൺവാക്ക് ഷൂവിനുമിടയിൽ അവൻ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഇരുപത് വർഷത്തെ കത്തുന്ന പകയാണ്!'
(തുടരും...)

Content Highlights: Suspense Thriller Jan No:20 Part 3