സൂര്യനെ കട്ട മുതല! കഥ വായിച്ചാലോ?

ഒരു പ്രഭാതസവാരി പതിവുള്ളതാണല്ലോ! സാക്ഷാൽ സൂര്യൻ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് പതിയെ നീങ്ങി. പെട്ടെന്നതാ ഒരു പടുകൂറ്റൻ കാർമേഘം ഒഴുകിവരുന്നു. അവർ മുഖാമുഖമെത്തി. ഞൊടിയിടയിൽ സൂര്യനെ അത് മൂടിക്കളഞ്ഞു. സൂര്യന്റെ പ്രകാശരശ്മികളിൽ ഒന്നിനുപോലും അതിനുള്ളിലൂടെ പുറത്തുകടക്കാനായില്ല. ഫലമോ? ഭൂമിയിലാകെ കൂരിരുട്ടായി.
''അയ്യോ, എന്തൊരിരുട്ട്!'', കുഞ്ഞൻമുയൽ പരിഭ്രമത്തോടെ വിളിച്ചുപറഞ്ഞു. ''നമ്മുടെ സൂര്യനെ ആരോ കട്ടോണ്ടു പോയെന്നാ തോന്നുന്നത്!'' കുഞ്ഞൻ മുയലിന് ഇങ്ങനെ തോന്നാൻ എന്താണ് കാരണമെന്നറിയില്ല. ഏതായാലും അവൻ ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റോടി.
പാടത്തെ കുരുവികളും കൊക്കുകളും പേടിച്ചു വിറച്ചിരിക്കുന്നത് അവൻ കണ്ടു. ഓട്ടത്തിനിടയിൽ അവൻ പറഞ്ഞു: ''നിങ്ങളറിഞ്ഞില്ലേ, സൂര്യനെ ആരോ പിടിച്ചുകൊണ്ടുപോയി. അതാണ് ഇത്രയും ഇരുട്ട്. കണ്ണിൽച്ചോരയില്ലാത്ത ഈ പ്രവൃത്തി ചെയ്തത് ആരാണാവോ?''
അത് കേട്ടതും കൊക്ക് ഉറപ്പിച്ച് പറഞ്ഞു: ''സംശയം വേണ്ട. പോയത് സൂര്യനെങ്കിൽ കട്ടത് മുതലച്ചാർ തന്നെ. സൂര്യനെ വിഴുങ്ങാൻ തക്കംനോക്കി അവൻ വാപൊളിച്ചുകിടക്കുന്നത് ഞാൻ കണ്ടതല്ലേ!''
ഇരുട്ടിന് പിന്നേയും കട്ടി കൂടി. ഒരാൾക്കും ഒന്നും കാണാൻ കഴിഞ്ഞില്ല. സകല മൃഗങ്ങളിലേക്കും പക്ഷികളിലേക്കും പരിഭ്രമവും ആശങ്കയും പടർന്നു. വിശന്നുവലഞ്ഞ കുഞ്ഞിക്കുരുവി കൂട്ടിൽ തന്നെയിരുന്ന് തൊണ്ടയിടറി വിളിച്ചു. ''പൊന്നു സൂര്യാ, എന്നെയിങ്ങനെ കഷ്ടപ്പെടുത്താതെ ദയവുചെയ്ത് പുറത്തുവരൂ. നെന്മണി കൊത്തിത്തിന്നാൻ ഇറ്റു വെളിച്ചമെങ്കിലും തരൂ!'' അവളുടെ വിലാപം ആര് കേൾക്കാൻ? മേഞ്ഞുനടക്കുന്നതിനിടെ ഇരുട്ടിൽപ്പെട്ടുപോയ മാനുകൾ കരളുരുകി പറഞ്ഞു: ''വഴിതെറ്റിപ്പോയ ഞങ്ങൾക്ക് വീട്ടിലേക്കുള്ള വഴിപോലും അറിയാനാവുന്നില്ല. കുഞ്ഞുങ്ങളാണെങ്കിൽ ഞങ്ങളെ കാണാതെ വിശന്നു വലഞ്ഞിരിക്കുകയാവും അവിടെ.''
ആ അപേക്ഷയും വൃഥാവിലായതേയുള്ളൂ. ഇരുട്ട് കുറഞ്ഞതേയില്ല.
ചതുപ്പിൽ കിടന്ന് പുളഞ്ഞിരുന്ന കൊഞ്ചുകൾ, പെട്ടെന്ന് പരന്ന ഇരുട്ടിൽ പരിഭ്രമിച്ച് ബഹളംവെച്ചു. കൊഞ്ചിനെ പിടിച്ച് കറുമുറെ തിന്നാൻ കുറച്ച് ചെന്നായ്ക്കൾ അവിടെ എത്തിയിരുന്നു. പൊതുവേ ധീരന്മാരെന്ന് തോന്നിച്ച ചെന്നായ്ക്കൾക്കുപോലും ഭയം തോന്നി. അവർ പേടിച്ചു വിറച്ച് ഓരിയിടാൻ തുടങ്ങി. സൂര്യനെ എങ്ങനെയെങ്കിലും മോചിപ്പിക്കണമെന്ന ചിന്ത ആദ്യമുണ്ടായത് രണ്ട് ചെമ്മരിയാടുകൾക്കാണ്. അവർ ഇരുട്ടത്തും മൃഗങ്ങളുടെയും പക്ഷികളുടെയും യോഗം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു:
''ചങ്ങാതിമാരേ, സൂര്യനെ തിരിച്ചുകൊണ്ടുവരാനായില്ലെങ്കിൽ നമ്മുടെ കാര്യം കഷ്ടത്തിലാവും. നമ്മിലെ ഏറ്റവും ധീരനായ ആൾ മുതലയോട് ഏറ്റുമുട്ടി സൂര്യനെ മോചിപ്പിക്കണം.''
എല്ലാ ജീവികളും അതിനോട് യോജിച്ചു. കാട്ടിലെ ഏറ്റവും ശക്തൻ കരടിയാണെന്ന് അവർക്ക് തോന്നി. അവർ ഇരുട്ടിൽ തപ്പിത്തടഞ്ഞ് കരടിമാളത്തിനടുത്തെത്തി. അവർ ചെല്ലുമ്പോൾ കരടി ആകെ അസ്വസ്ഥനായിരുന്നു. അവർ അതിന്റെ കാരണം തിരക്കി. കളിക്കാൻ ദൂരദിക്കിലേക്ക് പോയ കരടിക്കുട്ടികൾ ഇനിയും തിരിച്ചെത്താത്തതിന്റെ വിഷമത്തിലായിരുന്നു കരടി. പറഞ്ഞുതീർന്നതും അവൻ പൊട്ടിക്കരഞ്ഞുപോയി. അത് കണ്ട് മുയലമ്മ അവനെ കളിയാക്കി!
''ഏയ് കരടീ, നിന്റെ കരച്ചിലൊന്ന് നിർത്ത്. ഇപ്പൊ സൂര്യനെ കട്ടുകൊണ്ടുപോയ മുതലയോട് യുദ്ധം ചെയ്യൂ!''
അതേതായാലും ഫലിച്ചു. കരടി കണ്ണ് തുടച്ച് എഴുന്നേറ്റു. മുട്ടൻവടി കൈയിലെടുത്ത് അതുമായി അവൻ മുതല കിടക്കുന്ന നദിയിലേക്കോടി. മറ്റ് മൃഗങ്ങളും പക്ഷികളുമെല്ലാം അവന്റെ പിന്നാലെക്കൂടി.
അവരവിടെ എത്തിയപ്പോഴുണ്ട്, മുതല നദിക്കരയിൽ വാപൊളിച്ച് നീണ്ടുനിവർന്ന് കിടക്കുന്നു. അവന്റെ കൂർത്ത പല്ലുകൾക്കിടയിൽ വെടിത്തിളങ്ങുന്ന സൂര്യബിംബം!
സൂര്യനെ കണ്ടതും സകല ജീവികളുടെയും മുഖം തെളിഞ്ഞു. അവർ ഒറ്റസ്വരത്തിൽ പറഞ്ഞു: ''അപ്പോൾ കള്ളൻ മുതല തന്നെ!''
''എടാ, മുതലേ, മര്യാദയ്ക്ക് ഞങ്ങളുടെ സൂര്യനെ തിരിച്ചു തന്നേക്ക്. അല്ലെങ്കിൽ നീ വിവരമറിയും!'' മുട്ടൻവടിയുയർത്തി കരടി പറഞ്ഞു.
എന്നാൽ മുതല അവരെ പരിഹസിച്ച് ചിരിച്ചു: ''എടാ മണ്ടൻ കരടീ, ഇനിയും നീയിങ്ങനെ മണ്ടത്തരം പറഞ്ഞാൽ സൂര്യനെ മാത്രമല്ല, ചന്ദ്രനെയും ഞാൻ വിഴുങ്ങിക്കളയും, ഓർത്തോ!''
അത് കേട്ട കരടിക്ക് അവന്റെ ദേഷ്യം നിയന്ത്രിക്കാനായില്ല. അവൻ മുതലയുടെ മേൽ ചാടിവീണു. പിന്നീട് കരടിയും മുതലയും തമ്മിൽ വലിയ യുദ്ധംതന്നെ നടന്നു. ആർക്കും വിജയവും തോൽവിയുമില്ലാതെ പോരാട്ടം ഏറെ നീണ്ടു. ഒടുവിൽ, കരടി മുതലയെ മലർത്തിയടിച്ചു. അപ്പോൾ സൂര്യൻ പൂർണശോഭയോടെ മാനത്ത് തെളിഞ്ഞു. ഇരുട്ടിന്റെ കണികപോലും എങ്ങുമില്ലാതായി! വെളിച്ചം പരന്നപ്പോൾ കരടിക്കുട്ടികൾ കരടിയുടെയടുത്ത് ഓടിയെത്തി. കള്ളൻമുതലയെ തോല്പിച്ച് സൂര്യനെ മോചിപ്പിച്ച കരടിയോടൊപ്പം മറ്റ് മൃഗങ്ങൾ ആർപ്പുവിളികളോടെ മടങ്ങിപ്പോയി. മേഘം നീങ്ങിയപ്പോൾ തെളിഞ്ഞുതുടങ്ങിയ സൂര്യബിംബത്തെ മുതലയുടെ തുറന്ന വായിലൂടെ കാണുകയായിരുന്നു അവരെന്ന് ആർക്കും മനസ്സിലായിരുന്നില്ല.
Content Highlights: tory adaptation of Korney Chukovsky's famous poem 'The Stolen Sun'.