കരടിക്കുട്ടന്റെയും കൂട്ടുകാരനായ കുറുക്കൻകുട്ടന്റെയും കഥ

#മോഹന്‍ മംഗലത്ത്

കാട്ടിൽ ഒരിടത്ത് ഒരു കരടിയമ്മയും കരടിക്കുട്ടനും താമസിച്ചിരുന്നു. അതിന്റെ അടുത്തുതന്നെയാണ് വികൃതിയായ ഒരു കുറുക്കൻകുട്ടന്റെയും താമസം. കരടിക്കുട്ടന്റെ കൂട്ടുകാരനായിരുന്നു കുറുക്കൻകുട്ടൻ. കുറുക്കൻകുട്ടനുമായുള്ള കരടിക്കുട്ടന്റെ കൂട്ടുകെട്ട് കരടിയമ്മയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. അവസരം കിട്ടുമ്പോഴെല്ലാം കരടിയമ്മ കരടിക്കുട്ടനെ ഉപദേശിക്കും.

''വികൃതിക്കുട്ടനൊപ്പം ചേർന്ന്

കുസൃതികളൊന്നും കാട്ടരുതേ

ചീത്തക്കൂട്ടും കൂടിനടന്നാൽ

പുറകേയെത്തിടുമാപത്ത്!''

കരടിയമ്മയുടെ ഉപദേശം കരടിക്കുട്ടൻ കേട്ടുനിൽക്കും. അതുകൊണ്ടൊന്നും അവന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നില്ല.

ഒരുദിവസം കുറുക്കൻകുട്ടൻ കരടിക്കുട്ടനോടു പറഞ്ഞു: ''കാടിന്റെ നടുക്കുള്ള ഒരു കൊന്നമരത്തിൽ വലിയൊരു തേൻകൂടുണ്ട്. നീ അത് കേറിയെടുക്കാമെങ്കിൽ നമുക്ക് വയറുനിറയെ തേൻ കുടിക്കാം!'' തേൻ കുടിക്കാനുള്ള കൊതികൊണ്ട് കരടിക്കുട്ടൻ അത് സമ്മതിച്ചു. പിറ്റേന്ന് കരടിയമ്മ കാണാതെ കരടിക്കുട്ടൻ കുറുക്കൻകുട്ടനോടൊപ്പം കൊന്നമരത്തിന്റെ ചോട്ടിലെത്തി. ആകാശംമുട്ടെ പന്തലിച്ചുനിൽക്കുന്ന കൊന്നമരം കണ്ടപ്പോൾ അവൻ ഞെട്ടി. ഈ മരത്തിൽ കേറി തേനെടുക്കാൻ തനിക്ക് പറ്റില്ലെന്ന് അവൻ തീർത്തുപറഞ്ഞു. അതുകേട്ട് കുറുക്കൻകുട്ടൻ പറഞ്ഞു:

''ഒന്നാന്തരമൊരു തേൻകൂട്

കാട്ടിത്തന്നിട്ടതുപോലും

കേറിയെടുക്കാൻ കഴിവില്ലേൽ

കരടീ നീയൊരു മരമണ്ടൻ!''

കുറുക്കൻകുട്ടന്റെ പരിഹാസം കേട്ടപ്പോൾ അവന് വാശിയായി. 'ഇനി പേടിച്ച് മാറിനിന്നിട്ടുകാര്യമില്ല. എന്തുവന്നാലും ഈ തേൻകൂട് എടുത്തേപറ്റൂ!', അവൻ കരുതി. കരടിക്കുട്ടൻ കൊന്നമരത്തിൽ പതുക്കെ കയറാൻ തുടങ്ങി. കുറച്ച് ഉയരത്തിൽ കയറിയതേയുള്ളൂ. കരടിക്കുട്ടൻ പിടിവിട്ട് 'പത്തോ'ന്ന്

താഴെ വീണു. നന്നായി വേദനിച്ച കരടിക്കുട്ടൻ ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് എഴുന്നേറ്റു. എന്നിട്ട് കൂട്ടുകാരനായ കുറുക്കൻകുട്ടനെ അവിടെയെല്ലാം നോക്കി. എന്നാൽ അവന്റെ പൊടിപോലും കണ്ടില്ല. ആപത്തുവന്നപ്പോൾ സഹായിക്കാൻ കൂട്ടാക്കാതിരുന്ന കുറുക്കൻ കുട്ടനോട് ഇനിയൊരിക്കലും കൂട്ടുകൂടില്ലെന്ന് അവൻ തീരുമാനിച്ചു. ചീത്തകൂട്ടുകെട്ട് ആപത്ത് വരുത്തിവെക്കുമെന്ന് കരടിയമ്മ പറയാറുള്ളത് എത്ര ശരിയായിരുന്നുവെന്ന് അവന് അപ്പോഴാണ് മനസ്സിലായത്.

Content Highlights: The importance of listening to parental guidance