തുരങ്കത്തിൽ കുടുങ്ങിയ ബസ് തടസ്സമില്ലാതെ കടന്നുപോയതെങ്ങനെ? കഥ വായിച്ചാലോ?

#സന്തോഷ് വള്ളിക്കോട്

രിക്കൽ ഒരു സ്‌കൂളിൽ നിന്നും കുട്ടികളും അധ്യാപകരും ദൂരസ്ഥലത്തേക്ക് ടൂറു പോവുകയായിരുന്നു. സ്‌കൂളിൽ നിന്ന് സ്ഥിരം ടൂറുപോകുന്ന ബസ്സുകാരെത്തന്നെയാണ് ഇത്തവണയും വിളിച്ചത്. അതുകൊണ്ടുതന്നെ പോകേണ്ട വഴികളെക്കുറിച്ച് ഡ്രൈവർക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.

കുറേദൂരം സഞ്ചരിച്ച് അവർ ഒരു തുരങ്കത്തിന് മുന്നിലെത്തി. ബസ്സ് തുരങ്കത്തിലേക്ക് പ്രവേശിക്കുമ്പോൾ ഡ്രൈവർ ആ ബോർഡ് ശ്രദ്ധിച്ചു. തുരങ്കത്തിന് അഞ്ച് മീറ്റർ ഉയരമേയുള്ളൂ. ഇതേബസ്സ് കഴിഞ്ഞതവണ തടസ്സമില്ലാതെ കടന്നുപോയതിനാൽ ഡ്രൈവർ ഒന്നും സംശയിക്കാതെ വണ്ടി നേരേ തന്നെ വിട്ടു. എന്നാൽ തുരങ്കത്തിലേക്ക് കയറി കുറച്ചുമുന്നോട്ടുപോയതും ബസ്സിന്റെ മുകൾ ഭാഗം തുരങ്കത്തിൽ മുട്ടി നിന്നു. ബസ്സിന് മുന്നോട്ടും പിന്നോട്ടും പോകാൻ കഴിയാതായി.

കുട്ടികളും അധ്യാപകരും മാത്രമല്ല ഡ്രൈവറും പേടിച്ചുപോയി.

'താൻ ഈ വഴി പോകാറുള്ളതല്ലേ? ഇങ്ങനൊരു പ്രശ്നമുണ്ടാകുമായിരുന്നെങ്കിൽ ഈ വഴിക്ക് വരണമായിരുന്നോ?', അധ്യാപകർ ഡ്രൈവറോട് കയർത്തു.

ഡ്രൈവർക്ക് ഉത്തരം മുട്ടി. അപ്പോഴേക്കും മുന്നിലും പിന്നിലുമൊക്കെ വണ്ടികളുടെ നിരനീണ്ടു. അതിലെ ആൾക്കാർ ഇറങ്ങിവന്നു. ഒരാൾ പറഞ്ഞു: 'ഈ തുരങ്കത്തിലെ റോഡ് ഈയിടെയാണ് കുറച്ച് ഉയരം കൂട്ടി ടാറ് ചെയ്തത്. അതായിരിക്കും ബസ്സിന്റെ മുകൾഭാഗം കുടുങ്ങിയത്.'

'ഇനിയിപ്പോൾ എന്ത് ചെയ്യും?', ആൾക്കാർ പരസ്പരം ചോദിച്ചു.

ഒരാൾ തന്റെ കാറിൽ ഒരു കയറ് കെട്ടി ബസ്സ് പിന്നിലേക്ക് വലിക്കാൻ നോക്കി. കയറുപൊട്ടിയതല്ലാതെ ബസ്സ് അനങ്ങിയില്ല. ക്രെയിൻ കൊണ്ടുവന്ന് കെട്ടിവലിക്കാമെന്നായി ചിലർ. അപ്പോൾ മറ്റ്ചിലർ അഭിപ്രായപ്പെട്ടത് റോഡ് വെട്ടിപ്പൊളിച്ച് അല്പം താഴ്ത്താം എന്നാണ്. അങ്ങനെ പല അഭിപ്രായങ്ങളും പലരും പറഞ്ഞു.

അപ്പോഴാണ് ബസ്സിൽ നിന്ന് ഒരു കുട്ടി ഇറങ്ങിവന്ന് പറഞ്ഞത്: 'ബസ്സിന്റെ ടയറിലെ കാറ്റ് കുറച്ച് അഴിച്ചുവിട്ടാലോ. അപ്പോൾ ബസ്സ് ഇത്തിരി താഴുമല്ലോ. അത്രയും ഗ്യാപ്പ് കിട്ടിയാൽ അപ്പുറം കടക്കാൻ പറ്റും.' കുട്ടിയുടെ അഭിപ്രായം എല്ലാവർക്കും ഇഷ്ടമായി. അവർ വേഗം ടയറിന്റെ കാറ്റ് കുറച്ച് അഴിച്ചുവിട്ടു. ബസ്സ് അല്പം താഴ്ന്നു. തുരങ്കത്തിന്റെ മുകളിൽ മുട്ടാതെ ബസ്സ് പതിയെ അപ്പുറമെത്തി.

തങ്ങൾക്കൊന്നും തോന്നാതിരുന്ന സൂത്രം പറഞ്ഞ കുട്ടിയുടെ ബുദ്ധിയേയും അവസരത്തിനൊത്ത പ്രായോഗികമായ നിർദേശത്തെയും മറ്റുള്ളവർ അഭിനന്ദിച്ചു.

ജീവിതയാത്രയിൽ നമ്മളും പലപ്പോഴും ഇങ്ങനെ മുന്നോട്ടുപോകാൻ പറ്റാതെ കുടുങ്ങിപ്പോകാറുണ്ട്. അത് ഒരുപക്ഷേ നമ്മുടെയുള്ളിലുള്ള ഈഗോയോ ഗമയോ അഹങ്കാരമോ ഒക്കെയാവാം. ബസ്സിന്റെ കാറ്റ് അഴിച്ചുവിട്ടതുപോലെ നമ്മുടെ മനസ്സിൽനിന്ന് വഴിമുടക്കികളായ ഇത്തരം വികാരങ്ങളെ ഇറക്കിവിട്ടാൽ പിന്നീടുള്ള ജീവിതയാത്ര എവിടെയും തടസ്സങ്ങളുണ്ടാവാതെ സുഗമമായിരിക്കും.

Content Highlights: A school bus gets stuck in a low tunnel due to recent road carpeting.