അമ്മാവൻമൂങ്ങയും മുയലുണ്ണിയും; രസികൻ കഥ വായിച്ചാലോ?

കാട്ടിൽ പെട്ടെന്നാണ് പെരുമഴ പെയ്തുതുടങ്ങിയത്. കാട്ടുമരക്കൂട്ടങ്ങൾക്കിടയിൽ ഓടിക്കളിച്ചു നടന്ന മുയലുണ്ണി മഴ നനയാതിരിക്കാൻ ഒരു മരച്ചുവട്ടിൽ കയറി നിന്നു. പക്ഷേ, നേരം കുറേയായിട്ടും മഴ തോർന്നതേയില്ല. പാവം മുയലുണ്ണി കുഞ്ഞല്ലേ... കുറേ നേരം അമ്മയെ കാണാതിരുന്നാൽ അവനു സങ്കടമാവില്ലേ...
''കാട്ടിൽ പെരുമഴ പെയ്തനേരം
മുയലുണ്ണിക്കുട്ടൻ കരച്ചിലായി
അമ്മയെക്കാണാതെ പാവമവൻ
വിങ്ങിവിതുമ്പിക്കരച്ചിലായി!''
''ങീ...ങീ...എനിക്കെന്റെ വീട്ടിൽ പോണേ... എനിക്കെന്റെ അമ്മയെ കാണണേ!'' അവൻ വിതുമ്പിക്കരയാൻ തുടങ്ങി. മരപ്പൊത്തിൽ ഉറങ്ങിക്കിടന്ന അമ്മാവൻമൂങ്ങ മുയലുണ്ണിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റു.
''തുള്ളിക്കൊരു കുടം പെയ്തുമഴ
ആ മഴക്കുളിരിലുറങ്ങി മൂങ്ങ
ആ മഴ തോരാതെ പാവം മുയൽ
മാമരച്ചോട്ടിൽ കരഞ്ഞു നിന്നു!''
''ഇവിടെ ഇങ്ങനെ വെറുതെ കരഞ്ഞു കൊണ്ടു നിന്നാൽ മഴ തോരുകയുമില്ല നിനക്ക് വീട്ടിൽ പോകാൻ പറ്റുകയുമില്ല! ചുറ്റിനും ഒന്നു കണ്ണോടിച്ചാൽ ഒരു കുടകിട്ടും. അതും ചൂടി മഴ നനയാതെ വീട്ടിലെത്താം!'' അമ്മാവൻമൂങ്ങ പറഞ്ഞതു കേട്ട മുയലുണ്ണി കണ്ണു തുടച്ച് ചുറ്റും നോക്കി. അതാ മരത്തിന്റെ തടിയൻ വേരുകൾക്കിടയിൽ ഒരു മുട്ടൻ കൂൺ. അവൻ ഓടിച്ചെന്ന് കൂൺ ഒടിച്ചെടുത്തു. എന്നിട്ട് കൂൺ കുടയും ചൂടി വീട്ടിലേക്ക് കുതിച്ചു. പോകും മുൻപ് അമ്മാവൻമൂങ്ങയ്ക്ക് നന്ദി പറയാനും അവൻ മറന്നില്ല. ''പ്രതിസന്ധികളിൽ അകപ്പെടുമ്പോൾ അതിനെപ്പറ്റിയോർത്ത് സങ്കടപ്പെടുന്നതിനു പകരം അവ പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തണം!'' ഈ വലിയ കാര്യം മുയലുണ്ണിക്ക് പറഞ്ഞു കൊടുത്തശേഷം അമ്മാവൻമൂങ്ങ ഇലപ്പുതപ്പും പുതച്ച് ഉറക്കം തുടർന്നു.
Content Highlights: A story about a rabbit lost in the rain., The importance of staying calm during a crisis.