''ഞാൻ വഞ്ചിയിൽ കയറിയതുമുതൽ തുഴയാൻ തുടങ്ങിയതാ. പക്ഷേ, ഇത് നീങ്ങുന്നില്ല'', കഥ വായിച്ചാലോ

#സന്തോഷ് വള്ളിക്കോട്

കേശവ് നന്നായി പഠിച്ച് വലിയ ബിരുദങ്ങൾ എടുത്തയാളാണ്. പക്ഷേ, ജോലിയൊന്നും കിട്ടിയില്ല. അച്ഛന്റേയും അമ്മയുടേയും ഒപ്പം വീട്ടിൽ തന്നെ ജീവിക്കാനാണിഷ്ടം. നാട്ടിലാവുമ്പോൾ കൂട്ടുകാരേയും കാണാം.

അങ്ങനെയിരിക്കെ കേശവ് ഒരു സന്ന്യാസിയെ കാണാനിടയായി. സംസാരത്തിനിടെ തനിക്ക് നല്ലജോലിയൊന്നും കിട്ടാത്തതിന്റെ സങ്കടം പങ്കുവച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ സന്ന്യാസി കേശവിനോട് ഒരു കഥപറഞ്ഞു.

'ഒരിടത്ത് ഒരു പുഴയ്ക്കക്കരെ ഒരു അമ്പലം ഉണ്ടായിരുന്നു. ഇക്കരെ ഗ്രാമത്തിൽ താമസിക്കുന്ന രണ്ട് യുവാക്കൾ ഒരുരാത്രി പുഴക്കരയിൽ എത്തി. അമ്പലത്തിലേക്ക് പോകാൻ രണ്ട് തോണി പുഴയിലുണ്ട്. ഒഴുകിപ്പോകാതിരിക്കാൻ അത് കയറുവച്ച് കെട്ടിയിട്ടുണ്ട്. ആദ്യമെത്തിയ യുവാവ് തോണിയിൽ കയറി അമ്പലം ലക്ഷ്യമാക്കി തുഴഞ്ഞു. പിന്നാലെ രണ്ടാമത്തെ ആളും രണ്ടാമത്തെ തോണിയിൽ കയറി തുഴഞ്ഞു.

നേരം വെളുക്കാറായപ്പോൾ ആദ്യം തോണിയിൽ കയറി തുഴഞ്ഞ യുവാവ് അമ്പലത്തിൽ നിന്ന് മടങ്ങിവരുന്നതാണ് രണ്ടാമൻ കണ്ടത്. ''ങേ, നീ അമ്പലത്തിൽ എത്തി മടങ്ങിവന്നോ? എങ്ങനെയുണ്ട് രാത്രിയിൽ അമ്പലംകാണാൻ.'' രണ്ടാമന്റെ ചോദ്യം കേട്ട് ഒന്നാമൻ പറഞ്ഞു: ''നല്ല ഭംഗിയുണ്ട്. അല്ലാ, നീ എന്താ വരാഞ്ഞത്?''

''ഞാൻ വഞ്ചിയിൽ കയറിയതുമുതൽ തുഴയാൻ തുടങ്ങിയതാ. പക്ഷേ, ഇത് നീങ്ങുന്നില്ല.'', രണ്ടാമൻ പറഞ്ഞു.

സന്ന്യാസി കഥ പറയുന്നതിനിടെ കേശവിനോട് ചോദിച്ചു: ''എന്തായിരിക്കും വഞ്ചി നീങ്ങാതിരുന്നത്?''

''അറിയില്ല. സ്വാമി പറയൂ!'', കേശവ് പറഞ്ഞു.

''അയാൾ വഞ്ചിയിൽ കെട്ടിയ കയർ അഴിക്കാതെയാണ് രാത്രിമുഴുവനും തുഴഞ്ഞുകൊണ്ടിരുന്നത്. ഇതുപോലെയാണ് നിന്റെ കാര്യവും. വീട്, മാതാപിതാക്കൾ, കൂട്ടുകാർ തുടങ്ങിയ കെട്ടുപാടുകളിൽ നിന്ന് മോചനം നേടിയിട്ടില്ലെങ്കിൽ ജീവിതത്തിൽ നമ്മളുദ്ദേശിച്ച സ്ഥലത്ത് എത്തില്ല. അധ്വാനം കൊണ്ട് മാത്രം ജീവിതത്തിൽ വിജയിക്കണമെന്നില്ല.'', സന്ന്യാസിയുടെ വാക്കുകൾ കേട്ടപ്പോൾ തന്റെ തെറ്റ് എന്താണെന്ന് കേശവിന് മനസ്സിലായി.

Content Highlights: Hard work alone is not enough for success.