തത്തകൾ സംസാരിക്കാൻ തുടങ്ങിയതെങ്ങനെയെന്നറിയണ്ടേ? ഒരു പുരാണകഥ ഇതാ...

മഹാഭാരതയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ആസമയം യുദ്ധഭൂമിക്ക് മുകളിലൂടെ ഗർഭിണിയായ ഒരു തത്ത പറന്നുപോയി. പെട്ടെന്ന് ഒരസ്ത്രം അതിന്റെ വയറ്റിനുള്ളിലേക്ക് തുളച്ചുകയറി. തത്തയുടെ മുറിഞ്ഞ വയറ്റിനുള്ളിൽനിന്ന് നാല് മുട്ടകൾ പുറത്തുചാടി.
അവ താഴെവീണെങ്കിലും പൊട്ടിയില്ല. കാരണം, പടയാളികളുടെ രക്തം വാർന്ന് നനഞ്ഞുകുഴഞ്ഞ മണ്ണിലാണ് ആ മുട്ടകൾ വീണത്.
പെട്ടെന്ന് പടക്കളത്തിലെ ഒരാനയുടെ കഴുത്തിൽ കെട്ടിയിരുന്ന മണി അഴിഞ്ഞ് താഴെ വീണു. തത്തയുടെ മുട്ടകളെ മൂടിക്കൊണ്ടാണ് അത് നിലത്തുവീണത്. അങ്ങനെ മണിയുടെ സുരക്ഷിതത്വത്തിൽ കേടുപാടുകൾ പറ്റാതെ മുട്ടകൾ ഏറെനാളിരുന്നു. ഒരുദിവസം ആ മുട്ടകൾ വിരിഞ്ഞു. യുദ്ധം അപ്പോഴും അവസാനിച്ചിരുന്നില്ല. മുട്ടപൊട്ടി പുറത്തുവന്ന തത്തക്കുഞ്ഞുങ്ങൾക്ക് ചുറ്റും നടക്കുന്ന യുദ്ധത്തിന്റെ ശബ്ദകോലാഹലങ്ങളും മരിച്ചുവീഴുന്ന ഭടന്മാരുടെ മനസ്സും കേൾക്കാൻ കഴിഞ്ഞിരുന്നു.
ഒടുവിൽ യുദ്ധം അവസാനിച്ചു. കുറച്ചുദിവസത്തിനുശേഷം യുദ്ധഭൂമി വൃത്തിയാക്കാനായി ചില ഋഷിമാർ അവിടെയെത്തി. അവർ താഴെ വീണുകിടക്കുന്ന മണി കണ്ടു. അത് പൊക്കിനോക്കിയപ്പോൾ മണിയുടെ അടിയിൽ സുരക്ഷിതരായിരിക്കുന്ന തത്തക്കുഞ്ഞുങ്ങളെയും അവർ കണ്ടു. യുദ്ധം കഴിഞ്ഞിട്ടും ഭാഗ്യംകൊണ്ട് ആയുസ്സ് നീട്ടിക്കിട്ടിയ തത്തക്കുഞ്ഞുങ്ങളെ കണ്ട് ഋഷിമാർ ആശ്ചര്യപ്പെട്ടു.
ഇത്രയും നാൾ യുദ്ധഭൂമിയിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കഴിഞ്ഞ തത്തക്കുഞ്ഞുങ്ങൾ മറ്റാരും കേൾക്കാത്ത പലകാര്യങ്ങളും കേട്ടിട്ടുണ്ടാകുമെന്ന് അവർക്കു മനസ്സിലായി. ഉടനെ ഋഷികൾ ആ തത്തക്കുഞ്ഞുങ്ങളെ ആശീർവദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''നിങ്ങൾക്ക് മനുഷ്യരുടെ ഭാഷ സംസാരിക്കാനുള്ള കഴിവ് നൽകുകയാണ്. യുദ്ധഭൂമിയിൽനിന്ന് നിങ്ങൾക്ക് ലഭിച്ച വിജ്ഞാനം ലോകത്തെല്ലാവരുമായി നിങ്ങൾ പങ്കുവെയ്ക്കുക.''
മഹാഭാരതം എഴുതിയ വ്യാസനുപോലും അറിയാത്ത കഥകൾ ആ നാല് തത്തക്കുഞ്ഞുങ്ങൾക്കറിയാമത്രേ. പിന്നീട് കാലങ്ങൾക്കുശേഷം ജൈമിനിമഹർഷി തത്തകൾ പറഞ്ഞ കഥകൾ കേട്ട് പകർത്തിയെഴുതി. ഇതാണ് ജൈമിനിമഹാഭാരതമെന്നപേരിൽ അറിയപ്പെടുന്നത്. മഹാഭാരതത്തിൽനിന്ന് തീർത്തും വ്യത്യസ്തമായ വിവരണമാണ് ഇതിലുള്ളത്. അങ്ങനെ തത്തകൾ പറഞ്ഞ കഥ ലോകം മുഴുവൻ അറിഞ്ഞു.
Content Highlights: Origin of Jaimini Mahabharata through the perspective of four parrots