മടിപിടിച്ചുറങ്ങിയ കൂട്ടുകാർ കുയിൽപ്പാട്ട് കേട്ടപ്പോൾ

കാട്ടിലെ കൂട്ടുകാരെല്ലാവരും മടിപിടിച്ച് ഉറങ്ങിയ ഒരു ഉച്ച നേരം. എവിടെ നിന്നോ ഒരു കുയിൽ കാട്ടിലെ അത്തി മരത്തിൽ വന്നിരുന്നു. മധുരമുള്ള ശബ്ദത്തിൽ അവൾ പാട്ടുതുടങ്ങി. മരക്കൊമ്പിൽ കുനികുടിയിരുന്ന മരംകൊത്തി മാമൻ അതുകേട്ട് താളം പിടിച്ചു. പാട്ടും താളവും കേട്ട് മയിലണ്ണൻ പീലിവിരിച്ച് ചാടിയിറങ്ങി നൃത്തം തുടങ്ങി. അതോടെ കാട്ടിലെ കൂട്ടർക്കെല്ലാം രസംപിടിച്ചു. മാനും മുയലും കുരങ്ങച്ചനും പക്ഷിക്കൂട്ടവും സിംഹവും കടുവയും വരെ ഉഷാറായി അത്തിമരത്തിന്റെ ചുവട്ടിലെത്തി. പാട്ടും നൃത്തവുമൊക്കെയായി ആ ദിവസം അവർ ആഘോഷത്തോടെ ചിലവഴിച്ചു. മടിയും മടുപ്പുമൊക്കെ മാറ്റി എപ്പോഴും സന്തോഷത്തോടെയിരിക്കാൻ നമുക്കു ചുറ്റും എത്രയെത്ര നല്ല കാര്യങ്ങളാണുള്ളത്, അല്ലേ?

Content Highlights: A lovely afternoon in the forest where a cuckoo sings a sweet song.