നക്ഷത്രത്തെ തൊട്ടേ...! ചന്തുക്കുട്ടന്റെ സ്വപ്നം യാഥാർത്ഥ്യമായി, കഥ വായിക്കാം

മിടുമിടുക്കനായ ചന്തുക്കുട്ടന് വലിയൊരു സങ്കടമുണ്ടായിരുന്നു. 'ആകാശത്ത് പൂത്തിരിപോലെ ചിതറിത്തെറിച്ച് കത്തിനിൽക്കുന്ന നക്ഷത്രങ്ങളെ ഒന്നു തൊടാൻപറ്റുന്നില്ല!' അതായിരുന്നു

അവന്റെ സങ്കടം.

''മാനത്തെ മിന്നാമിനുങ്ങുകളേ

മാനത്തു നിന്നൊന്നു വന്നിടാമോ

ചാരത്തു വന്നൊന്നിരുന്നിടാമോ

എന്നോടു കൂട്ടൊന്നു കൂടിടാമോ?''

ആകാശത്ത് ഇരുട്ട് നിറയുമ്പോൾ ചന്തു ആകാശത്തേക്ക് സങ്കടത്തോടെ നോക്കും. ''നക്ഷത്രക്കുട്ടന്മാരേ, ഒന്നു വന്ന് എന്നെയൊന്ന് തൊടൂ...'' അവൻ ആകാശത്തേക്ക് കൈകൾ ഉയർത്തും.

അങ്ങനൊരു ദിവസം അമ്മയ്ക്കൊപ്പം ചന്തു കടൽത്തീരത്ത് നടക്കാനിറങ്ങി. പെട്ടെന്ന് കടലിൽനിന്ന് കൊച്ചൊരു തിര പാഞ്ഞുവന്നു. തിരയ്ക്കൊപ്പം മറ്റെന്തോ ഒന്ന് ചന്തുവിന്റെ കാലിൽ

സ്പർശിച്ചു. അതാ ചന്തുവിന്റെ കാലിനു ചാരെ ഒരു കൊച്ചു നക്ഷത്രം.

അവൻ ആ നക്ഷത്രത്തെ കൈയിലെടുത്തു. ''അമ്മേ, ഞാൻ നക്ഷത്രത്തെ തൊട്ടേ!'' അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.

ചന്തുവിന്റെ കൈയിലിരുന്ന കൊച്ചുനക്ഷത്രത്തെ അമ്മ ഒന്നു നോക്കി. ''മോനേ ഇത് ആകാശത്തെ നക്ഷത്രമല്ല. കടലിലെ നക്ഷത്രമത്സ്യമാണ്!'', പക്ഷേ, ചന്തുവിന് ഒട്ടും സങ്കടം തോന്നിയില്ല. ''നക്ഷത്രത്തെ തൊട്ടില്ലെങ്കിലെന്താ കടൽ എന്റെ കൈക്കുമ്പിളിൽ ഒരു നക്ഷത്രമത്സ്യത്തെ തന്നില്ലേ. എനിക്കതു മതി!''

''തിര തന്ന താരകം കൈക്കുമ്പിളിൽ

ആകാശത്താരകം പുഞ്ചിരിച്ചു

ആകാശത്താരത്തെ തൊട്ടില്ലേലും

കടലിലെ നക്ഷത്രം കൂട്ടിനില്ലേ!''

കടൽ സമ്മാനിച്ച ആ കൊച്ചുചങ്ങാതിയെ അവൻ തിരികെ കടലിലേക്കുതന്നെ വിട്ടു. ''മലയോളം മോഹിച്ചാൽ കുന്നോളം കിട്ടും!'' അപ്പോൾ കരയെ തേടിവന്ന ഒരു തിര മെല്ലെ പറഞ്ഞു.

Content Highlights: A heartwarming narrative about a boy named Chandukuttan.