ഭൂഷന്തിയെ വിഴുങ്ങിയ ശ്രീരാമൻ; ഭൂഷന്തി ആരാണെന്നറിയണ്ടേ? ഒരു പുരാണ കഥ വായിച്ചാലോ

രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ സമയം. ശ്രീരാമൻ സീതയെ തേടി നാലുപാടും അലയുന്നത് മരത്തിന് മുകളിലിരുന്ന ഒരാൾ കണ്ടു! ആരാണെന്നോ? ഒരു കാക്ക! ഭൂഷന്തി എന്നായിരുന്നു ആ കാക്കയുടെ പേര്. ശ്രീരാമൻ വിഷ്ണുവിന്റെ അവതാരമാണെന്നും മനുഷ്യനായി ഭൂമിയിൽ പിറവിയെടുത്തതാണെന്നും ഭൂഷന്തി കേട്ടിരുന്നു. പക്ഷേ, അവന് ഈ കഥകളൊന്നും അത്രയ്ക്കങ്ങ് വിശ്വാസമായില്ല. 'ഈശ്വരൻ മനുഷ്യനായി പിറവിയെടുക്കുന്നത് എങ്ങനെയാണ്?പച്ചക്കള്ളം!', ഭൂഷന്തി കരുതി.
'ഏതായാലും ശ്രീരാമൻ വെറും മനുഷ്യനാണോ അതോ വിഷ്ണുവിന്റെ അവതാരമാണോ എന്നൊന്ന് പരീക്ഷിച്ചുനോക്കുകതന്നെ!', ഭൂഷന്തി തീരുമാനിച്ചു. രണ്ടും കല്പിച്ച് ഭൂഷന്തി ശ്രീരാമന്റെ അരികിലേക്ക് പറന്നു. എന്നിട്ട്, പല പരിഹാസവാക്കുകളും വിളിച്ചുകൂവാൻ തുടങ്ങി. ''നീ വെറും മനുഷ്യൻതന്നെ! മഹാവിഷ്ണുവിന്റെ അവതാരമായിരുന്നെങ്കിൽ, നിമിഷങ്ങൾക്കുള്ളിൽ സീതയെ രാവണന്റെ പിടിയിൽനിന്ന് മോചിപ്പിക്കാൻ നിനക്ക് കഴിഞ്ഞേനേ!'' രാമന്റെ തലയ്ക്ക് ചുറ്റും ചിറകിട്ടടിച്ചുപറന്ന് ഭൂഷന്തി അദ്ദേഹത്തെ ശല്യപ്പെടുത്തി.
ആദ്യം കുറച്ചുനേരം ശ്രീരാമൻ അത് കാര്യമാക്കിയില്ല. പക്ഷേ, ഒടുവിൽ ശല്യം സഹിക്കവയ്യാതായപ്പോൾ കാക്കയെ നിലയ്ക്കുനിർത്താൻതന്നെ രാമൻ തീരുമാനിച്ചു. തന്റെ വില്ലിൽ അമ്പ് തൊടുത്തുകൊണ്ട് രാമൻ ഭൂഷന്തിക്കുനേരെ ഉന്നം പിടിച്ചു. അതുകണ്ട ഭൂഷന്തിയൊന്ന് ഭയന്നു. രാമൻ വലിയ വില്ലാളിവീരനാണെന്ന കാര്യം ഭൂഷന്തിക്കറിയാം. അമ്പുകൊണ്ടാൽ തന്റെ കഥ കഴിഞ്ഞതുതന്നെ.
അവൻ രക്ഷയ്ക്കായി ആകാശത്തേക്ക് പറന്ന് മേഘങ്ങൾക്കിടയിൽ ഒളിച്ചു. നോക്കുമ്പോൾ രാമനതാ തൊട്ടുമുൻപിൽ! ഭൂഷന്തി ഭയന്നുവിറച്ചു. എങ്കിലും എങ്ങനെയും ജീവൻ രക്ഷിക്കണമെന്ന ചിന്തയിൽ മുകളിലേക്ക് മുകളിലേക്ക് കുതിച്ചുപറന്നു. പക്ഷേ, നോക്കുന്നിടത്തെല്ലാം ശ്രീരാമൻ വില്ലുകുലച്ച് നിൽക്കുകയാണ്!
ഒടുവിൽ ക്ഷീണിച്ചുതളർന്ന ഭൂഷന്തി താഴേക്ക് പറന്ന് കുറ്റിച്ചെടികൾക്കിടയിൽ ഒളിച്ചിരുന്നു. എന്നാൽ, രാമൻ അവിടെയുമെത്തി. ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ ഭൂഷന്തി രാമന്റെ കാൽക്കൽ വീണ് മാപ്പിരന്നു.
എന്നാൽ, ഒരദ്ഭുതം സംഭവിച്ചു! രാമൻ, ഭൂഷന്തിയെ കൈയിലെടുത്ത് അപ്പാടെ വിഴുങ്ങിക്കളഞ്ഞു! പേടിച്ചുവിറച്ച ഭൂഷന്തി രണ്ടുകണ്ണും ഇറുക്കി പ്രാർഥനയോടെ നിന്നു. കുറേനേരം കഴിഞ്ഞ് അവൻ പതിയെ കണ്ണ് തുറന്നുനോക്കി. രാമന്റെ വയറ്റിലെത്തിയ ഭൂഷന്തി കണ്ടതെന്തെന്നോ? ഭൂമിയും മരങ്ങളും ആകാശവും... സർവലോകവും അതാ, ശ്രീരാമന്റെ വയറിനുള്ളിൽ! അവിടെയതാ, ഒരു മരത്തിൽ തന്റെ പ്രിയപ്പെട്ട കൂട്! എല്ലാം മനസ്സിലാക്കിയ ഭൂഷന്തി തന്റെ കൂട്ടിൽച്ചെന്ന് രാമനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. പിന്നീട് ഭൂഷന്തി സ്വർഗലോകം പ്രാപിക്കുകയും ചെയ്തു.
Content Highlights: The story of Bhushundi the crow testing Lord Rama's divinity