'ചെറുതാണെന്ന് കരുതി എന്നെ അവഗണിക്കരുത്', വണ്ടിന്റെ പ്രതികാരം: ഈസോപ്പ് കഥ

രു ദിവസം ഒരു വണ്ട് തീറ്റ തേടി പുറത്തിറങ്ങിയതായിരുന്നു. അപ്പോഴാണ് ഒരു മുയൽ പേടിച്ച് ഓടിയെത്തിയത്.

''എന്നെ രക്ഷിക്കണേ. ഒരു പരുന്ത് എന്നെ പിടിക്കാൻ വരുന്നു,'' മുയൽ വണ്ടിനോട് അപേക്ഷിച്ചു.

വണ്ടിന് മുയലിനോട് കരുണ തോന്നി. ഉടൻതന്നെ അത് പരുന്തിന്റെ മുന്നിൽ ചെന്നുപറഞ്ഞു. ''ദയവായി ഈ പാവം മുയലിനെ ഉപദ്രവിക്കരുതേ. അതിനെ വിട്ടയക്കണം.''

പക്ഷേ, പരുന്ത് വണ്ടിന്റെ വാക്കുകൾ കേട്ടില്ല. ചെറിയൊരു ജീവി തന്നെ തടയാൻ വന്നത് പരുന്തിനൊട്ടും രസിച്ചില്ല. അത് താഴേക്ക് പാഞ്ഞിറങ്ങി മുയലിനെ പിടിച്ചുതിന്നു.

ഇതുകണ്ട വണ്ടിന് വലിയ കോപവും ദുഃഖവും തോന്നി. 'ചെറുതാണെന്ന് കരുതി എന്നെ അവഗണിച്ചല്ലോ. ഇതിന് ഞാൻ മറുപടി കൊടുക്കും,' വണ്ട് മനസ്സിൽ തീരുമാനിച്ചു.

അങ്ങനെ വണ്ട് വളരെയധികം പണിപ്പെട്ട് പരുന്തിന്റെ കൂട് കണ്ടെത്തി. പരുന്ത് മുട്ടയിടുമ്പോഴെല്ലാം വണ്ട് പതുക്കെ കൂട്ടിൽ കയറി മുട്ടകൾ പുറത്തേക്ക് ഉരുട്ടിയിട്ടു. നിലത്തുവീണ മുട്ടകൾ പൊട്ടിനശിച്ചു.

ഇങ്ങനെ പലതവണ സംഭവിച്ചപ്പോൾ പരുന്തിന് വിഷമം വന്നു. ഒടുവിൽ അത് ആകാശലോകത്ത് ചെന്ന് ജൂപിറ്റർ ദേവനോട് സഹായം ചോദിച്ചു.

''എന്റെ മുട്ടകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഒരു സ്ഥലം തരണമേ,'' പരുന്ത് ജൂപിറ്ററിനോട് അപേക്ഷിച്ചു.

ജൂപിറ്ററിന് കരുണ തോന്നി. ''നീ മുട്ടകൾ എന്റെ മടിയിൽ വയ്ക്കൂ. ഇവിടെ അവ സുരക്ഷിതമായിരിക്കും,'' അദ്ദേഹം പറഞ്ഞു.

പരുന്ത് സന്തോഷത്തോടെ മുട്ടകൾ ജൂപിറ്ററിന്റെ മടിയിൽവെച്ചു.

എന്നാൽ, അതീവ ബുദ്ധിമാനായ വണ്ട് പിന്മാറിയില്ല. അത് കുറച്ച് മണ്ണ് എടുത്ത് ഒരു ചെറിയ ഉരുളയുണ്ടാക്കി. പിന്നെ പറന്നുചെന്ന് ആ മണ്ണുരുള ജൂപിറ്ററിന്റെ മടിയിലേക്ക് ഇട്ടു.

മടിയിൽ മണ്ണ് വീണതും ജൂപിറ്റർ പെട്ടെന്നെഴുന്നേറ്റ് തന്റെ വസ്ത്രത്തിലെ മണ്ണ് തട്ടിക്കളയാൻ ശ്രമിച്ചു. മടിയിലെ മുട്ടകളെക്കുറിച്ച് അദ്ദേഹം ഓർത്തതുമില്ല. ജൂപിറ്റർ വസ്ത്രം കുടഞ്ഞതും മുട്ടകളെല്ലാം താഴെ് വീണ് പൊട്ടി.

അങ്ങനെ, ഇത്തിരിക്കുഞ്ഞനായ വണ്ടിന് തന്റെ അപമാനത്തിന് തക്ക മറുപടി നൽകാൻ കഴിഞ്ഞു.

Content Highlights: Size does not dictate one's ability to overcome challenges., Persistence and intelligence can defeat superior strength.