അമറൻ സിംഹത്തിന്റെ അഹങ്കാരം മാറിയ കഥ വായിച്ചാലോ?

മഹാഅഹങ്കാരിയായിരുന്നു അമറൻ സിംഹം. ഉറക്കമുണർന്നാൽ അമറൻ നീണ്ടു നിവർന്നുനിന്ന് ഉറക്കെ ഒന്ന് ഗർജിക്കും. തന്റെ തലയിലെയും കഴുത്തിലെയും നീളമുള്ള രോമങ്ങൾ വിറപ്പിച്ച് വലിയ പല്ലുകൾ കാട്ടി ഒന്നു മുരളും. എന്നിട്ട് തന്നോടുതന്നെ പറയും:
''ശക്തൻമാരിൽ ശക്തൻ ഞാൻ
ഞാനാണല്ലോ രാജാവും
എന്നെ വെല്ലാൻ ആരാലും
കഴിയില്ലല്ലോ കട്ടായം!''
പിന്നെയാണ് ഇരതേടിയുള്ള യാത്ര. ഒരുദിവസം അമറൻ വഴിയിൽ ഒരു കുരങ്ങനെ കണ്ടു. അവൻ ചോദിച്ചു: ''ആരാ കാട്ടിലെ രാജാവ്?''
ഭയന്നുവിറച്ച കുരങ്ങച്ചൻ പറഞ്ഞു; ''അങ്ങുതന്നെ!''
തനിക്ക് ആവശ്യമായ ഉത്തരം ലഭിച്ചപ്പോൾ അമറൻ കുരങ്ങച്ചനെ പോകാൻ അനുവദിച്ചു. പിന്നീട് അമറൻ കണ്ടുമുട്ടിയത് ഒരു വയസ്സൻ കുറുക്കനെയാണ്. അവൻ കുറുക്കനോട് ചോദിച്ചു: ''ആരാണ് കാട്ടിലെ രാജാവ്?'' ''കാട്ടിലെ രാജാവ് അങ്ങാണ്'', അമറൻ സിംഹത്തിന് തൃപ്തിയായി. പോകാൻ കുറുക്കനും അനുവാദം കിട്ടി. തലയുയർത്തി നടന്ന അമറന്റെ മുൻപിൽ ഒരു കൊമ്പനാന വന്നുനിന്നു. അവൻ ആനയോട് ചോദിച്ചു: ''ആരാണ് കാട്ടിലെ രാജാവ്?'' ചോദ്യം കേട്ട ഭാവമില്ലാതെ ആന നടക്കാൻ തുടങ്ങി.
''ഹും, നിൽക്ക്! ഞാൻ ചോദിച്ചത് കേട്ടില്ലേ?'', അവൻ ആനയെ തടഞ്ഞു. ആന ഒരു നിമിഷം നിന്നു. ആന മെല്ലെ അമറൻ സിംഹത്തിനടുത്തേക്ക് നടന്നെത്തി. എന്നിട്ട് തുമ്പിക്കൈ നീട്ടി അവനെ ചുറ്റിപ്പിടിച്ച് വട്ടംകറക്കി ദൂരേക്ക് വലിച്ചെറിഞ്ഞു. കൂർത്ത കല്ലുകളുള്ള ഒരു പാറയിലാണ് അവൻ ചെന്നുവീണത്. ''ഹെന്റമ്മേ നടുവൊടിഞ്ഞേ!'', അമറൻ നിലവിളിച്ചു. ഇതൊക്കെ കണ്ട് തൊട്ടടുത്ത മരത്തിൽ ഒരു അമ്മക്കിളിയും കുഞ്ഞിക്കിളികളും ഇരിപ്പുണ്ടായിരുന്നു. അമ്മക്കിളി പറഞ്ഞു: '' നടന്നതൊക്കെ കണ്ടില്ലേ? ഈ സംഭവത്തിൽനിന്നും എന്താണ് മനസ്സിലായത്?''
എത്ര വലിയവനായാലും ബലവാനായാലും തന്റെ അഹങ്കാരം ദുർബലന്റെ അടുത്തേ വിലപ്പോവൂ. തങ്ങളേക്കാൾ കഴിവും ശക്തിയുമുള്ളിടത്ത് അധികാരവും അഹങ്കാരവും കാണിക്കാൻ ശ്രമിച്ചാൽ ഇതായിരിക്കും ഫലം.
Content Highlights: The story of a prideful lion named Amaran., Interaction with forest animals regarding his supremacy.