ഗാർഗിയുടെ ബുദ്ധി എങ്ങനെ ദീപാവലി ആഘോഷത്തിന് കാരണമായി?

#സൂരജ് ഇന്ദു

ഹിമ എന്ന രാജാവിൻ്റെയും ഹിയ എന്ന രാജ്ഞിയുടെയും ഏകപുത്രനായിരുന്നു ‘ചിരാഗ്’ എന്ന രാജകുമാരൻ. അറിവിലും ആയുധവിദ്യയിലും ഒന്നാമനായി കൊട്ടാരത്തിൽ എല്ലാവരുടെയും കണ്ണിലുണ്ണിയായി സുന്ദരനായ ആ കുമാരൻ വളർന്നു വന്നു.
ചിരാഗ് മിടുക്കനായി വളരുമ്പോൾ ഒരു സ്വകാര്യ ദു:ഖം രാജാവിനെയും രാജ്ഞിയേയും അസ്വസ്ഥരാക്കി. കുമാരൻ്റെ ജാതകദോഷമായിരുന്നു അതിനു കാരണം. ‘കുമാരൻ വിവാഹിതനാവുകയാണെങ്കിൽ നാലാം ദിവസം പാമ്പുകടിയേറ്റ് മരിക്കും,’ എന്നായിരുന്നു ജാതകത്തിൽ കൊട്ടാരം ജോത്സ്യൻ കുറിച്ചിരുന്നത്.
മകനെക്കുറിച്ചുള്ള ചിന്തകൾ രാജാവിൻ്റെയും രാജ്ഞിയുടെയും ഉറക്കം കെടുത്താൻ തുടങ്ങിയപ്പോൾ അന്യദേശങ്ങളിലെ പ്രശസ്തരായ ജ്യോതിഷികളെ കൊട്ടാരത്തിലെത്തിക്കാൻ രാജാവ് ഉത്തരവിട്ടു. അങ്ങനെയാണ് ‘ആചാര്യ ദേവപ്രകാശ്’ എന്ന ജോത്സ്യൻ കൊട്ടാരത്തിലെത്തിയത്.
ചിരാഗിൻ്റെ ജാതകം പരിശോധിക്കുകയും പ്രശ്നം വെച്ചു നോക്കുകയും ചെയ്‌ത ശേഷം ദേവപ്രകാശ്ജി പറഞ്ഞു; “കുമാരൻ്റെ ജാതകത്തിൽ പറഞ്ഞിരിക്കുന്ന കാര്യം സത്യം തന്നെ. പക്ഷെ, ഒരു പ്രതിവിധിയുണ്ട്. ഭാഗ്യജാതകമുള്ള ബുദ്ധിമതിയായ പെൺകുട്ടിയെ വധുവായി കണ്ടെത്തിയാൽ ഒരു പക്ഷെ, അവളുടെ മിടുക്കു കൊണ്ട് വിധിയെ മാറ്റാൻ കഴിഞ്ഞേക്കും.’’
രാജ്യം മുഴുവൻ അങ്ങനെയൊരു പെൺകുട്ടിക്കായി അന്വേഷണം തുടങ്ങി. ഒടുവിൽ ഒരു ദരിദ്രകുടുംബത്തിൽ നിന്നും ‘ഗാർഗി’ എന്നു പേരുള്ള പെൺകുട്ടിയെ കണ്ടെത്തി. അതിസുന്ദരിയും ബുദ്ധിമതിയുമായിരുന്നു അവൾ. ചിരാഗിനും ഗാർഗിയെ ഇഷ്ടപ്പെട്ടു.
ചിരാഗ് രാജകുമാരൻ്റെ വിവാഹം അത്യാഡംബരപൂർവം നടന്നു. കുമാരൻ്റെ ജാതകദോഷത്തെക്കുറിച്ചുള്ള കാര്യങ്ങൾ വധുവിനെയും കുടുംബത്തെയും രാജാവും രാജ്ഞിയും നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് നാലാം ദിവസമായി. കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങാൻ ഗാർഗി, ചിരാഗിനെ അനുവദിച്ചില്ല. ‘ഏതു നിമിഷവും തൻ്റെ പ്രിയതമൻ്റെ ജീവനെടുക്കാനായി ഒരു വിഷസർപ്പം ഇഴഞ്ഞു വന്നേക്കാം’ എന്ന് ഗാർഗിക്കറിയാമായിരുന്നു.
പകൽ മുഴുവൻ ഒന്നും സംഭവിച്ചില്ല. സന്ധ്യയായപ്പോൾ ഗാർഗി കൊട്ടാരത്തിനു ചുറ്റും മൺചെരാതുകളിൽ നെയ്യൊഴിച്ച് ദീപങ്ങൾ തെളിയിച്ചു. പ്രധാന വാതിലിനു മുന്നിൽ സ്വർണാഭരണങ്ങൾ കൂട്ടിയിട്ട് അവയ്ക്ക് ചുറ്റിലും ദീപങ്ങൾ കത്തിച്ചു വെച്ചു.
തങ്ങളുടെ കിടപ്പറ വാതിലിനു മുന്നിൽ ഗാർഗി സ്വർണ നാണയങ്ങൾ കൂമ്പാരം കൂട്ടിയിട്ട് അവയ്ക്ക് ചുറ്റിലും പിന്നെയും ദീപങ്ങൾ തെളിയിച്ചു. എന്നിട്ട് അവൾ ഭർത്താവിനോട് പറഞ്ഞു; “ഇന്ന് രാത്രി നിങ്ങൾ കട്ടിലിൽ കിടക്കാനോ ഉറങ്ങാനോ പാടില്ല. ഈയൊരു രാത്രി ഉറങ്ങാതിരുന്നാൽ ജീവിതകാലം മുഴുവൻ നമുക്ക് സുഖമായുറങ്ങാം.’’
ചിരാഗ് ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ ഗാർഗി മനോഹരമായ ഒരു ഗാനം ആലപിക്കാൻ തുടങ്ങി. കുമാരൻ മാത്രമല്ല കൊട്ടാരത്തിലെ സകലരും ഉറക്കം വെടിഞ്ഞ് അവളുടെ സ്വരമാധുരിയിൽ ലയിച്ചു.
രാത്രി മരണത്തിൻ്റെ ദേവനായ യമൻ ഒരു സർപ്പത്തിൻ്റെ രൂപത്തിൽ ചിരാഗിൻ്റെ ജീവനെടുക്കാൻ കൊട്ടാരത്തിലേക്ക്‌ ഇഴഞ്ഞു വന്നു. കൊട്ടാരത്തിനു ചുറ്റും ദീപാവലി കണ്ട് സർപ്പം പകച്ചു. ദീപങ്ങളുടെ ശോഭയും ആ ശോഭ സ്വർണാഭരണങ്ങളിൽ തട്ടി പ്രതിഫലിച്ച വെളിച്ചവും കണ്ണിൽ തട്ടി സർപ്പത്തിൻ്റെ കണ്ണു മഞ്ഞളിച്ചു. ഗാർഗിയുടെ പാട്ടിൽ സർപ്പരൂപിയായ യമൻ മയങ്ങിപ്പോയി.
യമൻ ബോധത്തിലേക്കുണർന്നപ്പോഴേക്കും പാതിരാവ് കഴിഞ്ഞിരുന്നു. ഇനി പുതിയ ദിവസമാണ്. മരണ വിധി നടപ്പാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഗാർഗിയുടെ ബുദ്ധി സാമർത്ഥ്യത്തിനു മുന്നിൽ പരാജിതനായി യമൻ മടങ്ങി.
പിറ്റേന്ന് രാജ്യം മുഴുവൻ ഉത്സവമായിരുന്നു. മധുര പലഹാരങ്ങൾ കഴിച്ചും പടക്കം പൊട്ടിച്ചും ജനങ്ങൾ ആഘോഷം വർണാഭമാക്കി. പിന്നീട് എല്ലാ വർഷവും തങ്ങളുടെ വീടിനു ചുറ്റും ദീപങ്ങൾ തെളിയിച്ച് പ്രജകൾ ഗാർഗി ബുദ്ധികൊണ്ടു നേടിയ ഈ വിജയം ആഘോഷിച്ചു.

Content Highlights: a myth story about deepavali celebration